വെള്ളം കുടി മുട്ടിച്ച് നാരങ്ങാ; കുതിച്ചുയർന്ന് നാരങ്ങാവില

ഏറ്റവും നല്ല ദാഹ ശമനിയായ നാരങ്ങ വെള്ളം കുടി മുട്ടിച്ചാണ് നാരങ്ങാ വില കുതിച്ചുയരുന്നത്.ചെറുനാരങ്ങ വില ഡബിൾ സെഞ്ചുറിയും കടന്ന് മുകളിലേക്ക് ഉയർന്നതോടൊപ്പം നാരങ്ങ വെള്ളത്തിൻ്റെ വിലയും ഉയർന്നു. ചെറുനാരങ്ങാ ഹോൾസെയിൽ വില ഒരു കിലോക്ക് 225 രൂപയാണ്. വേനൽ കടുത്തതിനു പിന്നാലെ നാരങ്ങാ വെള്ളത്തിന്റെ ഉപയോഗം കൂടിയതോടെ നാരങ്ങാ വിലയും കൂടുകയായിരുന്നു.

തമിഴ്നാട്ടിലും വേനൽ ശക്തമായതോടെ നാരങ്ങയുടെ ഉൽപാദനം കുറഞ്ഞതും കേരളത്തിൽ ഉപയോഗം കൂടിയതുമാണ് നാരങ്ങാ വില കൂടാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു. വേനൽ തുടങ്ങിയപ്പോൾ 100 രൂപ ആയിരുന്നു നാരങ്ങാ വില. കഴിഞ്ഞതിന്റെ മുൻവർഷം ചെറുനാരങ്ങയ്ക്ക് 250 രൂപ വില വന്നിരുന്നു. എന്നാൽ കഴിഞ്ഞവർഷം ഇത് 150 രൂപയായിരുന്നു.
കേരളത്തിൽ ഉപയോഗം കൂടിയതും നാരങ്ങ കിട്ടാനില്ലാതായതുമാണ് വില വർദ്ധിക്കാൻ കാരണം. തമിഴ്നാട്ടിൽ 200 രൂപയ്ക്ക് മുകളിലാണ് ഒരു കിലോ നാരങ്ങ ലേലത്തിൽ വിൽക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.നാരങ്ങാ വില വർധിച്ചതോടെ നാരങ്ങ കൊണ്ട് ഉണ്ടാക്കുന്ന വിവിധതരം ജ്യൂസുകൾക്ക് 5മുതൽ 20 രൂപ വരെയാണ് വില വർദ്ധിപ്പിച്ചത്. ഇനിയും ചെറു നാരങ്ങായ്ക്ക് വില വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. കാലാവസ്ഥാ വിശകലനത്തിന്റെ ശാസ്‌ത്രീയ രീതി അനുസരിച്ച്‌ ദിവസത്തിൽ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്നത്‌ പുലർകാലങ്ങളിലാണ്‌. എന്നാൽ കാലാവസ്ഥ തകിടംമറിഞ്ഞതിനാൽ ഇപ്പോൾ പുലർകാലത്തും ചൂട്‌ ഉയർന്നുതന്നെയായതിനാൽ ശീതളപാനീയക്കച്ചവടം പൊടിപൊടിക്കുതയാണ്. പാതയോരങ്ങളിൽ താൽക്കാലിക കടകൾ വ്യാപകമായി തുറക്കുന്നുണ്ട്. കുടുംബശ്രീ, വനിതാ സംഘങ്ങളും സംരംഭകരായുണ്ട്‌. ആവശ്യക്കാരേറെയുള്ളത്‌ സോഡാ സർബത്തിനും നാരങ്ങാ വെള്ളത്തിനുമാണ്. 25 രൂപയാണ് ശരാശരി വില.
വേനൽക്കാലം പഴങ്ങളുടെ കാലവുമായതിനാൽ ‘സീസണൽ’ ആയി ലഭിക്കുന്ന ജ്യൂസുകൾക്കും തിരക്കുണ്ടെന്ന്‌ വ്യാപാരികൾ പറയുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ കച്ചവടം കൂടുതലാണ്‌. പൈനാപ്പിൾ, തണ്ണിമത്തൻ, മാങ്ങ എന്നിവയാണ്‌ കൂടുതലായി എത്തുന്നത്‌. മുന്തിരി, ഓറഞ്ച്‌, മുസംബി,കാരറ്റ്‌ തുടങ്ങിയവയും ധാരാളമായി വിറ്റുപോകുന്നു.‘ഷേക്ക്‌’ വിഭവങ്ങൾക്കും ഡിമാന്റുണ്ട്‌. വഴിയോരങ്ങളിൽ മുൻവർഷങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ കരിക്ക്‌, കരിമ്പിൻജ്യൂസ്‌, സംഭാരം കച്ചവടക്കാരും നിരന്നിട്ടുണ്ട്‌. കരിക്കിനും വില കൂടിയിട്ടുണ്ടെന്ന്‌ കച്ചവടക്കാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *