സിപിഎമ്മിൽ തെറ്റുതിരുത്തൽ നടപടികൾക്ക് കളമൊരുങ്ങുന്നു! 

തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് ശേഷമുള്ള ശക്തമായ തെറ്റുതിരുത്തൽ നടപടികളിലേക്ക് കടക്കാനൊരുങ്ങി സിപിഎം. തെരഞ്ഞെടുപ്പ് തോൽവിയും സംഘടനാ വീഴ്ചകളും വിലയിരുത്തുന്നതിന്റെ ഭാഗമായി വിപുലീകൃത സംസ്ഥാന സമിതി യോഗം സെപ്റ്റംബർ രണ്ടാം വാരത്തിൽ കോഴിക്കോട് വെച്ച് നടത്താൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായി. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇന്നും നാളെയുമായി നടക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ ഔദ്യോഗികമായി കൈക്കൊള്ളും.

സെപ്തംബർ 11, 12, 13 തീയതികളിൽ കോഴിക്കോട് വെച്ച് യോഗം ചേരാനാണ് നിലവിലെ ധാരണ. സംസ്ഥാന സമിതി അംഗങ്ങൾക്കൊപ്പം ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളും വിവിധ വർഗ ബഹുജന സംഘടനാ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.കൂടാതെ ഏരിയ സെക്രട്ടറിമാർ കൂടി യോഗത്തിൽ പങ്കെടുക്കുന്ന കാര്യവും സംസ്ഥാന സമിതിയുടെ അന്തിമ തീരുമാനത്തിന് ശേഷം വ്യക്തമാകും. മുൻകാല തെരഞ്ഞെടുപ്പുകളിൽ സംഭവിച്ച വീഴ്ചകളും സംഘടനാപരമായ പോരായ്മകളും പാർട്ടി ഗൗരവമായി തന്നെ പരിശോധിക്കുന്നുണ്ട്.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തോൽവിയിലും സംഘടനാ തലത്തിലുണ്ടായ വീഴ്ചകളിലും പാർട്ടി കേന്ദ്രകമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിൽ അതികഠിനമായ വിമർശനങ്ങളാണ് ഉള്ളത്. ഈ സുപ്രധാന റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ച് ചർച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *