സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു, നിയന്ത്രണം തുടർന്നേക്കും

സംസ്ഥാനത്ത് കടുത്ത ചൂടിന് പിന്നാലെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നത് വലിയ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നു. മഴ കുറയുകയും ചൂട് വർദ്ധിക്കുകയും ചെയ്തതോടെ വൈദ്യുതി ആവശ്യകതയിൽ 500 മുതൽ 600 മെഗാവാട്ട് വരെ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകുന്നു. അണക്കെട്ടുകളിൽ കഴിഞ്ഞ വർഷം ഇതേ സമയത്ത് 80 ശതമാനം വെള്ളം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 64 ശതമാനം മാത്രമാണ് ഉള്ളത്. പ്രതീക്ഷിച്ച അളവിൽ നീരൊഴുക്ക് ഇല്ലാത്തതും സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.

അധിക വൈദ്യുതിക്കായി കെ.എസ്.ഇ.ബി നടത്തിയ രണ്ട് വട്ടത്തെ ഹ്രസ്വകാല ടെൻഡറുകളും ഉയർന്ന വില കാരണം പരാജയപ്പെടുകയായിരുന്നു. യൂണിറ്റിന് പത്തു രൂപയെന്ന പരിധി നിശ്ചയിച്ചിരുന്നെങ്കിലും പല കമ്പനികളും ഉയർന്ന നിരക്കാണ് ആവശ്യപ്പെട്ടത്. പീക്ക് സമയങ്ങളിൽ വൈദ്യുതി നൽകാൻ ആവശ്യത്തിന് ആളുകൾ മുന്നോട്ട് വരാത്തതും തിരിച്ചടിയായി. നിലവിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ വൈദ്യുതിയാണ് വലിയ തടസ്സങ്ങൾ ഇല്ലാതെ കേരളത്തിൽ വിതരണം ചെയ്യുന്നത്. എന്നാൽ ഈ കടം തിരിച്ചു നൽകേണ്ടി വരുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.

വൈദ്യുതിയുടെ ആവശ്യകത ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ തത്സമയ വിപണിയിൽ നിന്നും യൂണിറ്റിന് ഉയർന്ന വില നൽകിയാണ് ഇപ്പോൾ വൈദ്യുതി കണ്ടെത്തുന്നത്. നിലവിലെ സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ വരും ദിവസങ്ങളിലും പവർ കട്ടോടു കൂടിയ നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ പരമാവധി വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണമെന്നാണ് അധികൃതരുടെ അഭ്യർത്ഥന.

Leave a Reply

Your email address will not be published. Required fields are marked *