സാധാരണ നമ്മൾ കേൾക്കാറുള്ളത് “കണ്ണൂർ എന്നാൽ സി.പി.എമ്മിന്റെ ഉരുക്കുകോട്ട” എന്നാണ്. അവിടെ ഇലക്ട്രിക് പോസ്റ്റിൽ പിടിച്ചാൽ പോലും ഷോക്കടിക്കില്ല, പക്ഷെ പാർട്ടിക്കെതിരെ ഒരക്ഷരം മിണ്ടിയാൽ അണികൾ വട്ടം കൂടും എന്നായിരുന്നു ഇതുവരെയുള്ള സംസാരം. എന്നാൽ ഇപ്പോൾ കഥ ആകെ മാറിയിരിക്കുകയാണ്. നമ്മുടെ ഇരട്ടച്ചങ്കൻ ക്യാപ്റ്റൻ പിണറായി വിജയന്റെയും, പാർട്ടിയെ ക്ലാസെടുത്ത് പഠിപ്പിക്കുന്ന ഗോവിന്ദൻ മാഷിന്റെയും സ്വന്തം തട്ടകങ്ങളിൽ നിന്ന് തന്നെ പുക ഉയരുകയാണ്.
ഇത്തവണ പണി വരുന്നത് പുറത്തുനിന്നല്ല, അരനൂറ്റാണ്ടുകാലം പാർട്ടിയെ ചുമലിലേറ്റിയ സ്വന്തം നേതാക്കളിൽ നിന്ന് തന്നെയാണ്. പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.എം അണികൾ ഇപ്പോൾ കൺഫ്യൂഷനിലാണ്; മുദ്രാവാക്യം വിളിക്കണോ അതോ സ്വന്തം നേതാക്കൾ നടത്തുന്ന ഈ ‘തിരുത്തൽ’ വിപ്ലവത്തിൽ ചേരണോ എന്ന്. അഴിമതിയും കുടുംബവാഴ്ചയും പറഞ്ഞ് സ്വന്തം രക്തത്തിൽ പിറന്നവർ തന്നെ തിരിയുമ്പോൾ, അത് പിണറായി വിജയന്റെ രാഷ്ട്രീയത്തിന് ഏൽക്കുന്ന ഏറ്റവും വലിയ പ്രഹരമാണ്. എന്താണ് ഈ പയ്യന്നൂരിലും തളിപ്പറമ്പിലും ശരിക്കും സംഭവിക്കുന്നത്? നമുക്കിത് വിശദമായി ഒന്ന് പരിശോധിക്കാം.ആദ്യം നമുക്ക് പയ്യന്നൂരിലെ വിശേഷം നോക്കാം. അവിടെ വി. കുഞ്ഞിക്കൃഷ്ണൻ എന്ന പഴയ സഖാവാണ് ഇപ്പോൾ നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നത്. 40 വർഷത്തിലേറെ പാർട്ടിയുടെ ഏരിയ കമ്മിറ്റിയിൽ ഇരുന്ന് പയറ്റിയ പടക്കുതിര. ഇദ്ദേഹം ഇപ്പോൾ വോട്ട് ചോദിക്കാൻ പോകുന്നത് വെറും കൈയോടെയല്ല, മറിച്ച് “നേതൃത്വത്തെ അണികൾ തിരുത്തണം” എന്നൊരു പുസ്തകവുമായാണ്. പുസ്തകം വിറ്റ് ഇലക്ഷൻ ഫണ്ട് ഉണ്ടാക്കുന്ന ഈ ഐഡിയ പിണറായിക്ക് പോലും ചിന്തിക്കാൻ കഴിയില്ല!
