ബിജു മേനോൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ഫാമിലി എന്റർടെയ്നർ ചിത്രം ‘അവറാച്ചൻ ആൻഡ് സൺസി’ന്റെ പുതിയ ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ശ്രീനാഥ് അവതരിപ്പിക്കുന്ന ‘ജേയ്സൺ’ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പ്രേക്ഷകർക്ക് കുടുംബത്തോടൊപ്പം തിയേറ്ററുകളിൽ ആഘോഷമാക്കാൻ സാധിക്കുന്ന ഒരു കംപ്ലീറ്റ് ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 2-ന് ചിത്രം തിയറ്ററുകളിൽ എത്തും.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ഈ ചിത്രം നവാഗതനായ തമ്പിയാണ് സംവിധാനം ചെയ്യുന്നത്. റിലീസായ ചിത്രത്തിന്റെ ടീസറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. നർമ്മ മുഹൂർത്തങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ബിജു മേനോന് പുറമെ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ജസ്റ്റിൻ സ്റ്റീഫൻ സഹനിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ് എന്നിവരാണ്. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. സനൽ ദേവാണ് സംഗീത സംവിധാനം.
