അന്താരാഷ്ട്ര ഔഷധ വിതരണ ശൃംഖലയെ പൂർണ്ണമായി തകിടം മറിക്കുന്ന കടുത്ത വാണിജ്യ വിരുദ്ധ സമീപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുന്നു. അമേരിക്കയിലേക്ക് ജനറിക് മരുന്നുകൾ വിതരണം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ ഇന്ത്യയെ ലക്ഷ്യമിട്ട്, ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് ഘട്ടം ഘട്ടമായി ഭീമമായ താരിഫ് ഏർപ്പെടുത്താനാണ് ട്രംപിന്റെ പുതിയ നീക്കം. ആഗോള വിപണിയിലെ തങ്ങളുടെ പരാജയം മറച്ചുവെക്കാനും ഇന്ത്യൻ മരുന്ന് കമ്പനികൾക്ക് കടുത്ത തടസ്സങ്ങൾ സൃഷ്ടിക്കാനുമാണ് അമേരിക്കൻ ഭരണകൂടം ശ്രമിക്കുന്നത്.
സ്വന്തം രാജ്യത്ത് നിക്ഷേപം നടത്താൻ കമ്പനികളെ നിർബന്ധിതരാക്കുന്ന അമേരിക്കൻ വൻശക്തി മനോഭാവമാണ് പുതിയ നയത്തിന് പിന്നിൽ വ്യക്തമാകുന്നത്. 2026 ഓഗസ്റ്റ് മുതൽ ആദ്യത്തെ രണ്ട് വർഷത്തേക്ക് പൂജ്യം ശതമാനം താരിഫ് നൽകുമെങ്കിലും, അതിനുശേഷം ഒരൊറ്റ വർഷം കൊണ്ട് ഇത് 100 ശതമാനമായും തുടർന്നുള്ള വർഷങ്ങളിൽ 200 ശതമാനമായും കുത്തനെ ഉയർത്താനാണ് ട്രംപിന്റെ തീരുമാനം. തങ്ങളുടെ നിബന്ധനകൾക്ക് വഴങ്ങാത്ത വിദേശ മരുന്ന് കമ്പനികൾക്ക് പിഴ ചുമത്തുമെന്ന പരസ്യ ഭീഷണിയും അമേരിക്കൻ പ്രസിഡന്റ് ട്രൂത്ത് സോഷ്യലിലൂടെ മുഴക്കിയിട്ടുണ്ട്.
അമേരിക്കൻ രോഗികളുടെ ജീവിതം വെച്ചാണ് അമേരിക്ക ഇപ്പോൾ അപകടകരമായ ഈ കളി കളിക്കുന്നത്. ലോകത്തിന്റെ ഫാർമസി എന്നറിയപ്പെടുന്ന ഇന്ത്യയാണ് അമേരിക്ക ഉപയോഗിക്കുന്ന ജനറിക് മരുന്നുകളുടെ 40 ശതമാനവും വിതരണം ചെയ്യുന്നത്. പ്രമേഹം, അർബുദം, രക്തസമ്മർദ്ദം, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ മാരക രോഗങ്ങൾക്ക് അമേരിക്കക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന താങ്ങാനാവുന്ന വിലയിലുള്ള ഇന്ത്യൻ മരുന്നുകൾ തടയുന്നത് വഴി സ്വന്തം രാജ്യത്തെ ആരോഗ്യ മേഖലയെയാണ് അമേരിക്ക പ്രതിസന്ധിയിലാക്കുന്നത്.
ഇന്ത്യൻ മരുന്ന് നിർമ്മാതാക്കളുടെ കാര്യക്ഷമതയോടും വിലക്കുറവിനോടും ആഭ്യന്തരമായി മത്സരിക്കാൻ സാധിക്കാത്തതിനാലാണ് അമേരിക്ക ഇത്തരം വളഞ്ഞ വഴികൾ തേടുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 9.7 ബില്യൺ ഡോളറിന്റെ ഔഷധങ്ങളാണ് ഇന്ത്യ അമേരിക്കയിലേക്ക് അയച്ചത്. ഇന്ത്യൻ കമ്പനികൾ വാഗ്ദാനം ചെയ്യുന്ന ഗുണനിലവാരമുള്ള മരുന്നുകളെ പ്രതിരോധിക്കാൻ താരിഫ് മതിലുകൾ തീർക്കുന്നത് സ്വതന്ത്ര വ്യാപാര കരാറുകളോടുള്ള അമേരിക്കയുടെ തുറന്ന വെല്ലുവിളിയാണ്.
കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രം ഇന്ത്യയുമായി എത്തിയ വ്യാപാര ധാരണകളെയും വാഗ്ദാനങ്ങളെയും അട്ടിമറിക്കുന്ന നയമാണ് ഇപ്പോൾ അമേരിക്ക പുറത്തെടുത്തിരിക്കുന്നത്. ഫാർമസ്യൂക്കൽസ് വിപണിയിൽ ഇന്ത്യ കൈവരിച്ച നയതന്ത്രവും വാണിജ്യപരവുമായ നേട്ടങ്ങളെ തകർക്കാൻ തക്കം പാർത്തിരുന്ന അമേരിക്ക, മുൻ ധാരണകൾ കാറ്റിൽപ്പറത്തി വീണ്ടും തങ്ങളുടെ സാമ്രാജ്യത്വ നയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്.അമേരിക്കൻ ജനതയുടെ ദൈനംദിന ആരോഗ്യ സംരക്ഷണത്തിന് പോലും ഇന്ത്യൻ മരുന്നുകൾ എത്രത്തോളം അത്യാവശ്യമാണെന്ന് ഭരണകൂടം മറക്കുകയാണ്. ഉദാഹരണത്തിന്, 2024-ൽ അമേരിക്കയിൽ ഉപയോഗിച്ച ഗർഭനിരോധന ഗുളികകളുടെ 65 ശതമാനവും ഇന്ത്യയിൽ നിന്നുള്ള ലുപിൻ, ഗ്ലെൻമാർക്ക് എന്നീ കമ്പനികളാണ് നൽകിയത്. എന്നിട്ടും ഇന്ത്യൻ വിതരണക്കാർക്ക് മേൽ നിരന്തരം കടുത്ത നിയന്ത്രണങ്ങളും പരിശോധനകളും അടിച്ചേൽപ്പിക്കാനാണ് അമേരിക്കൻ അധികാരികൾ മുതിരുന്നത്.
സ്വന്തം രാജ്യത്തെ ഉൽപ്പാദന സുരക്ഷയുടെ പേര് പറഞ്ഞ് ആഗോള ഔഷധ ശൃംഖലയെ തകർക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. ആഭ്യന്തരമായി ഉൽപ്പാദനം നടത്താത്തവർക്ക് മേൽ 200 ശതമാനം വരെ താരിഫ് ചുമത്തുമെന്ന പ്രഖ്യാപനം, വിദേശ കമ്പനികളെ ഭീഷണിപ്പെടുത്തി അമേരിക്കയിലേക്ക് നിക്ഷേപം മാറ്റാൻ നിർബന്ധിക്കുന്നതിന് തുല്യമാണ്. അന്താരാഷ്ട്ര വാണിജ്യ മര്യാദകളുടെ നഗ്നമായ ലംഘനമാണിത്.
വ്യാപാരാധിഷ്ഠിത വെല്ലുവിളികൾ മുൻപും ഉയർത്തിയിട്ടുണ്ടെങ്കിലും, ഒരൊറ്റ നീക്കം കൊണ്ട് ആഗോള ഫാർമ വ്യവസായത്തെ ഒന്നാകെ തളർത്താനുള്ള അമേരിക്കയുടെ നിർദ്ദിഷ്ട താരിഫ് ഘടന വൻ ഭീഷണിയാണ് ഉയർത്തുന്നത്. ദശലക്ഷക്കണക്കിന് രോഗികൾക്ക് കുറഞ്ഞ ചെലവിൽ മരുന്ന് എത്തിക്കുന്ന ഇന്ത്യൻ കമ്പനികളുടെ വളർച്ചയിൽ ഭയന്നാണ് അമേരിക്കൻ ഭരണകൂടം തങ്ങളുടെ വിപണി വാതിലുകൾ അടയ്ക്കാൻ തുനിയുന്നത്.
ഈ സാമ്പത്തിക ഭീഷണികൾക്ക് മുന്നിൽ ഇന്ത്യൻ മരുന്ന് നിർമ്മാതാക്കൾക്ക് തങ്ങളുടെ തന്ത്രങ്ങളും വിതരണ ശൃംഖലകളും പുനർനിർണ്ണയിക്കേണ്ടി വരും. അമേരിക്കൻ വിപണിയിലെ സാന്നിധ്യം നിലനിർത്താൻ അവിടെ നിർമ്മാണ യൂണിറ്റുകൾ തുടങ്ങണോ അതോ മറ്റ് വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണോ എന്ന് കമ്പനികൾ യഥാസമയം തീരുമാനിക്കേണ്ടിവരും.
ചുരുക്കത്തിൽ, താങ്ങാനാവുന്ന വിലയിൽ മരുന്നുകൾ നൽകി അമേരിക്കയിലെ രോഗികളെ സഹായിച്ചുപോന്ന ഇന്ത്യൻ ഔഷധ മേഖലയോട് കടുത്ത നന്ദികേടാണ് അമേരിക്കൻ ഭരണകൂടം കാണിക്കുന്നത്. സ്വതന്ത്ര വ്യാപാരത്തെക്കുറിച്ച് ലോകത്തിന് ക്ലാസെടുക്കുന്ന അമേരിക്ക, തങ്ങൾക്ക് തിരിച്ചടി നേരിടുമ്പോൾ കടുത്ത സംരക്ഷണവാദികളും ഏകപക്ഷീയ താരിഫുകൾ അടിച്ചേൽപ്പിക്കുന്നവരുമായി മാറുകയാണെന്ന് ഈ സംഭവം തെളിയിക്കുന്നു.
