യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി എംഎൽഎമാരും പങ്കെടുക്കും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ ഫോണിൽ വിളിച്ച് ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷനും നിയുക്ത എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിലൂടെ അറിയിച്ചു. ക്ഷണിച്ചതിന് നിയുക്ത മുഖ്യമന്ത്രിക്ക് നന്ദിയും ആശംസകളും അറിയിച്ചതായും, മെയ് 18-ന് നടക്കുന്ന ചടങ്ങിൽ തനിക്കൊപ്പം ബിജെപി/എൻഡിഎ മുന്നണിയിലെ മറ്റ് സഹ എംഎൽഎമാരും സഹപ്രവർത്തകരും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പുതിയ ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ അതിവേഗം പൂർത്തിയായി വരികയാണ്. പതിനായിരത്തോളം പേർക്ക് ഇരിക്കാനാകുന്ന വമ്പൻ പന്തലാണ് സ്റ്റേഡിയത്തിൽ ഒരുക്കുന്നത്. ഏകദേശം ഒരു ലക്ഷത്തോളം പേർ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. വൻ ജനത്തിരക്ക് കണക്കിലെടുത്ത് പൊതുജനങ്ങൾക്കുള്ള പ്രവേശനം പാസ് മുഖേന കർശനമായി നിയന്ത്രിക്കും.
