നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ഉത്തരവാദിത്തം സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്ക് മാത്രമാണെന്ന് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം. പാർട്ടിയുടെ നയങ്ങളെയും നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കി നടന്ന പൊതുചർച്ചയിൽ, ജനപിന്തുണയുള്ള യുവനേതാക്കളെ മത്സരിപ്പിക്കാൻ തയ്യാറായില്ലെന്ന വലിയ ആരോപണമാണ് പ്രതിനിധികൾ ഉന്നയിച്ചത്.
തെരഞ്ഞെടുപ്പ് രംഗത്ത് വിജയിക്കാൻ യോഗ്യതയുള്ള നിരവധി യുവാക്കൾ സംഘടനയിൽ ഉണ്ടായിരുന്നിട്ടും, അവരെ പൂർണ്ണമായും തഴഞ്ഞത് തിരിച്ചടിയായി. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന് പ്രതിനിധികൾ തുറന്നടിച്ചു.
മുൻ സർക്കാരിന്റെ ചില ഉത്തരവുകളിലെ അപാകതകൾ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് വലിയ കോട്ടം തട്ടി.പ്രത്യേകിച്ച് സഹകരണ മേഖലയിലെ നിയമനങ്ങളിൽ സുതാര്യതക്കുറവുണ്ടായെന്നും ഇത് പാർട്ടിയെ പൊതുസമൂഹത്തിൽ പ്രതിരോധത്തിലാക്കിയെന്നും തൃത്താല, ഷൊർണൂർ ബ്ലോക്ക് കമ്മിറ്റി പ്രതിനിധികൾ ചൂണ്ടിക്കാട്ടി. തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ല. സംസ്ഥാന-ജില്ലാ നേതൃത്വങ്ങളും താഴെത്തട്ടിലുള്ള പ്രവർത്തകരും ഒരുപോലെ ഇതിന് ഉത്തരവാദികളാണെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.
പാർട്ടിക്ക് ഏറെ സ്വാധീനമുള്ള മേഖലകളിൽ പോലും ഇത്തരം പാളിച്ചകൾ ഉണ്ടായെന്നത് നിസ്സാരമായി കാണാനാവില്ല. പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തിയില്ലെങ്കിൽ വരും നാളുകളിലും വലിയ തിരിച്ചടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് സമ്മേളനത്തിൽ ഉയർന്നത്.
