നമ്മൾ കഴിഞ്ഞ കുറേക്കാലമായി നിരന്തരം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ഗാസയിലെ സമാധാന പ്രക്രിയ. പലസ്തീൻ സായുധ സംഘടനയായ ഹമാസ് നിരായുധീകരണത്തിന് സമ്മതിച്ചുവെന്ന നിർണായക വിവരം പുറത്തുവന്നതിന് പിന്നാലെയും, ഗാസയിൽ കനത്ത ആക്രമണങ്ങൾ തുടരുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഗാസയിൽ ഹമാസിനെ നിരായുധീകരിക്കാൻ വേണ്ടി മുന്നോട്ടുവെച്ച കരാറിനെ ഹമാസ് വൃത്തങ്ങൾ അംഗീകരിച്ചിരുന്നു. ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ട്രമ്പിന്റെ ഈ റോഡ്മാപ്പിനെ അറബ് രാജ്യങ്ങൾ പോലും പിന്തുണച്ചതാണ്. എന്നിട്ടും ഇസ്രായേൽ എന്തുകൊണ്ട് ഗാസയിൽ ആക്രമണം തുടരുന്നു? റോഡ്മാപ്പ് പീസ് ഇൻ ഗാസയുടെ യഥാർത്ഥ ഭാവി എന്താകും? നമുക്ക് വിശദമായി പരിശോധിക്കാം.
കഴിഞ്ഞ ആഴ്ചയാണ് ഗാസയുടെ മണ്ണിൽ അന്തിമ സമാധാനം ഉണ്ടാകുന്നതിന്റെ ഒരു രൂപരേഖ ഡൊണാൾഡ് ട്രമ്പിന്റെ ഭാഗത്തുനിന്ന് വരുന്നത്. ഘട്ടങ്ങളായി നടക്കേണ്ട ഒന്നാണിത്. ഇതിലെ ആദ്യഘട്ടമായ വെടിനിർത്തൽ കഴിഞ്ഞ വർഷം 2025 ഒക്ടോബറിൽ തന്നെ എത്തിച്ചേർന്നതായിരുന്നു. എന്നാൽ അതിനുശേഷം ദീർഘകാലം, അതായത് ഏകദേശം ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന ഒരു സ്റ്റേൽമേറ്റും അനിശ്ചിതാവസ്ഥയുമാണ് അവിടെയുണ്ടായിരുന്നത്. ഇസ്രായേലി സൈന്യങ്ങൾ ഗാസ പൂർണ്ണമായി വളഞ്ഞു നിൽക്കുന്ന അവസ്ഥയാണ്. ഗാസയുടെ 53 ശതമാനം ഭാഗവും ഇപ്പോഴും ഇസ്രായേലിന്റെ കൈവശം തന്നെയാണ് കൺട്രോൾ ചെയ്യുന്നത്. അതായത് ഗാസയുടെ കിഴക്കൻ അതിരിൽ ഇസ്രായേൽ ഒരു ‘യെല്ലോ ലൈൻ’ സ്ഥാപിച്ചിട്ടുണ്ട്. ഈ മഞ്ഞ ലൈൻ വെറുതെ പെയിന്റ് കൊണ്ട് വരക്കുന്നതല്ല; മഞ്ഞനിറമുള്ള കല്ലുകളും കോൺക്രീറ്റ് സ്ലാബുകളും പാകി അതിർത്തി അടയാളപ്പെടുത്തിയതാണ്. ഇപ്പോൾ ഈ സ്ലാബുകൾ എടുത്ത് കൂടുതൽ പടിഞ്ഞാറേക്ക് മാറ്റിസ്ഥാപിച്ച് മുന്നോട്ട് മാറ്റുന്ന തിരക്കിലാണ് ഇസ്രായേൽ ഫോഴ്സസ് (IDF).
അതായത്, മുൻപ് 53 ശതമാനമായിരുന്നത് ഇപ്പോൾ ഗാസയുടെ 60 ശതമാനത്തോളം ഭാഗത്തേക്ക് എൻക്രോച്ച് ചെയ്യുകയാണ്. പലസ്തീനികൾക്ക് അധിവസിക്കാനുള്ള ഭൂമിയുടെ അളവ് കുറഞ്ഞുകൊണ്ടിരിക്കുന്നു, ഇസ്രായേൽ സൈന്യം കൺട്രോൾ ചെയ്യുന്ന ഭൂമിയുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഈ ഒരു ഘട്ടത്തിലൂടെയാണ് കാര്യങ്ങൾ ഇപ്പോൾ കടന്നുപോകുന്നത്. ആ സമയത്താണ്, കഴിഞ്ഞ ആഴ്ച വരെ ഗാസയുടെ ഡി ഫാക്ടോ കൺട്രോൾ കൈയാളിയ ഹമാസിന്റെ ഭാഗത്തുനിന്നും ഒരു വലിയ മാറ്റം ഉണ്ടാകുന്നത്. ഒരു മിലിറ്റന്റ് ഗ്രൂപ്പ് എന്ന നിലയിലും, 2006 മുതലുള്ള അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റ് എന്ന നിലയിലും ഹമാസ് തന്നെയാണ് അത് നിയന്ത്രിച്ചിരുന്നത്. കേവലം ഇരുപത്തിമൂന്ന ലക്ഷം ജനസംഖ്യയുള്ള ഗാസയിൽ 73,000-ത്തോളം പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. ഒന്നര ലക്ഷത്തോളം പേർക്ക് അംഗഭംഗം വരികയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തു. പതിനായിരക്കണക്കിന് കുട്ടികളാണ് മരണപ്പെട്ടത്. സമാധാന പ്രക്രിയ ഉണ്ടായി വെടിനിർത്തൽ സംഭവിച്ചു കഴിഞ്ഞ വർഷം നടന്നിട്ടും, വിവിധ ഏജൻസികളുടെ കണക്കുപ്രകാരം 1118 പേരാണ് ഇസ്രായേൽ ആക്രമണങ്ങളിൽ മാത്രം കൊല്ലപ്പെട്ടത്. ഏറ്റവും ഒടുവിലത്തെ വിവരമനുസരിച്ച്, ബോർഡ് ഓഫ് പീസിന്റെ പ്രവർത്തനങ്ങൾ നടക്കുമ്പോഴും, കഴിഞ്ഞ ദിവസം പോലും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് ജീവനുകളാണ് പൊലിഞ്ഞത്.
ഇനി ട്രമ്പ് പ്രഖ്യാപിച്ച റോഡ്മാപ്പിന്റെ ഘട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ആദ്യഘട്ടമായ വെടിനിർത്തൽ എന്നത് വളരെ സ്ട്രെയ്ൻഡ് ആയ ഒന്നാണ്; കൃത്യമായൊരു വെടിനിർത്തൽ എന്ന് പറയാനാവില്ല, മറിച്ച് സമ്മർദ്ദം ചെലുത്തിക്കൊണ്ടുള്ള ഒന്നാണത്. ഇസ്രായേലി ഹോവിസേഴ്സും എയർക്രാഫ്റ്റുകളും ഗാസയുടെ മണ്ണിൽ എതുനിമിഷവും തീമഴ വിതറാൻ പാകത്തിൽ ചുറ്റും നിരന്നുനിൽപ്പുണ്ട്. ഹമാസ് ഇപ്പോഴും പൂർണ്ണമായി നിരായുധരായിട്ടുമില്ല. എന്നാൽ ഇവിടെയാണ് കഴിഞ്ഞ ആഴ്ച നിർണ്ണായകമായ ഒരു മാറ്റം സംഭവിച്ചത്. ഹമാസ് ആയുധങ്ങൾ താഴെ വെക്കാനും അധികാരം വിട്ടൊഴിയാനും സമ്മതം മൂളിയിരിക്കുന്നു. ആദ്യം ആയുധങ്ങൾ താഴെ വെക്കുകയല്ല, പകരം അധികാരം വിട്ടൊഴിഞ്ഞ് ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തുകയാണ് ചെയ്യുന്നത്. ബോർഡ് ഓഫ് പീസിന്റെ കൺട്രോളിൽ വരുന്ന, ടെക്നോക്രാറ്റുകൾ ഉൾപ്പെടുന്ന ഒരു ഇടക്കാല കമ്മിറ്റിയെയാണ് തൽക്കാലത്തേക്ക് അധികാരം ഏൽപ്പിക്കുന്നത്.
ഇത് ഒരു ട്രാൻസിഷണൽ സ്റ്റേജാണ്. ഈ ഇടക്കാല സ്റ്റേജിൽ രണ്ട് കാര്യങ്ങളാണ് നടക്കേണ്ടത്. ഒന്നാമതായി, ഇസ്രായേൽ സേനയുടെ പൂർണ്ണമായ പിന്മാറ്റം. രണ്ടാമതായി, ഹമാസിന്റെ കൈവശമുള്ള ആയുധങ്ങൾ പുതിയ സംവിധാനത്തിന് കൈമാറുക എന്നത്. ഇവിടെയാണ് യഥാർത്ഥ കോൺഫ്ലിക്റ്റ് വരുന്നത്. അതായത്, ഇസ്രായേൽ സേന ഗാസമണ്ണിൽ നിന്നും പിന്മാറിയാൽ മാത്രമേ തങ്ങൾ ഒരു ഇന്റർനാഷണൽ സ്റ്റെബിലൈസിങ് ഫോഴ്സിനു മുൻപാകെ ആയുധങ്ങൾ സറണ്ടർ ചെയ്യൂ എന്നാണ് ഹമാസിന്റെ നിലപാട്. എന്നാൽ ആദ്യം പിന്മാറാൻ ഇസ്രായേൽ തയ്യാറല്ല. കൂടാതെ, ഗാസയിൽ പലയിടങ്ങളിലായി ഒളിപ്പിച്ചു വെച്ചിരിക്കുന്ന റോക്കറ്റ് ലോഞ്ചറുകളും ചെറുകിട മിസൈലുകളും പൂർണ്ണമായി കൈമാറ്റം ചെയ്യപ്പെടണം. ഇത് തങ്ങൾക്ക് തുടർന്നും ഭീഷണിയാണെന്നാണ് ഇസ്രായേൽ വാദിക്കുന്നത്. ഇസ്രായേൽ പിൻവാങ്ങാൻ തയ്യാറായില്ലെങ്കിൽ ഈ പോയിന്റിൽ തട്ടി ഗാസ പീസ് പ്ലാൻ തകരും. ഇതിനുശേഷമാണ് ഒരു പോപ്പുലർ ഗവൺമെന്റ് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേക്ക് വരേണ്ടത്. എന്നാൽ ഇസ്രായേൽ അനുകൂലികളായ ചില പലസ്തീനിയൻ മിലീഷ്യകളെ ഉപയോഗിച്ച് ഈ സമാധാന പ്രക്രിയ എങ്ങനെയും അട്ടിമറിക്കാൻ ഇസ്രായേൽ ശ്രമിക്കുന്നുണ്ട്. പെട്ടെന്ന് ഹമാസ് സമാധാനത്തിന് തയ്യാറാകാൻ ഉണ്ടായ കാരണം എന്താണെന്ന് നോക്കാം. ഫെബ്രുവരി 28, 2026-ൽ ആരംഭിച്ച ഈ ലേറ്റസ്റ്റ് റൗണ്ട് കോൺഫ്ലിക്റ്റ് ആറുമാസത്തിലധികമായി തുടരുകയാണ്. ഹമാസിനെ തദ്ദേശീയമായി വികസിപ്പിച്ചെടുക്കാൻ ഇനി വലിയ പരിമിതികളുണ്ട്. ഒരു രീതിയിലും ഹമാസിന്റെ കയ്യിലേക്ക് ഇറാനിയൻ ആയുധങ്ങൾ എത്തില്ല. മാത്രമല്ല, സിറിയയുടെ ഭരണകൂടം മാറി അൽ-ഷറ ഭരണകൂടം വന്നതോടുകൂടി സിറിയ വഴി ആയുധങ്ങൾ എത്തുന്ന വഴികളും അടഞ്ഞു. അമേരിക്കയ്ക്കും ഇസ്രായേലിനും മോണിറ്റർ ചെയ്യാവുന്ന ഒരു ഭരണകൂടമാണ് ഇപ്പോൾ സിറിയയിലുള്ളത്. അറബ് ലോകത്തിന്റെ മാനസിക പിന്തുണയല്ലാതെ സൈന്യത്തെ അയച്ചുകൊണ്ടുള്ള വലിയ സഹായങ്ങൾ ഒന്നും ഹമാസിന് ലഭിക്കില്ലെന്ന് അവർക്ക് ബോധ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഹമാസ് പിരിച്ചുവിടപ്പെടില്ലെങ്കിലും, ഒരു സായുധ സംഘം എന്ന നിലയിലുള്ള അവരുടെ റോൾ അവർ മാറ്റുകയാണ്. തങ്ങൾ അധികാരത്തിനുവേണ്ടിയല്ല, പലസ്തീൻ സ്വതന്ത്ര പരമാധികാര രാജ്യമാകണം എന്ന ലക്ഷ്യത്തിനുവേണ്ടിയാണ് നിലകൊണ്ടതെന്ന് അവർ പറയുന്നു. ഇനി സമാധാനപരമായിട്ടായിരിക്കും അവരുടെ പ്രവർത്തനം. ഒക്ടോബർ 7, 2023-ലെ സംഭവങ്ങളെ ആരും ന്യായീകരിക്കുന്നില്ലെങ്കിലും, അതൊരു