നിർമ്മിതബുദ്ധി സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് വ്യാജ ആപ്ലിക്കേഷനുകൾ നിർമ്മിച്ച് രാജ്യവ്യാപകമായി 64 കോടിയിലധികം രൂപ കവർന്ന 18-കാരൻ ഗുജറാത്ത് പോലീസിന്റെ പിടിയിലായി. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ഹോട്ടലിൽ നിന്ന് സൂറത്ത് സിറ്റി സൈബർ ക്രൈം സെല്ലാണ് പ്രതിയായ രോഹിത് വിരേന്ദ്രസിംഗ് ശാക്യയെ അറസ്റ്റ് ചെയ്തത്. പ്ലസ് വണ്ണിൽ വെച്ച് പഠനം ഉപേക്ഷിച്ച ഇയാൾ സ്വയം കോഡിങ് പഠിച്ചെടുത്താണ് എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആപ്പുകൾ വികസിപ്പിച്ചത്.
പ്രമുഖ ബാങ്കുകൾ, സർക്കാർ സേവനങ്ങൾ, ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ എന്നിവയുടെ യഥാർത്ഥ ആപ്പുകളോട് സാമ്യമുള്ള 121 വ്യാജ ആപ്പുകളാണ് ഇയാൾ നിർമ്മിച്ചത്. ടെലഗ്രാം വഴിയായിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. ജാംതാര, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ സൈബർ കുറ്റവാളികൾക്ക് പ്രതിമാസം 15,000 രൂപ വാടക നിരക്കിലാണ് ഇയാൾ ആപ്പുകൾ നൽകിയിരുന്നത്. അഡ്മിൻ ആപ്പുകൾ ഉപയോഗിച്ച് ഇരകളുടെ ഫോണുകളിലെ ഒ.ടി.പികളും ബാങ്കിംഗ് വിവരങ്ങളും തത്സമയം ചോർത്തിയാണ് കുറ്റവാളികൾ പണം തട്ടിയെടുത്തിരുന്നത്.
