പി.കെ. ശ്രീമതിക്കെതിരായ വ്യാജവാർത്തയിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി

സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ കണ്ണൂർ റൂറൽ സൈബർ പൊലീസ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെയാണ് ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, സോഷ്യൽ മീഡിയ വഴി വ്യക്തികൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് വഞ്ചന നടത്തുക തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

കുന്നംകുളം മുൻ എം.എൽ.എ പി.കെ. കൃഷ്ണന്റെ ഭാര്യയെന്ന വ്യാജേന പി.കെ. ശ്രീമതി ഫാമിലി പെൻഷൻ കൈപ്പറ്റിയെന്ന തരത്തിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചതാണ് വലിയ വിവാദങ്ങൾക്കും നിയമനടപടികൾക്കും വഴിവെച്ചിരിക്കുന്നത്.പ്രമുഖ മാധ്യമങ്ങളായ ജനം ടിവി, ജന്മഭൂമി ദിനപ്പത്രം, ഓൺലൈൻ മാധ്യമങ്ങളായ കർമ്മ ന്യൂസ്, ഭാരത് ലൈവ്, കണ്ണൂരിൽ നിന്നുള്ള സായാഹ്ന പത്രമായ സുദിനം എന്നിവയാണ് പി.കെ. ശ്രീമതിക്കെതിരെ ഈ വ്യാജ വാർത്ത നൽകിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് വാർത്തകളുടെ തെളിവുകൾ ശേഖരിക്കുന്നതാണ് അന്വേഷണത്തിന്റെ ആദ്യ ഘട്ടം. ഇതിന്റെ ആധികാരികത പൂർണ്ണമായി ഉറപ്പുവരുത്തുന്നതിനായി ‘മെറ്റ’യ്ക്ക് (Meta) പൊലീസ് കത്ത് നൽകും. തുടർന്ന് വ്യാജ വാർത്ത തയ്യാറാക്കാൻ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

റൂറൽ സൈബർ പൊലീസ് ഇൻസ്പെക്ടർക്കാണ് ഈ കേസന്വേഷണത്തിന്റെ മുഖ്യ ചുമതല. സൈബർ ഓപ്പറേഷൻസിന്റെ ചുമതലയുള്ള ഐ.ജി പി. പ്രകാശിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണ പുരോഗതി വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *