ധർമ്മടത്ത് നടന്നത് വൻ നാടകം സത്യം ഇതാ

കേരളം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ കളി അല്പം മുറുകുകയാണ്. പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ സ്വന്തം തട്ടകമായ ധർമ്മടത്ത്. അവിടെ നടന്ന എൽ.ഡി.എഫ് കൺവെൻഷൻ കണ്ടവർക്കും കേട്ടവർക്കും ഒരു കാര്യം ഉറപ്പായി; ഇത്തവണ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് മുഖ്യമന്ത്രിക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്. സാധാരണ “ഇരട്ടച്ചങ്കൻ” എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നത് ഗാംഭീര്യമുള്ള ആ പഴയ മുഖമാണ്. പക്ഷേ ധർമ്മടത്ത് കണ്ടത് അങ്ങനെയല്ല, കുറച്ചുകൂടി വിനയവും അതിലേറെ പരിഭ്രമവും കലർന്ന ഒരു പിണറായി വിജയനെയാണ്.

ധർമ്മടത്തെ കൺവെൻഷനിൽ പിണറായി വിജയൻ നടത്തിയ പ്രസംഗം കേട്ടാൽ ആർക്കും ഒന്ന് ചിരി വരും. സംഗതി ലളിതമാണ്, നാട്ടുകാരെ മയക്കാൻ പുതിയൊരു അടവുമായിട്ടാണ് ഇത്തവണത്തെ വരവ്. “എന്റെ പൊന്നു പ്രവർത്തകരേ, എതിരാളികൾ ഗീബൽസിനെ തോൽപ്പിക്കുന്ന നുണകളുമായി നിങ്ങളുടെ വീടുകളിലേക്ക് വരുന്നുണ്ട്, അതുകൊണ്ട് നിങ്ങൾ ഓരോരുത്തരും ഓരോ സ്ഥാനാർത്ഥിയായി മാറി ആ നുണകൾ അങ്ങ് പൊളിച്ചടുക്കണം” എന്നാണ് മുഖ്യമന്ത്രിയുടെ പുതിയ ഓർഡർ. പണ്ട് “കടക്ക് പുറത്ത്” എന്ന് പറഞ്ഞ് മാധ്യമങ്ങളെ വിരട്ടിയിരുന്ന ആ പഴയ സിംഹം ഇപ്പോൾ അണികളോട് വോട്ട് ഇരക്കുന്ന കാഴ്ച കാണുമ്പോൾ ശരിക്കും കൗതുകം തോന്നും.

തുടക്കം തന്നെ പുള്ളി പിടിച്ചത് “ഗീബൽസിനെ” ആണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറുടെ നുണപ്രചാരകനായിരുന്ന ഗീബൽസിനെ എന്തിനാണ് മുഖ്യമന്ത്രി ഇപ്പോൾ ഓർക്കുന്നത്? കാരണം ലളിതമാണ്, ജനങ്ങൾ സർക്കാരിനെതിരെ ഉന്നയിക്കുന്ന ചോദ്യങ്ങളെല്ലാം വെറും “നുണപ്രചാരണങ്ങൾ” ആണെന്ന് വരുത്തിത്തീർക്കണം. വീടുകളിൽ കയറി ഓരോ നുണകൾ പ്രചരിപ്പിക്കുന്നു, അത് പ്രവർത്തകർ ഓരോന്നായി പൊളിച്ചടുക്കണം എന്നാണ് ആഹ്വാനം. പക്ഷേ മുഖ്യമന്ത്രിയോട് ഒരു ചോദ്യം; ജനങ്ങൾ ചോദിക്കുന്നത് കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തെക്കുറിച്ചാണെങ്കിൽ, അഴിമതി യെ കുറിച്ച് ആണെകിൽ വന്യജീവി ആക്രമണത്തെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചും ആണെങ്കിൽ അതെങ്ങനെ നുണയാകും? വസ്തുതകൾ പറയുമ്പോൾ അതിനെ നുണ എന്ന് വിളിച്ച് നേരിടുന്നത് ഒരുതരം രക്ഷപ്പെടൽ തന്ത്രമല്ലേ?
സത്യത്തിൽ എന്താണ് ഇവിടെ നടക്കുന്നത്? സ്വന്തം മണ്ഡലത്തിൽ പോലും വോട്ട് കുറയുമോ എന്നൊരു ചെറിയ പേടി ആ മുഖത്ത് നിഴലിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല. “എനിക്ക് എല്ലായിടത്തും ഓടിയെത്താൻ പറ്റില്ല, അതുകൊണ്ട് നിങ്ങളാണ് എന്റെ പ്രതിനിധികൾ” എന്ന് പറയുമ്പോൾ, പണി മൊത്തം അണികൾ എടുത്തോണം, ഫലം വരുമ്പോൾ ക്രെഡിറ്റ് എനിക്ക് മാത്രം എന്നൊരു ലൈനാണ് അദ്ദേഹം പിടിച്ചിരിക്കുന്നത്. അതിനിടയിൽ പത്തനാപുരം ഗാന്ധി ഭവനിലെ പാവങ്ങൾ കൊടുത്ത കാശ് വാങ്ങി തിരഞ്ഞെടുപ്പിന് കെട്ടിവെക്കുമ്പോൾ അദ്ദേഹം കാണിക്കുന്ന ആ വിനയം കാണണം! വോട്ട് കിട്ടാൻ വേണ്ടി എന്ത് വേഷവും കെട്ടാൻ തയ്യാറാണെന്ന് ചുരുക്കം.

Leave a Reply

Your email address will not be published. Required fields are marked *