പടക്കനിർമാണശാലയിൽ പൊട്ടിത്തെറി; രണ്ട് മരണം

തമിഴ്നാട്ടിലെ കമ്പം കാട്ടുപള്ളിവാസലിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം.രണ്ട് തൊഴിലാളികൾ മരിച്ചു. സൂര്യ, ദീനദയാലൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. സ്ഫോടനത്തിൽ പരിക്കേറ്റ രണ്ടുപേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് രാവിലെ പടക്കനിർമ്മാണശാല തുറന്ന ഉടനെയായിരുന്നു അപകടം. ഷട്ടർ തുറന്നതിന് പിന്നാലെ ശക്തമായ പൊട്ടിത്തെറിയും തുടർന്ന് തീപിടിത്തവുമുണ്ടാകുകയായിരുന്നു. പടക്കനിർമ്മാണശാലയ്ക്കുള്ളിൽ രൂപപ്പെട്ട വിഷവാതകമാകാം പെട്ടെന്നുള്ള സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിശമന സേനയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പടക്കശാല തുറന്ന സമയത്ത് കൂടുതൽ തൊഴിലാളികൾ സ്ഥലത്തില്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *