സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡ് അധികൃതർ , ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ല ’, തന്ത്രി കണ്ഠരര് രാജീവര്

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഇ ഡിക്ക് മൊഴി നൽകി തന്ത്രി കണ്ഠരര് രാജീവര്. ഭരണപരമായ ഒരുകാര്യത്തിലും ഇതുവരെ ഇടപെട്ടിട്ടില്ല സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ബോർഡ് അധികൃതരും ഉദ്യോഗസ്ഥരുമാണ്. ആചാരപരമായ കാര്യങ്ങൾ യഥാവിധി നടക്കുന്നുവെന്ന് ഉറപ്പാക്കുകയായിരുന്നു തന്റെ ചുമതല. ബോർഡിന്റെ ഭരണപരമായ തീരുമാനങ്ങളിൽ തനിക്ക് റോളില്ല. അവരുടെ തീരുമാനങ്ങളിൽ വിധി കൽപ്പിക്കാൻ താൻ ആളല്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ സ്പോൺസറായിട്ട് സന്നിധാനത്തേക്ക് എത്തിച്ചത് താനല്ലെന്നും തന്ത്രി ഇ ഡിയ്‌ക്ക് മുന്നിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കി.ഇന്നലെയാണ് തന്ത്രിയെ കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയത്. ഏകദേശം 6 മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു.തന്ത്രിയുടെ മൊഴി വിശദമായി പരിശോധിക്കുകയാണ് ഇ ഡി. ആവശ്യമെങ്കിൽ തന്ത്രിയെ വീണ്ടും വിളിപ്പിക്കും. 2019 മുതൽ 2025 വരെയുള്ള കാലയളവിൽ കള്ളപ്പണം ഇടപാട് നടന്നിട്ടുണ്ടോ , പ്രതികളായിട്ടുള്ളവരുടെ സ്വത്തുവകകളിൽ ഈ കാലയളവിൽ എത്രത്തോളം വർധനവുണ്ടായി തുടങ്ങിയ കാര്യങ്ങളാണ് ഇ ഡി പ്രധാനമായും പരിശോധിക്കുന്നത്. വാജിവാഹന കൈമാറ്റത്തിലടക്കം ED യുടെ കൂടുതൽ പരിശോധന ഉണ്ടാകും.അതേസമയം, സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന സ്മാർട്ട്‌ ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയുടെ ഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *