ഏപ്രില്‍ 10 മുതല്‍ പുതിയ പരിഷ്‌കാരം;ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ ഇനി മുതല്‍ പണമായി ടോള്‍ സ്വീകരിക്കില്ലെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ

ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ ഇനി മുതല്‍ പണമായി ടോള്‍ സ്വീകരിക്കില്ലെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഏപ്രില്‍ 10 മുതല്‍ പുതിയ പരിഷ്‌കാരം നിലവില്‍ വരും. ടോള്‍ പിരിവ് പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുകയാണ്.. ടോള്‍ അടയ്‌ക്കാന്‍ ഫാസ്ടാഗ് അല്ലെങ്കില്‍ യുപിഐ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. എല്ലാ വാഹനങ്ങളിലും പ്രവര്‍ത്തനക്ഷമമായ ഫാസ്ടാഗ് ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാണ്.

ഫാസ്ടാഗ് ഇല്ലെങ്കിലും പ്രവര്‍ത്തന ക്ഷമമല്ലെങ്കിലും യാത്രക്കാര്‍ക്ക് യുപിഐ വഴി പണമടയ്‌ക്കാം. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ സാധാരണ ടോള്‍ തുകയുടെ 1.25 മടങ്ങ് തുക നല്‍കേണ്ടി വരും. പണമടയ്‌ക്കാന്‍ കഴിയാതെപോകുന്ന വാഹന ഉടമകള്‍ക്ക് ഇ-നോട്ടീസ് അയക്കും. 72 മണിക്കൂറിനുള്ളില്‍ പണമടച്ചില്ലെങ്കില്‍ ടോള്‍ തുകയുടെ ഇരട്ടി തുക പിഴയായി നല്‍കേണ്ടി വരും. 15 ദിവസത്തിനു ശേഷവും പേയ്‌മെന്റ് നടത്താത്ത പക്ഷം ഈ നോട്ടിസ് സര്‍ക്കാരിന്റെ വാഹന്‍ സിസ്റ്റവുമായി ബന്ധിപ്പിക്കും. ഇത് വാഹനത്തിന്റെ ഫിറ്റ്നസ്, വില്‍പ്പന തുടങ്ങിയ കാര്യങ്ങളെ ബാധിക്കും.

പലപ്പോഴും തിരിച്ചറിയല്‍ രേഖകള്‍ കാണിച്ച് ടോള്‍ ഒഴിവാക്കുന്ന രീതി ഉണ്ടായിരുന്നു. പുതിയ നിയമപ്രകാരം ഇത്തരം ഐഡി കാര്‍ഡുകള്‍ കാണിച്ചുള്ള സൗജന്യ യാത്രകള്‍ അനുവദിക്കില്ല. ടോള്‍ ഇളവുകള്‍ ഉള്ളവര്‍ നിര്‍ബന്ധമായും എക്‌സെംപ്റ്റഡ് ഫാസ്ടാഗ് ഉപയോഗിക്കണം.

സ്ഥിരം യാത്രക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ അവതരിപ്പിച്ച വാര്‍ഷിക ഫാസ്ടാഗിന്റെ നിരക്കും പരിഷ്‌കരിച്ചിട്ടുണ്ട്. മുമ്പ് വാര്‍ഷിക പാസിന് 3,000 രൂപ ആയിരുന്നെങ്കില്‍ ഇനി മുതല്‍ 3,075 രൂപ നല്‍കണം. രാജ്യത്ത് 1,150 ഓളം ടോള്‍ പ്ലാസകളില്‍ വാലിഡ് ആയ ഈ പാസ് 300 സൗജന്യ യാത്രകള്‍ വരെ വാഗ്ദാനം ചെയ്യുന്നു. ദേശീയപാതകളില്‍ ടോള്‍ നിരക്കുകളും വര്‍ധിക്കുകയാണ്. നാഷണല്‍ ഹൈവേകളില്‍ പാസഞ്ചര്‍ കാറുകളുടെ ടോളില്‍ 10 ശതമാനം വര്‍ധന വരും.

Leave a Reply

Your email address will not be published. Required fields are marked *