കാര്യക്ഷമതയ്ക്ക് വലിയ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ശ്രീ പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഭരണം ഏറ്റെടുത്തത്. ‘ഭയങ്കര കാര്യക്ഷമതയുള്ള ഭരണമാണ് ഇവിടെ നടക്കുന്നത്’ എന്ന് നമ്മളെയൊക്കെ ധരിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു. പക്ഷേ അതിനുശേഷം എന്ത് സംഭവിച്ചു എന്നുള്ളത് നമ്മൾ മലയാളികൾ അനുഭവിച്ചറിഞ്ഞതാണ്. ദാ ഇപ്പോൾ 2024-25 വർഷത്തെ (CAG) റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 2023-ലെയും 2024-ലെയും ഒക്കെ നമ്മുടെ ധനപ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണെന്ന് ഈ റിപ്പോർട്ട് കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
വായിച്ചു നോക്കിയാൽ കണ്ണ് തള്ളിപ്പോകുന്ന വിവരങ്ങളാണ് ഇതിലുള്ളത്.
ആദ്യം തന്നെ നമുക്ക് ഈ റിപ്പോർട്ടിലെ വരുമാനക്കണക്കുകൾ നോക്കാം. 2023 ലെ റിപ്പോർട്ടിൽ എന്താണ് പ്രധാനമായിട്ടും പറയുന്നത്? ഗവൺമെന്റിന് പിരിച്ചെടുക്കാനുള്ള റെവന്യൂ കുടിശിക മാത്രം ഏകദേശം 28,000 കോടി രൂപയ്ക്ക് മുകളിലായിരുന്നു. ഇനി ലേറ്റസ്റ്റ് 2024 ലെ കണക്ക് എടുത്തു നോക്കിയാൽ, 24,972 കോടി രൂപയാണ് നികുതി കുടിശികയായി പിരിച്ചെടുക്കാനുള്ളത്. അപ്പോൾ ഒന്ന് ഓർത്തുനോക്കണം, ഇത്രയും കോടികൾ പിരിച്ചെടുക്കാൻ മടി കാണിച്ചിട്ടാണ് ഇവിടെ പണമില്ല പണമില്ല എന്ന് പറഞ്ഞ് കേന്ദ്ര ഗവൺമെന്റുമായി ഇവർ സ്ഥിരം വഴക്കുണ്ടാക്കിക്കൊണ്ടിരുന്നത്. ഫിനാൻസ് കമ്മീഷൻ പണം തരുന്നില്ലെന്ന് പറഞ്ഞ് സുപ്രീം കോടതി വരെ പോകാനും ഇവർ തയ്യാറായി. വരുമാന സമാഹരണത്തിനുള്ള എല്ലാ പഴുതുകളും അടച്ച്, കൃത്യമായി നികുതി പിരിക്കാതെ, കേന്ദ്രത്തെ മാത്രം കുറ്റം പറഞ്ഞ് കയ്യടി വാങ്ങാനായിരുന്നു ഇവിടെ ശ്രമം നടന്നത്.
ധനപ്രതിസന്ധി മറികടക്കാനായിട്ടാണ് ഇവർ കിഫ്ബി വഴിയും സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ഫണ്ട് ലിമിറ്റഡ് വഴിയുമൊക്കെ വലിയ രീതിയിൽ കടമെടുത്തത്. അങ്ങനെ കടമെടുത്ത് കടമെടുത്ത് സംസ്ഥാനത്തെ വലിയൊരു കടക്കെണിയിലേക്ക് തള്ളിവിട്ടു. ഇതൊന്നും പോരാഞ്ഞിട്ടാണ് ഇപ്പോൾ സി.എ.ജി പറയുന്നത്, ഈ നികുതി കുടിശികയുടെ കാര്യം മാത്രമല്ല, ഇതിനേക്കാളും ഉപരിയായി മറ്റു പല വരുമാന മാർഗ്ഗങ്ങളും ഇവർ പ്രയോജനപ്പെടുത്തിയിട്ടില്ല എന്ന്.
അതുപോലെതന്നെ നമ്മുടെ ഖജനാവ് അറിയാതെ തന്നെ, അതിൽ നിന്ന് പണം പിടുങ്ങിയ വലിയൊരു വിഭാഗം ഇവിടെയുണ്ട്. ഉദാഹരണത്തിന് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ വാങ്ങുന്നവരുടെ കാര്യം എടുക്കാം. നമ്മുടെ മുഖ്യമന്ത്രി എപ്പോഴും ഉച്ചത്തിൽ പറയുന്ന ഒരു വായ്ത്താരിയുണ്ട്—ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 42 ലക്ഷം ആയിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻകാരുടെ എണ്ണം ഞങ്ങൾ 62 ലക്ഷമാക്കി ഉയർത്തിയെന്ന്. പക്ഷേ സി.എ.ജി എന്താ പറയുന്നത് എന്ന് ഒന്ന് ആലോചിച്ചു നോക്കണം!
ഒരേ വ്യക്തി തന്നെ ഒന്നിലധികം പെൻഷനുകൾ കൈപ്പറ്റുന്നു! അതായത് അംഗവൈകല്യത്തിനുള്ള പെൻഷൻ, വിധവാ പെൻഷൻ അങ്ങനെ പലതരത്തിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ഒരൊറ്റ ആൾ തന്നെ സ്വന്തം പോക്കറ്റിലാക്കുന്നു. ഇതിന്റെയൊക്കെ കൃത്യമായ രേഖകൾ ഓരോ ജില്ല തിരിച്ചുതന്നെ സി.എ.ജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അവിടെയും തീർന്നില്ല, മരിച്ചുപോയ ആളുകളുടെ പേരിൽ വർഷങ്ങളോളമാണ് ഇവിടെ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നത്! അപ്പോൾ എവിടെയാണ് ഈ ഗവൺമെന്റ് പറയുന്ന സോഫ്റ്റ്വെയറിന്റെ സുതാര്യതയും കാര്യക്ഷമതയും ഇരിക്കുന്നത്? ആരാണ് ഇതൊക്കെ നോക്കി നടത്തുന്നത്? ഖജനാവിൽ നിന്ന് പണം ചോരുന്നത് ഇവരൊന്നും ശ്രദ്ധിക്കുന്നില്ലേ?
ഇനി ഈ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നമ്മൾ കേട്ട ഏറ്റവും വലിയ ശാപമാണ് ‘വകമാറ്റി ചെലവഴിക്കൽ’. ഒരു കാര്യത്തിനായി മാറ്റിവെക്കുന്ന പണം എടുത്ത് മറ്റൊന്നിന് ഉപയോഗിക്കുക. ഇതിന്റെ വലിപ്പമൊന്ന് നോക്കിയാൽ നമുക്ക് ഇഷ്ടംപോലെ ഉദാഹരണങ്ങൾ കാണാം. മുഖ്യമന്ത്രിയുടെ മുഖം വെച്ചുള്ള കൂറ്റൻ ഫ്ലെക്സുകളും ഹോർഡിങ്സുകളും സംസ്ഥാനത്തുടനീളം സ്ഥാപിക്കാൻ എത്രയോ ആയിരം രൂപ ചെലവാക്കി. കൂടാതെ എത്രയോ പി.ആർ (PR) ഏജൻസികളെയാണ് ഇവർ അപ്പോയിന്റ് ചെയ്തത്! ഈ പി.ആർ വർക്കിന് വേണ്ടി മാത്രം എന്തുമാത്രം തുകയാണ് മാറ്റി വെച്ചത്?
ഇതിന്റെ കൂടെയാണ് നമ്മൾ കൂട്ടി വായിക്കേണ്ടത് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം. 172 ഭവനങ്ങൾ കഴിഞ്ഞ ഓണത്തിനു മുൻപേ അസൈൻ ചെയ്തു കൊടുത്തു എന്നാണ് ഇവർ അവകാശപ്പെട്ടത്. “ഓണം ആകുമ്പോഴേക്കും കൊടുക്കും, ഇനി കുറച്ചു പണിയും കൂടെ തീരാനുണ്ട്, അതുംകൂടി ഞങ്ങൾ ഓണത്തിനു മുൻപ് തീർത്തു തരും” എന്ന് വലിയ പ്രഖ്യാപനം നടത്തി. പക്ഷേ അത് തീർത്തു കൊടുക്കാൻ പറ്റിയില്ല. അപ്പോഴാണ് നമ്മൾ ഞെട്ടിക്കുന്ന മറ്റൊരു സത്യം അറിയുന്നത്. 262 കോടിയിലധികം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കേന്ദ്രം നൽകിയ ഫണ്ടിൽ നിന്ന് ഈ സർക്കാർ വകമാറ്റി ചെലവഴിച്ചു എന്ന്!
സർവ്വവും നഷ്ടപ്പെട്ട്, പ്രളയവും ഉരുൾപൊട്ടലും മൂലം ജീവിക്കാനുള്ള ആശ പോലും നഷ്ടപ്പെട്ട ഒരു ജനതയോട് “നിങ്ങളെ ഞങ്ങൾ പുനരധിവസിപ്പിക്കാം” എന്ന് പറഞ്ഞ് വോട്ട് വാങ്ങിയിട്ട്, ഡിസാസ്റ്റർ മാനേജ്മെന്റിന് വേണ്ടി ലഭിച്ച ഫണ്ട് പോലും വകമാറ്റി. ഒരു വർഷവും എട്ടുമാസവുമൊക്കെ കഴിഞ്ഞാണ് പുനരധിവാസം ഒരു പരിധി വരെ മാത്രമെങ്കിലും നടപ്പിലാക്കിയത്. അതും കൃത്യമായിട്ടല്ല. എന്നിട്ടാണ് കേന്ദ്രത്തെ മാത്രം കുറ്റം പറയുന്നത്. നമ്മൾ വോട്ട് ചെയ്ത് നമുക്ക് വേണ്ട ശാപം നമ്മൾ തന്നെ വാങ്ങി വെക്കുന്നു എന്ന് പറയേണ്ടി വരും ഇത് കാണുമ്പോൾ.
സി.എ.ജി ചൂണ്ടിക്കാണിക്കാതെ തന്നെ നമുക്കറിയാവുന്ന കാര്യമാണ് നവകേരള സദസ്സ്. അത് നടത്തിയപ്പോൾ എങ്ങനെയാണ് പണം ദുർവിനിയോഗം ചെയ്തതും നികുതി പിരിവിന് ആപ്പിട്ടതും എന്ന് നോക്കാം. സ്പോൺസർഷിപ്പ് കളക്ട് ചെയ്യാൻ ഓരോ വകുപ്പിന്റെയും മേധാവികളോട് സർക്കാർ ആവശ്യപ്പെട്ടു. അങ്ങനെ ഏറ്റവും കൂടുതൽ സ്പോൺസർഷിപ്പ് കളക്ട് ചെയ്ത കമേർഷ്യൽ ഇന്റലിജൻസിന്റെ തലപ്പത്തിരിക്കുന്ന ആൾക്ക് അന്ന് അവാർഡ് വരെ കൊടുത്തു!
ഇവിടെയാണ് വലിയൊരു പ്രശ്നമുള്ളത്. കോടികളുടെ ഈ സ്പോൺസർഷിപ്പ് നൽകുന്നത് ആരാണ്? വലിയ വ്യാപാരികളും വ്യവസായികളും ഒക്കെയാണ്. അങ്ങനെ കോടികൾ സ്പോൺസർ ചെയ്ത ഒരു വ്യവസായിയോട് പിന്നീട് കൃത്യമായി വന്ന് നികുതി അടക്കടാ എന്ന് പറയാൻ ഏതെങ്കിലും ഐ.എ.എസ് കാരനോ ഡി.ജി.പിക്കോ അവകാശമുണ്ടോ? “ഞാൻ അങ്ങോട്ട് കോടികൾ തന്നത് മറന്നുപോയോടോ” എന്ന് അവർ തിരിച്ചു ചോദിക്കില്ലേ? അങ്ങനെ ഒരു വശത്ത് സ്പോൺസർഷിപ്പ് വഴി പണം പിരിയുന്നു, മറുവശത്ത് നികുതി പിരിവ് ഇല്ലാതാകുന്നു.
ഇത് നവകേരള സദസ്സ് മാത്രമല്ല, അതിനുശേഷം വന്ന ‘എന്റെ കേരളം’, ‘കേരളീയം’, ‘ലോക കേരളസഭ’ തുടങ്ങി എത്രയെത്ര ധൂർത്തുകളാണ് ഈ അവസാനത്തെ അഞ്ചു വർഷം കൊണ്ട് നടപ്പാക്കിയത്! ഇതിനൊക്കെ ബജറ്റിൽ പ്ലാൻ ഫണ്ടോ നോൺ പ്ലാൻ ഫണ്ടോ ആയിട്ട് ഒരു തുകയും വകകൊള്ളിച്ചിട്ടുള്ളതല്ല. അപ്പോൾ ഈ കോടികൾ എവിടുന്ന് വരും? ശമ്പളവും പെൻഷനും പലിശയും കൊടുക്കുന്ന നോൺ പ്ലാൻ ഫണ്ടിൽ നിന്ന് പണം മാറ്റാൻ ഒക്കില്ല. അതുകൊണ്ട് ഇവർ കൈവെച്ചത് വകുപ്പുകളുടെ വികസന പ്രവർത്തനങ്ങൾക്കുള്ള പ്ലാൻ ഫണ്ടിലാണ് (Plan Fund). പദ്ധതികൾക്ക് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൊടുക്കേണ്ട ഫണ്ടുകൾ പലതും ഇവർ നൽകിയില്ല. സാധാരണക്കാരുടെ എത്രയോ വികസന പ്രവർത്തനങ്ങളാണ് ഇതുമൂലം നാട്ടിൽ മുടങ്ങി കിടക്കുന്നത്.
