തെന്നിന്ത്യൻ മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി പ്രമുഖ തെലുങ്ക് സംവിധായകൻ പുരി ജഗന്നാഥ് ഒരുക്കുന്ന വമ്പൻ പാൻ-ഇന്ത്യൻ ചിത്രം ‘സ്ലം ഡോഗ്’ ടീസർ പുറത്തിറങ്ങി. ’33 ടെംപിൾ റോഡ്’ എന്ന കൗതുകമുണർത്തുന്ന ടാഗ്‌ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. മാസ് ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ഒന്നേകാൽ മിനിറ്റ് ദൈർഘ്യമുള്ള ടീസർ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിക്കഴിഞ്ഞു.
പുരി കണക്റ്റ്സിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും, ജെ.ബി. മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ജെ.ബി. നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയതാരം സംയുക്തയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ആവേശം കൊള്ളിക്കുന്ന ദൃശ്യങ്ങളാണ് ടീസറിലുള്ളത്. ഇതുവരെ കാണാത്ത തരത്തിലുള്ള കട്ട മാസ്, സ്റ്റൈലിഷ് ലുക്കിലാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്. ഒരു അന്ധ കഥാപാത്രത്തിന്റെ ഗെറ്റപ്പിലും അല്ലാതെയും താരം ടീസറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. യാചകരുടെ ജീവിത പശ്ചാത്തലവും അവരുടെ അതിജീവനവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നതെന്ന സൂചന ടീസറിലെ ഡയലോഗുകൾ നൽകുന്നു. ആക്ഷൻ, ഇമോഷൻ, കോമഡി, മ്യൂസിക് എന്നിവയെല്ലാം കോർത്തിണക്കി പുരി ജഗന്നാഥിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ‘സ്ലം ഡോഗ്’ ഒരുങ്ങുന്നത്.
ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ എത്തുന്നു. ഇതിൽ വിജയ് കുമാറാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സറീന വഹാബ്, ബ്രഹ്മാജി, വി.ടി.വി. ഗണേഷ് എന്നിവരും ചിത്രത്തിലുണ്ട്. ‘അർജുൻ റെഡ്ഡി’, ‘കബീർ സിംഗ്’, ‘അനിമൽ’ എന്നീ ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതമൊരുക്കിയ ദേശീയ അവാർഡ് ജേതാവ് ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നിലവിൽ ചിത്രത്തിന്റെ എല്ലാ ഭാഷകളിലുമുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. പാൻ-ഇന്ത്യൻ റിലീസായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം തിയേറ്ററുകളിൽ എത്തും.
