ഇന്ത്യ-അഫ്ഗാൻ ബന്ധത്തെ വിമർശിച്ച് പാക് ആർമി ഡി.ജി

ന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന ബന്ധത്തിൽ രോഷംപൂണ്ട് പാകിസ്ഥാൻ സൈന്യം. അഫ്ഗാൻ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുന്നതിനിടയിലാണ് പാക് ആർമി ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ISPR) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി വിവാദ പരാമർശങ്ങളുമായി രംഗത്തെത്തിയത്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം ‘യജമാനനും അടിമയും’ തമ്മിലുള്ളതുപോലെയാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, മുസ്ലീങ്ങൾ അവിശ്വാസികളെ ചങ്ങാതിമാരാക്കരുത് എന്നും പറയുകയുണ്ടായി. റാവുണ്ടിയിൽ നടന്ന ഔദ്യോഗിക വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ വിവാദ പരാമർശങ്ങൾ നടത്തിയത്.

അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിൽ “ഒരേ ഡി.എൻ.എ ആണ് പങ്കുവെക്കുന്നത്” എന്ന് ഇന്ത്യ സന്ദർശിച്ച അഫ്ഗാൻ താലിബാൻ മന്ത്രി മൗലവി അത്തുള്ള ഒമാരി നടത്തിയ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു പാക് സൈനിക വക്താവ്. “അവിശ്വാസികളെ (കാഫിറുകൾ) നിങ്ങളുടെ സുഹൃത്തുക്കളോ സംരക്ഷകരോ ആയി സ്വീകരിക്കരുത്, അങ്ങനെ ചെയ്താൽ നിങ്ങൾ മുസ്ലീങ്ങളുടെ കൂട്ടത്തിലല്ല” എന്നാണ് ചൗധരി ഇതിന് മറുപടിയായി പറഞ്ഞത്. താലിബാൻ ഭരണകൂടവും ഇന്ത്യയുടെ ഭരണസംവിധാനവും തമ്മിലുള്ള ബന്ധം യജമാനനും അടിമയും തമ്മിലുള്ള ബന്ധം പോലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താലിബാൻ ഭരണകൂടത്തിന് ഇസ്ലാമിക മൂല്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും, സ്ത്രീകളോടും കുട്ടികളോടും അവർ ചെയ്യുന്നത് എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം തുറന്നടിച്ചു. എന്നാൽ സാധാരണ അഫ്ഗാൻ ജനങ്ങളെ താൻ ഇതിൽ ഉൾപ്പെടുത്തുന്നില്ലെന്നും, താലിബാൻ ഭരണകൂടത്തിന്റെ പീഡനത്തിന് ഇരയാകുന്നവരാണ് അവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഏതാനും ആഴ്ചകൾക്ക് മുൻപ് ഇന്ത്യ സന്ദർശിച്ച അഫ്ഗാൻ താലിബാൻ ഭരണകൂടത്തിന്റെ കൃഷിമന്ത്രി മൗലവി അത്തുള്ള ഒമാരി ന്യൂഡൽഹിയിൽ വെച്ചാണ് ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് പരാമർശം നടത്തിയത്. തനിക്ക് ഇന്ത്യയിൽ നിന്നും ലഭിച്ച സ്വീകരണം സ്വന്തം രാജ്യത്ത് ലഭിച്ചതുപോലെയാണെന്നും ഇന്ത്യയും അഫ്ഗാനും തമ്മിൽ ഒരേ ഡി.എൻ.എ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് പാകിസ്ഥാൻ സൈന്യത്തെയും ഉന്നത ഉദ്യോഗസ്ഥരെയും ചൊടിപ്പിച്ചത്.

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അടുപ്പം മേഖലയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള കടുത്ത പ്രസ്താവനകൾ ഉണ്ടാകുന്നത് അന്താരാഷ്ട്ര തലത്തിലും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *