തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ ഹോട്സ്‌പോട്ടുകൾ കണ്ടെത്തി തെരുവുനായ നിയന്ത്രണത്തിനായി സർക്കാർ പുതിയ കർമ്മപദ്ധതി തയ്യാറാക്കുന്നു. അവശതയോ രോഗമോ ഉള്ള നായകളെ തെരുവിൽ ഉപേക്ഷിച്ചാൽ പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള കർശന വ്യവസ്ഥകൾ ഇതിൽ നടപ്പാക്കും.
വളർത്തുനായകൾക്ക് ലൈസൻസ് ഉറപ്പാക്കുന്നത് തദ്ദേശസ്ഥാപനങ്ങളുടെ നിർബന്ധിത ചുമതലയാക്കി മാറ്റും. വളർത്തുകേന്ദ്രങ്ങളിൽ നായകളുടെ പ്രജനനം, വിൽപ്പന, പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയവയ്ക്കും പുതിയ നിയമങ്ങൾ ബാധകമാകും. ഇതിനായി തദ്ദേശസ്ഥാപനങ്ങൾ തുക വകയിരുത്തേണ്ടതുണ്ട്.
ഹോട്സ്‌പോട്ടുകൾ നിശ്ചയിച്ച് സുപ്രീം കോടതി വിധിക്കനുസരിച്ചുള്ള ദയാവധം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കും. വളർത്തുനായകൾ, തെരുവുനായകൾ, നായകളുടെ നിയന്ത്രണത്തിനുള്ള പശ്ചാത്തലമൊരുക്കൽ, പൊതുജനങ്ങളുടെ സമീപനം, അപകടഘട്ടത്തിലെ പ്രതിരോധം എന്നിങ്ങനെ അഞ്ചുതലങ്ങളായാണ് കർമപരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. കൂടുതൽ എ.ബി.സി. കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.
