ഇന്ത്യ പട്ടിണിയിലേക്ക് നീങ്ങുന്നോ?

ഇന്നത്തെ ഇന്ത്യൻ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ രംഗങ്ങളിലും പ്രധാന ചർച്ച രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ചാണ്. ഭരിക്കുന്ന പാർട്ടിയായ ബിജെപിയുടെ ഉള്ളിലെ ബുദ്ധിജീവികളും മാധ്യമങ്ങളും പോലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളരെ മോശമായ അവസ്ഥയിലാണെന്നും അതൊരു വലിയ ദുരന്തത്തിലേക്ക് നീങ്ങുകയാണെന്നും ഇപ്പോൾ പരസ്യമായി സമ്മതിക്കുന്നു. കാലാകാലങ്ങളായി മുഖ്യധാരാ മാധ്യമങ്ങൾ (ഗോതി മീഡിയ) ഒളിച്ചുവെക്കാൻ ശ്രമിച്ച യാഥാർത്ഥ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. രാജ്യത്ത് നടക്കേണ്ട യഥാർത്ഥ ചർച്ചകൾ സാമ്പത്തിക വികസനത്തെക്കുറിച്ചും ജനങ്ങളുടെ ജീവിത നിലവാരത്തെക്കുറിച്ചുമായിരിക്കണം. എന്നാൽ അതിനെയെല്ലാം മാറ്റിനിർത്തി, കൊലപാതകങ്ങളുടെ മസാല വാർത്തകളും ,ബീഫ് വിവാദങ്ങളും ഉണ്ടാക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. എന്നാൽ ഇത്തരം അനാവശ്യ ചർച്ചകൾ മാറി X പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഡിബേറ്റുകൾ ശക്തമായിക്കഴിഞ്ഞു.

   ​നരേന്ദ്ര മോദിയുടെ മുൻ സാമ്പത്തിക ഉപദേശകനും പ്രമുഖ എക്കണോമിസ്റ്റുമായ സുർജിത് ബല്ല 'ഇന്ത്യൻ എക്സ്പ്രസ്സ്' പത്രത്തിൽ എഴുതിയ ലേഖനം ഇതിന് വലിയൊരു തെളിവാണ്. മോദിക്ക് ഇലക്ഷൻ വിജയിക്കാൻ അറിയാം, എന്നാൽ എക്കോണമിയെ പറ്റി ഒരു കുന്തവും അറിയത്തില്ലെന്നാണ് അദ്ദേഹം തുറന്നടിക്കുന്നത്. ഇലക്ഷൻ ജയിക്കാൻ ഹിന്ദുത്വ രാഷ്ട്രീയം പറയുക, ജനങ്ങളെ തമ്മിലടിപ്പിക്കുക, മുസ്ലീങ്ങളെ ഒതുക്കുക, അമ്പലം പോലുള്ള വൈകാരിക വിഷയങ്ങൾ ചർച്ചയാക്കുക എന്നിവ ഭരണാധികാരികൾക്ക് എളുപ്പമാണ്. പക്ഷേ, ഇന്ത്യയിലെ ജനങ്ങൾ ജീവിക്കുന്നത് ഇത്തരം വിഷയങ്ങൾ കൊണ്ടല്ല; സമ്പദ്‌വ്യവസ്ഥ ശക്തമായാലേ രാജ്യം മുന്നോട്ട് പോകൂ. മോദി ഗവൺമെന്റ് ഏതൊക്കെ മേഖലകളിലാണ് പരാജയപ്പെട്ടതെന്ന് കൃത്യമായ ഡേറ്റ വെച്ചാണ് സുർജിത് ബല്ല വ്യക്തമാക്കുന്നത്. ലോകത്തെ വലിയ സാമ്പത്തിക ശക്തിയെന്ന അവകാശവാദം കേവലം ചില ഇൻഡെക്സുകൾ വെച്ചുള്ള തള്ളലുകൾ മാത്രമാണ്. പ്രതിശീർഷ വരുമാനത്തിൽ നമ്മൾ ബംഗ്ലാദേശിന് പോലും പുറകിലാണ്. ഈ പോക്ക് തുടർന്നാൽ 2028 ആകുമ്പോഴേക്കും ഗ്ലോബൽ എക്കോണമിയിൽ നമ്മൾ പതിനൊന്നോ പന്ത്രണ്ടോ സ്ഥാനത്തോട്ട് പിന്തള്ളപ്പെടും. അതായത് 2011-ലോ 2014-ലോ രാജ്യം ഏത് അവസ്ഥയിലായിരുന്നോ, അതിലും താഴേക്ക് വീണ്ടും പോവുകയാണ്.

     ​ഇൻഫോസിസിന്റെ മുൻ ഫൗണ്ടറും ബിജെപിയുടെ സ്കിൽ ഡെവലപ്‌മെന്റ് ചീഫ് അഡ്വൈസറുമായിരുന്ന മോഹൻദാസ് പൈയും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഈ തകർച്ചയ്ക്ക് കാരണം അന്താരാഷ്ട്ര പ്രതിസന്ധികളാണെന്ന് സർക്കാർ വരുത്തിത്തീർക്കുന്നുണ്ടെങ്കിലും യഥാർത്ഥ പ്രശ്നം അതല്ല. കഴിഞ്ഞ ഒന്നര രണ്ട് വർഷമായി ഇന്ത്യയിൽ ഈ പ്രതിസന്ധി തുടങ്ങിയിട്ട്. ഗവൺമെന്റ് യാഥാർത്ഥ്യങ്ങൾ മൂടിവെച്ച് കള്ളങ്ങൾ മാത്രം പറയുകയാണ്. മോഹൻദാസ് പൈ ചോദിക്കുന്ന ചോദ്യം, ക്രൂഡ് ഓയിലിന് വില കുറഞ്ഞ സമയത്ത് സെൻട്രൽ ഗവൺമെന്റ് ഓയിൽ ബോണ്ട് വഴി 30 ലക്ഷം കോടിയും, സ്റ്റേറ്റുകൾ 20 ലക്ഷം കോടിയും ടാക്സ് ഇനത്തിൽ പിരിച്ചെടുത്തു; ഈ 50 ലക്ഷം കോടി രൂപ എവിടെപ്പോയി എന്നാണ്. സാധാരണക്കാരനിൽ നിന്ന് ഉയർന്ന ചാർജ് ഈടാക്കി പിരിച്ചെടുത്ത പണം എവിടെയാണ് ഇൻവെസ്റ്റ് ചെയ്തത്? ജനങ്ങൾക്ക് സൗജന്യങ്ങൾ ) നൽകാനാണ് ഇത് ചിലവഴിച്ചതെന്നാണ് ഗവൺമെന്റ് പറയുന്നത്. ഇത്തരത്തിലുള്ള സൗജന്യങ്ങൾ സമ്പദ്‌വ്യവസ്ഥയുടെ ശാപമാണ്. ഇലക്ഷൻ ജയിക്കാൻ വേണ്ടിയുള്ള ഈ അശാസ്ത്രീയ ചിലവഴിക്കലുകളുടെ ദുരന്തഫലമാണ് ഇന്ന് ജനങ്ങൾ അനുഭവിക്കുന്നത്.
