കേരളത്തിലും ബെംഗളൂരുവിലുമായി പോറ്റിക്ക് 30 കോടിയുടെ ഭൂസ്വത്ത്.

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി മുന്‍ കരാറുകാരനെ ഇടനിലക്കാരനാക്കി തിരുവനന്തപുരം, കഴക്കൂട്ടം, മലയന്‍കീഴ് മേഖലയിലും ബെംഗളൂരുവിലും വന്‍ ഭൂസ്വത്ത് സ്വന്തമാക്കിയതായി എസ്‌ഐടി. ഉദ്ദേശ്യം 30 കോടിയില്‍ അധികം രൂപയുടെ വസ്തുവകളാണ് 2020-ന് ശേഷം പോറ്റി സ്വന്തമാക്കിയത്. കേരളത്തിലെ സ്വത്തുക്കള്‍ സഹോദരി അടക്കമുള്ളവരുടെ ബിനാമി പേരുകളിലാണ്. ബെംഗളൂരുവില്‍ ഭാര്യയുടെ പേരിലും രമേഷ് റാവുവിന്റെ പേരിലുമാണ് സ്വത്തുള്ളത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് പോറ്റി തന്നെയാണ് മൊഴി നല്‍കിയത്. കഴക്കൂട്ടം, മലയന്‍കീഴ് സബ് രജിസ്ട്രാര്‍ ഓഫീസുകളിലായി നിരവധി ഭൂമി രജിസ്‌ട്രേഷനുകള്‍ നടത്തിയതായി എസ്‌ഐടി കണ്ടെത്തി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്നും ലഭിച്ച പണമാണോ ഭൂമി അടക്കമുള്ള ആസ്തികള്‍ക്കായി വിനിയോഗിച്ചത് എന്നതില്‍ സംശയമുണ്ട്. ആവശ്യക്കാര്‍ക്ക് വട്ടിപ്പലിശയ്‌ക്ക് പണം നല്‍കിയ ശേഷം തിരിച്ചടവു മുടങ്ങുന്നവരുടെ ഭൂമി കൈക്കലാക്കുന്ന രീതിയും ഇയാള്‍ക്കുണ്ടായിരുന്നു. ഇടനില നിന്ന കരാറുകാരനില്‍ നിന്നും എസ്‌ഐടി മൊഴിയെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *