വൈദ്യുതി ഉപയോഗം നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമായതോടെ വൈദ്യുതി ഉപയോഗം റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയരുന്നു. ഏപ്രിൽ 18-ന് പ്രതിദിന ഉപയോഗം 117.16 ദശലക്ഷം യൂണിറ്റിലെത്തി സർവ്വകാല റെക്കോർഡ് സ്ഥാപിച്ചു. ചരിത്രത്തിലാദ്യമായി രാത്രികാലത്തെ വൈദ്യുതി ആവശ്യകത 6000 മെഗാവാട്ടിന് മുകളിലേക്ക് ഉയർന്നത് വൈദ്യുതി ബോർഡിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ഏപ്രിൽ 23-ന് രാത്രിയിൽ മിനിറ്റുകൾക്കുള്ളിൽ ആവശ്യകത 6195 മെഗാവാട്ട് വരെ എത്തിയത് പ്രസരണ ശൃംഖലയെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.

ആഭ്യന്തര ഉത്പാദനം വർധിപ്പിച്ചും പുറത്തുനിന്ന് കൂടുതൽ വൈദ്യുതി എത്തിച്ചും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ കെഎസ്ഇബി ശ്രമിക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. ശൃംഖലയിലെ ഈ അമിതഭാരം കുറയ്ക്കുന്നതിനായി വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയുള്ള സമയത്ത് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ബോർഡ് അഭ്യർത്ഥിച്ചു. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഈ സമയത്ത് ഓഫാക്കുന്നത് വിതരണ ശൃംഖലയുടെ തകരാറുകൾ ഒഴിവാക്കാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *