യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘ഡെഡ് എക്കണോമി’ പ്രയോഗത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ഇങ്ങനെയാക്കിയത് മോദി സര്‍ക്കാരാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. “അദ്ദേഹം പറഞ്ഞത് ശരിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനകാര്യമന്ത്രിക്കും ഒഴികെ എല്ലാവര്ക്കും ഇക്കാര്യമറിയാം.” പ്രസിഡന്റ് ട്രംപ് സത്യം പറഞ്ഞതിനെ താൻ പിന്തുണയ്ക്കുന്നുവെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
ലോകത്തിന് മുഴുവന്‍ അറിയാം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നിശ്ചലമാണെന്ന്. അദാനിയെ സഹായിക്കാന്‍ ബിജെപി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ നശിപ്പിച്ചു. അദാനിക്ക് വേണ്ടി മാത്രമാണ് പ്രധാനമന്ത്രി മോദി പ്രവര്‍ത്തിക്കുന്നത്.” ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാര്‍ നടപ്പാകുമെന്നും ട്രംപ് പറയുന്നതുപോലെ മോദി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ആരോപിച്ചു.
ഓപ്പറേഷന് സിന്ദൂറില്‍ വെടിനിര്‍ത്തലിന് ഇടപെട്ടുവെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനയോട് കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. വെടിനിര്‍ത്തലിനായി ഇടപെട്ടുവെന്ന് 30-32 തവണയാണ് ട്രംപ് അവകാശപ്പെട്ടത്. അഞ്ച് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന് വെടിവെച്ചിട്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയ്ക്ക് 25 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി മറുപടി നല്‍കാത്തത്? എന്താണ് ശരിക്കുള്ള കാരണം? രാഹുല്‍ ഗാന്ധി ചോദിച്ചു.