ബ്രിക്സ് ഉച്ചകോടിയിലും ഉഭയകക്ഷി ചർച്ചകളിലും പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ന്യൂദല്‍ഹിയിലെത്തി. പുലർച്ചെ മൂന്നുമണിയോടെ ദല്‍ഹിയിലെ പാലം. വിമാനത്താവളത്തിലെത്തിയ റഷ്യൻ പ്രസിഡന്റിനെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് നേരിട്ടെത്തി ഔദ്യോഗികമായി സ്വീകരിച്ചു.
സന്ദർശനത്തിനിടയിൽ റഷ്യൻ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം, ഊർജ പങ്കാളിത്തം,വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചകളിൽ പ്രധാന അജണ്ടയാകും. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെയും റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ നടക്കുന്ന ഉച്ചകോടിക്ക് ആഗോളതലത്തിൽ വലിയ പ്രാധാന്യമാണുള്ളത്.
ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും തമ്മിൽ നിർണായക ഉഭയകക്ഷി ചർച്ചകൾ നടക്കും.വ്യാപാര-സാമ്പത്തിക സഹകരണത്തിന് പുറമെ പ്രതിരോധ മേഖലയിലെ സുപ്രധാന കരാറുകളും ചർച്ചയാകും.
