പഞ്ചസാര വില കിലോയ്ക്ക് 50 രൂപ കടന്നത് ബേക്കറി വ്യവസായത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. പാചകവാതക വിലവർധനയ്‌ക്ക് പുറമെയാണിത്. ഇതിനുപുറമേ ബേക്കറി പലഹാരങ്ങളിൽ പ്രധാന ഘടകമായ മുട്ടയുടെ വില 8 രൂപ കടന്നതും വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വില വർധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.
കേക്കുകൾക്കും പലഹാരങ്ങൾക്കും വിലയേറും
പഞ്ചസാരയും മുട്ടയും ധാരാളമായി ആവശ്യമുള്ള കേക്കുകളുടെ വില ഉയർത്താതെ പിടിച്ചുനിൽക്കാനാകില്ല. ജന്മദിനങ്ങൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്കും ചെറിയ ആഘോഷങ്ങൾക്കുപോലും ചെലവേറുന്നത് സാധാരണക്കാരെയാണ് പ്രധാനമായും ബാധിക്കുക. കേക്കിനു പുറമെ ബിസ്കറ്റ്, ലഡു, ജിലേബി തുടങ്ങിയ മിക്ക ബേക്കറി ഉൽപന്നങ്ങളുടെയും നിർമാണച്ചെലവ് വർധിക്കുന്നതിനനുസരിച്ച് വിലയും ഉയരും.മുട്ടവില കുതിച്ചുയരാൻ കാരണം
ആറര മുതൽ ഏഴു രൂപ വരെ ലഭിച്ചിരുന്ന മുട്ടയുടെ വില പെട്ടെന്നാണ് 8 രൂപ കടന്നത്. കോഴിത്തീറ്റയുടെ വില 50 കിലോഗ്രാം ചാക്കിന് 2300 രൂപയായി വർധിച്ചതാണ് ഇതിലൊരു കാരണം. ഇതിനുപുറമെ തമിഴ്നാട്ടിൽ നിന്നുള്ള മുട്ടയുടെ വരവ് കുറഞ്ഞതും തിരിച്ചടിയായി. തമിഴ്നാട്ടിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അഞ്ച് ദിവസവും മുട്ട ഉൾപ്പെടുത്തിയതോടെ ദിവസേന 60 ലക്ഷത്തോളം മുട്ടയാണ് അവിടേക്ക് ആവശ്യമായി വരുന്നത്. കൂടാതെ, കടുത്ത ചൂട് കാരണം തമിഴ്നാട്ടിലെ നാമക്കലിലെ മുട്ട ഉൽപാദനത്തിൽ 15 ശതമാനത്തോളം കുറവുണ്ടായി. ഇത് കേരളത്തിലേക്കുള്ള വരവിനെയും സാരമായി ബാധിച്ചു.
എഥനോൾ ഉൽപാദനവും പഞ്ചസാര വിലയും
ഇന്ത്യയിൽ പഞ്ചസാര ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ പെട്രോളിൽ എഥനോൾ കലർത്തുന്നതിന്റെ ഭാഗമായി എഥനോൾ നിർമാണത്തിന് പ്രാധാന്യം നൽകിത്തുടങ്ങിയിട്ടുണ്ട്. കരിമ്പ് ജ്യൂസ് എഥനോൾ നിർമാണത്തിനായി നീക്കിവയ്ക്കുന്നത് പഞ്ചസാര ഉൽപാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറയ്ക്കുകയും, ഇത് വില വർധനവിന് കാരണമാവുകയും ചെയ്തുവെന്ന് മൊത്ത വ്യാപാരികൾ വ്യക്തമാക്കുന്നു.
