കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ച നിർണ്ണായക സംഭവത്തിൽ ആദ്യ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. ബിജെപി പ്രവർത്തകർക്ക് ഏതൊരു പദവിയേക്കാളും ഉപരിയായി രാജ്യവും യുവാക്കളും വിദ്യാർത്ഥികളുമാണ് പ്രധാനമെന്നും, ധർമ്മേന്ദ്ര പ്രധാന്റെ രാജി ഈ തത്ത്വമാണ് തെളിയിക്കുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. മോദി സർക്കാർ രാജ്യത്തെ യുവാക്കളുടെ വികാരങ്ങളെ മാനിക്കുന്നുണ്ടെന്നും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ആവശ്യമായ കർശന പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ വ്യക്തമാക്കുകയുണ്ടായി. ചോദ്യപേപ്പർ ചോർച്ചയിൽ കുറ്റക്കാരായവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച തീരുമാനങ്ങൾ ഏറെ പ്രശംസനീയമാണെന്നും, നീറ്റ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് പൂർണ്ണ നീതി ഉറപ്പാക്കാൻ ഈ നടപടികൾ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലുള്ള ധർമ്മേന്ദ്ര പ്രധാന്റെ സേവനങ്ങളെയും അമിത് ഷാ അഭിനന്ദിക്കുകയുണ്ടായി. ദേശീയ വിദ്യാഭ്യാസ നയം കാര്യക്ഷമമായി നടപ്പിലാക്കൽ, മാതൃഭാഷകളിൽ പരീക്ഷകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ, പിഎം ശ്രീ സ്കൂളുകളുടെ വിപുലീകരണം, ഡിജിറ്റൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം, വ്യവസായ-അക്കാദമിക് ഏകോപനം എന്നിവ ശക്തിപ്പെടുത്തുന്നതിൽ പ്രധാൻ വലിയ പങ്കുവഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പരീക്ഷാ സമ്പ്രദായം കൂടുതൽ ഉൾക്കൊള്ളുന്നതും വിദ്യാർത്ഥികേന്ദ്രീകൃതവുമാക്കാൻ അദ്ദേഹം ശ്രമിച്ചുവെന്നും ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിന്റെ തെളിവാണ് ഭരണകാലമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു. രാജിക്ക് പിന്നാലെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ എന്നിവർക്കൊപ്പം അമിത് ഷാ പ്രധാന്റെ വസതി നേരിട്ട് സന്ദർശിച്ച് പിന്തുണ അറിയിക്കുകയും ചെയ്തു.നീറ്റ് പരീക്ഷാ വിവാദത്തെത്തുടർന്ന് പ്രധാൻ രാജിവെച്ച ഒഴിവിലേക്ക്, മുതിർന്ന ബിജെപി നേതാവ് പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകിയിട്ടുണ്ട്. ഇതിനുപിന്നാലെ കോക്ക്റോച്ച് ജനതാ പാർട്ടി കേന്ദ്ര സർക്കാറുമായി കരാറിലെത്തുകയും ഡൽഹി ജന്തർ മന്ദറിൽ 36 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിക്കുകയും ചെയ്തു.