  ​അടുത്ത വലിയ പ്രതിസന്ധി വ്യോമയാന മേഖലയിലാണ്. ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ എയർലൈൻ ഓപ്പറേഷൻസ് നടക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. എന്നാൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇൻഡിഗോ തുടങ്ങിയ എയർലൈനുകളെല്ലാം തങ്ങളുടെ സർവീസുകൾ 50 ശതമാനത്തോളം കുറച്ചിരിക്കുകയാണ്. ഇന്ധനവില വർദ്ധനവാണ് കാരണമായി പറയുന്നതെങ്കിലും യഥാർത്ഥ പ്രശ്നം വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആളുകളില്ല എന്നതാണ്. ആളുകളുടെ കൈയിൽ പണമില്ലാത്തതിനാൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. ഒരു ബജറ്റ് എയർലൈൻ ലാഭകരമാകാൻ കുറഞ്ഞത് 65-70 ശതമാനം ആളുകൾ വേണം, അതില്ലെങ്കിൽ കമ്പനികൾ നഷ്ടത്തിലാകും. ഈ പ്രതിസന്ധി തുടർന്നാൽ 2028-ൽ ഇന്ന് കാണുന്ന എയർലൈനുകളുടെ വെറും 10 ശതമാനം മാത്രമേ ബാക്കിയുണ്ടാകൂ. പണപ്പെരുപ്പം കാരണം പണത്തിന്റെ മൂല്യം ഇടിയുകയാണ്. ഇന്ന് നമ്മൾ 12 ഉം,15 ഉം രൂപയ്ക്ക് കുടിക്കുന്ന ഒരു സാധാരണ ചായയുടെ വില വരും വർഷങ്ങളിൽ 50 മുത100 രൂപ വരെയായി ഉയർന്നേക്കാം. കറൻസിയുടെ വാല്യൂ ഇടിയുന്നത് രാജ്യത്തെ വലിയൊരു സാമ്പത്തിക അരാജകത്വത്തിലേക്ക് നയിക്കും.

​ മോദിക്ക് വലിയ സാമ്പത്തിക ശാസ്ത്ര അറിവുകൾ ഉണ്ടെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്, എന്നാൽ അദ്ദേഹത്തിന് ഇതിനെക്കുറിച്ച് ഒന്നും അറിയത്തില്ല. ഇന്ത്യയുടെ നട്ടെല്ലൊടിച്ച നോട്ടുനിരോധനം , പൂനൈയിലുള്ള അനിൽ ബോക്കലി എന്ന പശു ശാസ്ത്രജ്ഞന്റെ ഉപദേശപ്രകാരമാണ് മോദി നടപ്പിലാക്കിയത്. അദ്ദേഹത്തിന് എക്കോണമിയെ പറ്റി യാതൊരുവിധ ശാസ്ത്രീയ അറിവുമില്ലായിരുന്നു. 2013-ൽ മോദി മുഖ്യമന്ത്രിയായിരുന്ന സമയത്ത് കറൻസികൾ ബാൻ ചെയ്യാൻ ഇദ്ദേഹം ഉപദേശിക്കുകയായിരുന്നു. വിവരമില്ലാത്ത ഇത്തരം ആളുകളുടെ ഉപദേശം കേട്ട് നടപ്പിലാക്കിയ നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പത്തിക ഘടനയെ പൂർണ്ണമായി തകർത്തു കളഞ്ഞു. ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ അശാസ്ത്രീയ ചികിത്സകൾക്ക് അനുമതി നൽകിയത് വഴി ആരോഗ്യ മേഖലയിലും വലിയ പ്രശ്നങ്ങൾ ഉണ്ടായി. പ്രധാനമന്ത്രിക്ക് കാര്യങ്ങൾ ആഴത്തിൽ പഠിക്കാനോ സാമ്പത്തിക ശാസ്ത്രം മനസ്സിലാക്കാനോ സാധിക്കുന്നില്ല. മുൻപ് സ്റ്റോക്ക് മാർക്കറ്റ് ബ്രോക്കറായിരുന്ന അമിത് ഷായ്ക്ക് ഇതിനെക്കുറിച്ച് കുറച്ചുകൂടി വിവരമുണ്ട്. സമ്പദ്‌വ്യവസ്ഥയിൽ പ്രതിസന്ധി ഉണ്ടായാൽ അതിനെ റിപ്പയർ ചെയ്യാൻ കഠിനമായ സാമ്പത്തിക പരിഷ്കാരങ്ങൾ ആവശ്യമാണ്, അതിന് സർക്കാർ തയ്യാറാകണം.

​ ഇന്ന് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് തായ്‌വാന്റെ പോലും പുറകിലാണ്. നമ്മൾ വീണ്ടും പഴയ 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാൻ പോവുകയാണ്. ഇത്രയും കാലം രാജ്യം കേട്ടത് കേവലം തള്ളുകൾ മാത്രമായിരുന്നു. മോദി അധികാരത്തിൽ വന്ന ആദ്യ സമയങ്ങളിൽ അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലക്കുറവും അമേരിക്കയുമായുള്ള നല്ല ബന്ധവും കാരണം വലിയ സാമ്പത്തിക വളർച്ച ഉണ്ടായിരുന്നു. വിദേശ കമ്പനികൾ ഇന്ത്യയിലോട്ട് വലിയ തോതിൽ ഇൻവെസ്റ്റ് ചെയ്തു. ആ അനുകൂല സാഹചര്യത്തെയാണ് ഈ ഭരണം തകർത്തത്. മിടുക്കന്മാരായ സാമ്പത്തിക ശാസ്ത്രജ്ഞന്മാരെ വിളിച്ച് വരുത്തി ആവശ്യമായ സാമ്പത്തിക സർജറി നടത്താൻ പ്രധാനമന്ത്രിക്കാകുന്നില്ല. അദ്ദേഹം കേവലം പി.ആർ വർക്കുകളിലൂടെ ഇമേജ് ഉണ്ടാക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. ടെലിപ്രോംപ്റ്റർ നോക്കാതെ ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചോ ലക്ഷ്യങ്ങളെക്കുറിച്ചോ ഉള്ള ഒരു മികച്ച പ്രസംഗം പോലും നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ആരെങ്കിലും എഴുതിക്കൊടുക്കുന്ന സാധനങ്ങൾ ന്യൂസ് റീഡറെപ്പോലെ വായിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്.
​മുൻപ് ട്രമ്പിനെ കാണാൻ പോയ സമയത്ത് മോദി അവകാശപ്പെട്ടത് ഇന്ത്യയെ അഞ്ചാം സ്ഥാനത്ത് എത്തിച്ചു എന്നാണ്. എന്നാൽ ഇന്ന് ഇന്ത്യൻ ബിസിനസ്സുകാർ പോലും നികുതി ഭീകരത കാരണം ഇവിടെ ഇൻവെസ്റ്റ് ചെയ്യാതെ തങ്ങളുടെ പണം വിയറ്റ്നാം പോലുള്ള രാജ്യങ്ങളിലേക്ക് മാറ്റുകയാണ്. ഏകദേശം 30 ലക്ഷം കോടി രൂപയുടെ ടാക്സ് തർക്ക കേസുകളാണ് കോടതികളിൽ കെട്ടിക്കിടക്കുന്നത്. ഒരു വിദേശി ഇന്ത്യയിൽ ഇൻവെസ്റ്റ് ചെയ്താൽ, തർക്കമുണ്ടായാൽ പണം തിരികെ കൊണ്ടുപോകാൻ അഞ്ച് വർഷത്തോളം കേസ് നടത്തേണ്ടി വരും. ഇത്തരമൊരു നിയമവ്യവസ്ഥയുള്ള രാജ്യത്തേക്ക് ആരെങ്കിലും ഇൻവെസ്റ്റ് ചെയ്യാൻ വരുമോ? ഗുജറാത്ത് മോഡൽ വികസനത്തെക്കുറിച്ച് വലിയ തള്ളലുകൾ നടക്കുന്നുണ്ടെങ്കിലും ഗുജറാത്തികൾ പണ്ടുമുതലേ ബിസിനസ്സ് പാരമ്പര്യമുള്ളവരാണ്. അവിടെ മുഖ്യമന്ത്രിക്ക് വലിയ ഇന്നോവേഷനുകളൊന്നും ചെയ്യാനില്ലായിരുന്നു. ഗുജറാത്തിലെ എജ്യുക്കേഷൻ സിസ്റ്റം മാറ്റാനോ വികസനം കൊണ്ടുവരാനോ കഴിഞ്ഞിട്ടില്ല, പല നഗരങ്ങളും ഇപ്പോഴും വൃത്തിഹീനമാണ്. ഗുജറാത്ത് കലാപത്തിന്റെ പേരിൽ ഉയർന്നുവന്ന ഒരു രാഷ്ട്രീയ ബിംബം മാത്രമാണ് മോദി. 2028 ആകുമ്പോഴേക്കും ഇന്ത്യയുടെ എക്കോണമി പൂർണ്ണമായി തകർന്നുപോകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സമർത്ഥരായ എക്കണോമിസ്റ്റുകളെ മാറ്റിനിർത്തി ലാടവൈദ്യന്മാരെയാണ് സർക്കാർ കൂടെ നിർത്തിയിരിക്കുന്നത്. അമേരിക്കൻ ഇൻവെസ്റ്റേഴ്സ് വരാതെ ഇന്ത്യയിലെ സാമ്പത്തിക രംഗം മെച്ചപ്പെടില്ല. എച്ച് വൺ ബി വിസ പ്രതിസന്ധി മൂലം കഴിഞ്ഞ കുറച്ചു ആഴ്ചകൾക്കുള്ളിൽ 60,000-ത്തോളം ഇന്ത്യക്കാരുടെ ജോലിയാണ് അമേരിക്കയിൽ നഷ്ടപ്പെട്ടത്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്കുണ്ടായിരുന്ന വിശ്വാസ്യത കേവലം വർഗീയ രാഷ്ട്രീയത്തിന് വേണ്ടി ഈ ഭരണാധികാരികൾ നശിപ്പിച്ചു കളഞ്ഞു. ഇതിന്റെ വലിയ വിലയാണ് ഇന്ന് രാജ്യം കൊടുക്കുന്നത്, പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും രാജ്യം നീങ്ങുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ കണ്ടതുടങ്ങുന്നത്.
ചുരുക്കത്തിൽ, കേവലം പി.ആർ. സ്റ്റണ്ടുകൾ കൊണ്ടോ ,വൈകാരികമായ വർഗീയ അജണ്ടകൾ കൊണ്ടോ ഒരു രാജ്യത്തെ ജനങ്ങളുടെ വയറു നിറയ്ക്കാനാവില്ല എന്ന യാഥാർത്ഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. കൃത്യമായ കാഴ്ചപ്പാടില്ലാത്ത സാമ്പത്തിക നയങ്ങളും അശാസ്ത്രീയമായ തീരുമാനങ്ങളും ഇന്ന് ഇന്ത്യയെ എത്തിച്ചിരിക്കുന്നത് വലിയൊരു അപകടമുഖത്താണ്. അന്താരാഷ്ട്ര തലത്തിൽ രാജ്യം കെട്ടിപ്പടുത്ത വിശ്വാസ്യതയും സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രതയും തിരിച്ചുപിടിക്കണമെങ്കിൽ പൊള്ളയായ തള്ളലുകൾ അവസാനിപ്പിച്ചേ മതിയാകൂ. കോർപ്പറേറ്റ് പ്രീണനവും, നികുതി ഭീകരതയും അവസാനിപ്പിച്ച്, മിടുക്കരായ സാമ്പത്തിക വിദഗ്ദ്ധരുടെ സേവനം പ്രയോജനപ്പെടുത്തി അടിയന്തരമായ തിരുത്തലുകൾ വരുത്താൻ ഭരണകൂടം തയ്യാറാകണം. അതിന് കഴിഞ്ഞില്ലെങ്കിൽ, വരാനിരിക്കുന്ന വലിയൊരു സാമ്പത്തിക ദുരന്തത്തിന്റെ ഇരകളാകേണ്ടി വരുന്നത് ഇവിടുത്തെ പാവപ്പെട്ട ജനങ്ങളായിരിക്കും ,

Leave a Reply

Your email address will not be published. Required fields are marked *