ഈ പുസ്തകത്തിൽ അദ്ദേഹം അക്കമിട്ട് നിരത്തുന്നത് പാർട്ടിക്കുള്ളിലെ ഞെട്ടിക്കുന്ന അഴിമതിക്കഥകളാണ്. രക്തസാക്ഷി ഫണ്ട്, കെട്ടിട ഫണ്ട്… ചുരുക്കത്തിൽ കണ്ട സകല ഫണ്ടുകളിൽ നിന്നും നേതാക്കൾ ഏകദേശം ഒരുകോടി രൂപ മുക്കി എന്നാണ് കുഞ്ഞിക്കൃഷ്ണൻ തെളിവ് സഹിതം പറയുന്നത്. പാവപ്പെട്ട അണികൾ തങ്ങളുടെ വിയർപ്പുതുള്ളി നൽകി ഉണ്ടാക്കിയ പണം നേതാക്കൾ അടിച്ചുമാറ്റുന്നത് ചോദിച്ചപ്പോൾ പുള്ളിയെ പാർട്ടി പുറത്താക്കി. ഇതാണ് ഇപ്പോഴത്തെ പാർട്ടി രീതി; അഴിമതി കാണിച്ചവരെ സംരക്ഷിക്കുക, കണക്ക് ചോദിച്ചവനെ വെട്ടി നിരത്തുക. ഇതിലും വലിയൊരു പരിഹാസം പിണറായിക്ക് വേറെ കിട്ടാനുണ്ടോ? അണികൾക്കിടയിൽ ഈ പുസ്തകം ഒരു “ചൂടപ്പം” പോലെയാണ് വിറ്റുപോരുന്നത്. അഴിമതിക്ക് കുടപിടിക്കുന്ന നേതൃത്വത്തെ അണികൾ തന്നെ വോട്ടിലൂടെ തിരുത്തുമെന്ന ഭീതിയിലാണ് പയ്യന്നൂരിലെ ഔദ്യോഗിക സ്ഥാനാർത്ഥികൾ.
ഇനി നമുക്ക് തളിപ്പറമ്പിലെ അവസ്ഥ നോക്കാം. ഇവിടെ കഥ കുറച്ചുകൂടി ഗൗരവമുള്ളതും അതേസമയം തന്നെ പരിഹാസ്യവുമാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷിന്റെ ഭാര്യ പി.കെ. ശ്യാമളയെ അവിടെ സ്ഥാനാർത്ഥിയാക്കി. ഉടനെ വന്നു അടുത്ത വെടി! “പാർട്ടിയിൽ കുടുംബവാഴ്ചയോ?” എന്ന് ചോദിച്ചുകൊണ്ട് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദൻ തന്നെ രംഗത്തിറങ്ങി.
അര നൂറ്റാണ്ടുകാലം പാർട്ടിയെ നയിച്ച ഇദ്ദേഹം ഇപ്പോൾ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി നിൽക്കുമ്പോൾ നേതൃത്വത്തിന്റെ ചങ്കിടിപ്പ് കൂടുകയാണ്. പി.കെ. ശ്യാമളയ്ക്കെതിരെ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധം നേരത്തെ തന്നെയുണ്ട്. അവരുടെ സ്വന്തം നാടായ മൊറാഴയിൽ പോലും വോട്ട് ചോദിക്കാൻ പാർട്ടി പ്രവർത്തകർ മടിക്കുന്നു എന്നതാണ് സത്യം. “മാഷും ഭാര്യയും കൂടി ഭരിച്ചോളൂ, ഞങ്ങൾക്ക് വേറെ പണിയുണ്ട്” എന്നാണ് അണികളുടെ ഇപ്പോഴത്തെ മൂഡ്. കുടുംബവാഴ്ചയ്ക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ഗോവിന്ദൻ മാഷിന് സ്വന്തം വീട്ടിലെ ഈ വിമത നീക്കം വലിയൊരു നാണക്കേടായി മാറിയിരിക്കുകയാണ്.
ഈ രണ്ട് മണ്ഡലങ്ങളിലും സി.പി.എമ്മിനെ ഏറ്റവും കൂടുതൽ പേടിപ്പിക്കുന്നത് അണികളുടെ നിശബ്ദതയാണ്. പുറമെ നോക്കിയാൽ എല്ലാം ശാന്തമാണെന്ന് തോന്നുമെങ്കിലും, ഉള്ളിൽ വലിയൊരു അഗ്നിപർവ്വതം പുകയുന്നുണ്ട്. സാധാരണ തിരഞ്ഞെടുപ്പ് കാലത്ത് കണ്ണൂരിൽ വലിയ ആവേശമായിരിക്കും. എന്നാൽ ഇത്തവണ പല പാർട്ടി ഗ്രാമങ്ങളിലും വല്ലാത്തൊരു നിശബ്ദതയാണ്.
പയ്യന്നൂരിൽ പിണറായിക്ക് എട്ടിന്റെ പണി! അഹങ്കാരത്തിന് കാലം കരുതിവെച്ച തിരിച്ചടി