ഇതിനേക്കാൾ വലിയൊരു ചൂണ്ടിക്കാണിക്കൽ സി.എ.ജി നടത്തിയത്, സംസ്ഥാനത്ത് ‘ഇന്റേണൽ ഓഡിറ്റിംഗ്’ (Internal Auditing) നടക്കുന്നില്ല എന്നുള്ളതാണ്. എന്തുകൊണ്ടാണ് ഇന്റേണൽ ഓഡിറ്റിംഗ് നടത്താത്തത്? കാരണം വ്യക്തമാണ്. ഫണ്ട് എല്ലാം വകമാറ്റുകയാണ്. ബജറ്റിൽ വകകൊള്ളിച്ചിരിക്കുന്ന പർപ്പസിനല്ല പണം ചെലവാക്കുന്നത്. മെഡിക്കൽ ആവശ്യങ്ങൾക്കായി മാറ്റിവെച്ച പണം എടുത്ത് മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു.
നമ്മുടെ ഗവൺമെന്റിന്റെ വൈറ്റ് പേപ്പറിൽ തന്നെ പറയുന്നുണ്ട് കാരുണ്യ ബെനവലന്റ് സ്കീമിന് മാത്രം 2,517 കോടി രൂപയാണ് കുടിശികയായി കൊടുക്കാനുള്ളത്. മെഡിക്കൽ കോർപ്പറേഷനും സപ്ലൈകോയുടെ കോൺട്രാക്ടേഴ്സിനും ഒക്കെ കോടികൾ കുടിശികയാണ്. എല്ലായിടത്തും കുടിശിക മാത്രം! ഇങ്ങനെയൊക്കെ വകമാറ്റി ചെലവഴിക്കുമ്പോൾ ഇന്റേണൽ ഓഡിറ്റിംഗ് നടത്തിയാൽ കള്ളത്തരം പുറത്തുവരും. അതുകൊണ്ട് ഗവൺമെന്റിന്റെ ഓഡിറ്റേഴ്സിനെക്കൊണ്ട് ഇവർ ഓഡിറ്റ് ചെയ്യിക്കില്ല. സി.എ.ജി ഓഡിറ്റിങ്ങിന് വരുന്നു എന്ന് പറഞ്ഞ് ഏതെങ്കിലും വകുപ്പുകളിലേക്ക് നോട്ടീസ് കൊടുക്കുമ്പോൾ പെട്ടെന്ന് തരികിട കാണിക്കാനായി ഇന്റേണൽ ഓഡിറ്റേഴ്സിനോട് പറയും “നിങ്ങൾ ഓഡിറ്റ് ഒന്ന് നടത്തിക്കൊള്ളാൻ”. അങ്ങനെയൊരു ഓഡിറ്റ് നടത്തിയിട്ട് എന്ത് കാര്യമാണുള്ളത്?
ചുരുക്കം പറഞ്ഞാൽ, മുഴുവൻ കാപട്യത്തിന്റെയും കാര്യക്ഷമതയില്ലായ്മയുടെയും കഥകളാണ് സി.എ.ജിക്ക് ചൂണ്ടിക്കാണിക്കാനുള്ളത്. സി.എ.ജി എന്ന് പറയുന്നത് കള്ളം പറയേണ്ട ആവശ്യമുള്ള സ്ഥാപനമല്ല, അതൊരു ഭരണഘടനാ സ്ഥാപനമാണ് (Constitutional Body). സംസ്ഥാന ഗവൺമെന്റിനെയും കേന്ദ്ര ഗവൺമെന്റിനെയും ഓഡിറ്റ് ചെയ്ത് ചോദ്യം ചെയ്യാൻ അധികാരമുള്ള അതോറിറ്റിയാണ്. അതുകൊണ്ട് തന്നെ സി.എ.ജി പറഞ്ഞ ഈ കഥകൾ നമുക്ക് വിശ്വസിക്കാതിരിക്കാൻ കഴിയില്ല.
ഇതൊക്കെക്കൊണ്ടാണ് നിയമസഭയിൽ പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കുമ്പോൾ ഭരണപക്ഷം രോഷാകുലരാകുന്നതും, കപടമായ ഇറങ്ങിപ്പോക്കുകൾ നടത്തുന്നതുമൊക്കെ. ഈ യാഥാർത്ഥ്യങ്ങൾ ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും.
