പിണറായിക്ക് കണക്കിന് കിട്ടി

എൽഡിഎഫ് വരും, എല്ലാം ശരിയാകും!” – പത്ത് വർഷം മുൻപ് കേരളത്തിലെ റേഡിയോയിലും ടിവിയിലും ചായക്കടയിലും ഒരുപോലെ മുഴങ്ങിക്കേട്ട ഈ വരികൾ ഇന്ന് കേൾക്കുമ്പോൾ മലയാളികൾക്ക് ചിരിയാണോ അതോ കരച്ചിലാണോ വരുന്നത് എന്ന് ചോദിച്ചാൽ, രണ്ടും വരുന്നുണ്ട് എന്നതാണ് സത്യം. അന്ന് നമ്മൾ കരുതിയത് ജനങ്ങളുടെ ജീവിതം ശരിയാകുമെന്നാണ്. പക്ഷേ, ഇപ്പോൾ നോക്കുമ്പോൾ എല്ലാം ശരിയായിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറയും അടിവേരും വരെ പിണറായി വിജയൻ എന്ന ക്യാപ്റ്റൻ ശരിയാക്കി എടുത്തിട്ടുണ്ട്!
“എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്?” എന്ന് ചോദിച്ചവർക്ക്, “നിങ്ങളല്ലാതെ മറ്റാരായാലും മതി” എന്ന് ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. രണ്ടരപ്പതിറ്റാണ്ട് കാലം പാർട്ടിയെ അടക്കിഭരിച്ച, ആരെയും കൂസാത്ത ആ ‘ഇരട്ടച്ചങ്കൻ’ പ്രതിച്ഛായ ഇന്ന് ഒരു കളിപ്പാട്ടം പോലെ തകർന്നു വീണിരിക്കുകയാണ്.
കടലിൽ കപ്പൽ നയിക്കുന്ന ക്യാപ്റ്റനെ കുറിച്ചല്ല നമ്മൾ പറയുന്നത്, സ്വന്തം പാർട്ടിയെ തന്നെ മുക്കിയ ക്യാപ്റ്റനെ കുറിച്ചാണ്. ‘കാരണഭൂതൻ’ എന്നും, ‘കാലം കാത്തുവെച്ച കർമ്മയോഗി’ എന്നും, പോരാത്തതിന് ‘ദൈവം കേരളത്തിന് നൽകിയ വരദാനം’ എന്നും സ്തുതിപാഠകർ പാടിപ്പുകഴ്ത്തിയപ്പോൾ പിണറായി വിജയൻ എന്ന വ്യക്തി പാർട്ടിക്കും മുകളിലാണെന്ന് അദ്ദേഹം സ്വയം വിശ്വസിച്ചു പോയി. പക്ഷേ പാർട്ടി അണികൾ ഇന്ന് നേതൃത്വത്തെ ഓർമ്മിപ്പിക്കുകയാണ്: “ക്യാപ്റ്റനല്ല, പ്രത്യയശാസ്ത്രമാണ് വലുതെന്ന്.”
കഴിഞ്ഞ പത്ത് വർഷമായി കേരളം കണ്ടത് രാഷ്ട്രീയമല്ല, മറിച്ച് കേവലം ‘പിആർ വർക്ക്’ മാത്രമാണ്. കോടികൾ പൊടിച്ച് പരസ്യം നൽകിയാൽ ഭരണം തുടരാമെന്നും, പിണറായിസത്തിന് മുന്നിൽ ജനങ്ങൾ തലകുനിക്കുമെന്നും കരുതിയവർക്ക് തെറ്റി. തിരുവാതിര കളിച്ചും ഡോക്യുമെന്ററി എടുത്തും നേതാവിനെ വാഴ്ത്തിപ്പാടിയവർ ഇപ്പോൾ എവിടെയാണോ എന്തോ?
ഭരണത്തിലെ ധാർഷ്ട്യം നോക്കൂ… ജനകീയ പ്രശ്നങ്ങളെ കുറിച്ച് ചോദ്യങ്ങൾ ഉയരുമ്പോൾ “കടക്ക് പുറത്ത്” എന്നും “വീട്ടിൽ പോയി ചോദിക്കൂ” എന്നും ആക്രോശിക്കുന്ന ഒരു മുഖ്യമന്ത്രി. ഈ അഹങ്കാരത്തിനുള്ള കനത്ത പ്രഹരമാണ് ജനങ്ങൾ നൽകിയത്. സ്വന്തം പാർട്ടിയിലെ കരുത്തരായ നേതാക്കളെ വെട്ടിനിരത്തിയും ഒതുക്കിയും പിണറായി തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തു. പി. ജയരാജൻ, ജി. സുധാകരൻ, തോമസ് ഐസക്, കെ.കെ. ശൈലജ ടീച്ചർ… ഇങ്ങനെ ജനകീയ അടിത്തറയുള്ളവരെയൊക്കെ മാറ്റിനിർത്തി, മുഖ്യമന്ത്രിയുടെ മരുമകനും സ്തുതിപാഠകർക്കും വേണ്ടി പരവതാനി വിരിച്ചപ്പോൾ തന്നെ ഈ പതനം ഉറപ്പായതായിരുന്നു.
പണ്ട് വിഎസ് അച്യുതാനന്ദൻ ഉണ്ടായിരുന്നപ്പോൾ പാർട്ടിയിൽ ഒരു തിരുത്തൽ ശക്തിയെങ്കിലും ഉണ്ടായിരുന്നു. ഇന്നിപ്പോൾ ചുറ്റും നിൽക്കുന്നത് ‘വിനീത വിധേയന്മാർ’ മാത്രമാണ്. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനാകട്ടെ, പരാജയങ്ങളുടെ ഒരു കലണ്ടർ തന്നെ കീശയിൽ വെച്ചാണ് നടക്കുന്നത്. സ്വന്തം ഭാര്യയെ സ്ഥാനാർത്ഥിയാക്കാനും ഇഷ്ടക്കാർക്ക് ടേം നിബന്ധനകൾ മാറ്റിക്കൊടുക്കാനും കാണിച്ച ആവേശം പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ഗോവിന്ദൻ മാസ്റ്റർ കാണിച്ചില്ല. ഫലം, ബംഗാളിലും ത്രിപുരയിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സംഭവിച്ച അതേ പതനം കേരളത്തിലും ദൃശ്യമായി തുടങ്ങിയിരിക്കുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്ന പി. ശശിക്കും കെ.കെ. രാഗേഷിനുമെതിരെ അണികൾക്കിടയിൽ പുകയുന്ന പ്രതിഷേധം ചെറുതല്ല. പോലീസിനെ കയറൂരി വിട്ടതും, ജനങ്ങളെ വെല്ലുവിളിക്കുന്ന ഭരണശൈലിയും പാർട്ടിക്കോട്ടകളെ പോലും തകർത്തു കളഞ്ഞു. ഇതിനിടയിലാണ് കണ്ണൂരിൽ നിന്ന് വീണ്ടും ‘പിജെ’ തരംഗം ഉയരുന്നത്. “വിജയപരാജയങ്ങൾ വ്യക്തിയുടെ മഹിമയല്ല” എന്ന് ജയരാജൻ പറയുമ്പോൾ അത് ക്യാപ്റ്റന്റെ നെഞ്ചത്തേക്കുള്ള നേരിട്ടുള്ള അമ്പാണ്. ‘ചെന്താരകം’ ഉദിക്കണമെന്നും പാർട്ടി തിരുത്തണമെന്നും അണികൾ മുറവിളി കൂട്ടുന്നത് പിണറായിസത്തിന്റെ അന്ത്യം കുറിക്കാനാണ്.നമ്മൾ ക്യാപ്റ്റനെ കുറിച്ച് മാത്രം പറഞ്ഞാൽ മതിയോ? കൂടെയുള്ള ആ ‘ടീം ഇലവൻ’ കൂടി വേണ്ടേ? കപ്പൽ മുങ്ങാൻ ക്യാപ്റ്റൻ മാത്രം വിചാരിച്ചാൽ പോരല്ലോ, കൂടെയുള്ളവർ കൂടി കിണഞ്ഞു പരിശ്രമിക്കണം. ആ കാര്യത്തിൽ നമ്മുടെ ഓരോ മന്ത്രിമാരും കാണിച്ച ആവേശം ഒന്ന് കാണേണ്ടത് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *