സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ച് ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുക്കാൻ വനംവകുപ്പ് അന്വേഷണം തുടങ്ങി. കൊച്ചി സ്വദേശിയുടേയും മൂന്നാർ സ്വദേശിയുടേയും സമൂഹമാധ്യമ അക്കൗണ്ടുകൾ കണ്ടെത്തിയതായും ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയതായും മൂന്നാർ ഡിഎഫ്ഒ വ്യക്തമാക്കി.
നീലക്കുറിഞ്ഞി പൂക്കുന്ന സമയത്ത് സന്ദർശകർ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് വനംവകുപ്പ് മുൻകൂട്ടി നിർദേശം നൽകിയിരുന്നു. ഇതിനിടയിലാണ് യുവാക്കൾ പൂക്കൾ പറിച്ച് ഫോട്ടോഷൂട്ട് നടത്തി ചിത്രങ്ങൾ പ്രചരിപ്പിച്ചത്. നീലക്കുറിഞ്ഞി നശിപ്പിച്ചാൽ മൂന്ന് വർഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