ടേണിങ് പോയിന്റ് ആയിരുന്നു. ലോകമനസ്സുകളിൽ നിന്ന് മാഞ്ഞുപോയിക്കൊണ്ടിരുന്ന പലസ്തീനിയൻ കോസ് ഒരിക്കൽ കൂടി ലോകത്തിന്റെ സെന്റർ പോയിന്റിലേക്ക് കൊണ്ടുവരാൻ ഹമാസിന് കഴിഞ്ഞു. ഗാസയും വെസ്റ്റ് ബാങ്കും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഒരു പൂർണ്ണ സ്വതന്ത്ര പരമാധികാര പലസ്തീൻ രാജ്യം ഉണ്ടാവണം. അന്താരാഷ്ട്ര സമൂഹം അത് അംഗീകരിക്കണം. ഇസ്രായേലും അറബ് രാജ്യങ്ങളും ഒപ്പം പുതിയതായി രൂപീകരിക്കാൻ സാധ്യതയുള്ള പലസ്തീൻ രാഷ്ട്രവും ഇസ്രായേൽ എന്ന ജൂതരാഷ്ട്രത്തെ പൂർണ്ണമായി അംഗീകരിച്ച് പരസ്പരം ‘കോഎക്സിസ്റ്റ്’ ചെയ്യാനുള്ള മാനസികാവസ്ഥ ഉണ്ടാകണം. അങ്ങനെയെങ്കിൽ ഇറാൻ-ഇസ്രായേൽ വിഷയം ഉൾപ്പെടെയുള്ള സകല പ്രശ്നങ്ങളും പഴങ്കഥയായി മാറും. ബോർഡ് ഓഫ് പീസിന്റെ അടുത്ത സ്റ്റെപ്പ് എന്ന് പറയുന്നത് മൂന്ന് വർഷം എടുക്കുന്ന ഒരു റോഡ്മാപ്പാണ്. ഇതിന്റെ ഭാഗമായി ഒരു ഇടക്കാല സർക്കാർ അല്ലെങ്കിൽ കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്. ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഹെൽത്ത് വർക്കേഴ്സ്, ബ്യൂറോക്രാറ്റുകൾ, സർവീസ് പേഴ്സണൽ, ടെക്നീഷ്യൻസ് തുടങ്ങിയവരെല്ലാം താഴെത്തട്ടിൽ സേവനം ചെയ്യാൻ വേണ്ടിയുണ്ട്. അതെല്ലാം വളരെ സങ്കീർണമായ ഒരു പ്രക്രിയയാണ്. ഇതിനിടയിലുള്ള 14 ദിവസങ്ങൾ വളരെ നിർണായകമാണ്. ആ സമയത്ത് യാതൊരുവിധ സംഘർഷങ്ങളും ഉണ്ടാകരുതെന്ന നിഷ്കർഷ ഉള്ളപ്പോഴാണ് ഇസ്രായേലിന്റെ ആക്രമണത്തിൽ വീണ്ടും ആളുകൾ കൊല്ലപ്പെടുന്നത്. മൂന്നു വർഷത്തെ കാലാവധിക്കുള്ളിൽ പൂർണ്ണമായ ശാന്തത ഉണ്ടാവുകയും, അതിനോടൊപ്പം തന്നെ ഗാസയുടെ റീകൺസ്ട്രക്ഷൻ ആരംഭിക്കുകയും വേണം. 90 ശതമാനത്തോളം കെട്ടിടങ്ങളും തകർന്ന് റോഡ്സ് ആയി കിടക്കുന്ന, ലോകത്ത് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള 368 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള ഗാസയുടെ പുനർനിർമ്മാണം എന്നത് ഒരു ഹെർക്കൂലിയൻ ടാസ്ക് ആണ്. അത് മൂന്നു വർഷം കൊണ്ട് തീരില്ലെങ്കിലും, തുടർച്ചയായി നടക്കുന്ന ഇസ്രായേലി ആക്രമണങ്ങൾ പൂർണ്ണമായി നിർത്തണം. ഇസ്രായേൽ സേന പിൻവാങ്ങുന്ന മുറയ്ക്ക് സമാന്തരമായി ഹമാസ് ആയുധങ്ങൾ താഴെ വെക്കുകയും, ഇസ്രായേലി ഭടന്മാരിൽ ഒരാൾ പോലും ഗാസയുടെ മണ്ണിൽ ഉണ്ടാവാത്ത രീതിയിൽ കാര്യങ്ങൾ സിൻക്രണൈസ് ചെയ്യുകയും വേണം. ബോർഡ് ഓഫ് പീസിന്റെ പ്രവർത്തനങ്ങൾ വിജയിക്കട്ടെ, മധ്യപൂർവദേശത്ത് ആത്യന്തികമായ സമാധാനം ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.
