നേപ്പാളിൽ പാര്‍ലമെന്റ് സമ്മേളനം റദ്ദാക്കി,നേപ്പാളിന്റെ ചരിത്രത്തിൽ തന്നെ അസാധാരണമായ സംഭവം..

നേപ്പാളിൽ വലിയ മാറ്റങ്ങൾ വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന ബാലേന്ദ്ര ഷാ സർക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസം തികയും മുമ്പേ കടുത്ത പ്രതിസന്ധി. ഏപ്രിൽ 30-ന് ചേരാനിരുന്ന പാർലമെന്റിന്റെ ഇരുസഭകളുടെയും സമ്മേളനം പ്രസിഡന്റ് രാമചന്ദ്ര പൗഡൽ വ്യാഴാഴ്ച റദ്ദാക്കി.

ഏപ്രിൽ 21-ന് ചേര്‍ന്ന മന്ത്രിസഭ നൽകിയ ശുപാർശ പ്രകാരം സമ്മേളനം വിളിച്ചുകൂട്ടാൻ തീരുമാനിച്ചിരുന്നതാണ്.എന്നാൽ, രണ്ട് ദിവസത്തിന് ശേഷം “പ്രത്യേക കാരണങ്ങൾ” എന്ന് വിശേഷിപ്പിച്ചാണ് ഇത് റദ്ദാക്കിയത്.നടപടി പ്രതിപക്ഷത്തെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.

പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുൻപേ അത് സസ്പെൻഡ് ചെയ്യുന്നത് നേപ്പാളിന്റെ ചരിത്രത്തിൽ തന്നെ അസാധാരണമാണെന്ന് മുതിർന്ന പ്രതിപക്ഷ നേതാവ് അർജുൻ നർസിങ് കെ സി വിശേഷിപ്പിച്ചു.അഴിമതിരഹിത ഭരണം ലക്ഷ്യമിട്ട് അധികാരത്തിൽ വന്ന രാഷ്ട്രീയ സ്വതന്ത്ര പാർട്ടി സർക്കാരിന് നാലാഴ്ചയ്ക്കകം രണ്ട് മന്ത്രിമാരുടെ രാജി നേരിടേണ്ടി വന്നു.സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെത്തുടർന്ന് ആഭ്യന്തര മന്ത്രി സുദൻ ഗുരുങ് കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചു. സസ്പെൻഷൻ നടപടിക്ക് തൊട്ടുതലേദിവസമാണ് രാജി. ഏപ്രിൽ 9-ന് തൊഴിൽ-സാമൂഹിക സുരക്ഷാമന്ത്രിയായിരുന്ന ദീപ് കുമാർ ഷായെ പ്രധാനമന്ത്രി പുറത്താക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *