ഇടതുപക്ഷത്തിൻ്റെ തകർച്ചക്ക് പ്രധാന കാരണം,പ്രതിക്കൂട്ടിൽ പിണറായി വിജയനും പി.ശശിയും ഗോവിന്ദനും

 തോൽവി ഇടതുപക്ഷം ഇരന്ന് വാങ്ങിയതാണ്. ഇടതുപക്ഷ പ്രവർത്തകർ പ്രത്യേകിച്ച് സി.പി.എം പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെയുള്ളവർ തന്നെയാണ് ഇടതുപക്ഷത്തിന് എതിരെ വോട്ട് ചെയ്തിരിക്കുന്നത്. അതല്ലായിരുന്നുവെങ്കിൽ ഇതുപോലൊരു പടുതോൽവി അവർക്ക് നേരിടേണ്ടി വരില്ലായിരുന്നു. കാരണം, ഏത് രാഷ്ട്രീയ കാലാവസ്ഥയിലും ജയിക്കാൻ പറ്റുമായിരുന്ന 55 -60 മണ്ഡലങ്ങൾ കേരളത്തിൽ ഇടതുപക്ഷത്തിനുണ്ട്. എന്നിട്ടും തോറ്റെങ്കിൽ, അത് പാർട്ടിയെയും സർക്കാരിനെയും പാർട്ടി വോട്ടർമാർ തന്നെ തിരുത്തിയത് കൊണ്ടാണ്. അതിന് അവരെ പ്രേരിപ്പിച്ചിരിക്കുന്നതിൻ പല ഘടകങ്ങളുണ്ട്. മുഖ്യമന്ത്രിക്ക് മാത്രമല്ല, പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും ഈ തോൽവിയിൽ വലിയ പങ്കുണ്ട്. അതെന്തായാലും പറയാതിരിക്കാൻ കഴിയുകയില്ല.

ഈ തിരിച്ചടി മുഖ്യമന്ത്രി പിണറായിയുടെ നിലപാടിനോടുള്ള ജനവികാരം കൂടിയാണ്. ധിക്കാരപരമായ പെരുമാറ്റം, ധാർഷ്ട്യം എന്നിവ പൊതുസമൂഹത്തിൽ പ്രകടിപ്പിച്ച ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഏറ്റവും ഒടുവിൽ മുഖ്യമന്തിയോട് ഒരു ചോദ്യം ചോദിക്കാൻശ്രമിച്ച ആളോട്, ‘അത് വീട്ടിൽ പോയി ചോദിച്ചാൽ മതി എന്നാണ് ‘ മുഖ്യമന്ത്രി പറഞ്ഞത്. ഇങ്ങനെയൊന്നും ഒരു മുഖ്യമന്ത്രി പെരുമാറാൻ പാടില്ല. ഇതൊക്കെ ദൃശ്യമാധ്യമങ്ങളുടെയും സോഷ്യൽ മീഡിയകളുടെയും പുതിയ കാലത്ത് ജനങ്ങളെ വല്ലാതെ സ്വാധിനിച്ചിട്ടുണ്ട്. ഇങ്ങനെ ഒരാളെ ഇനിയും മുഖ്യമന്ത്രിയാക്കണമോ എന്ന് ജനങ്ങൾ ചിന്തിച്ചിട്ടുണ്ടെങ്കിൽ, അവരെ എന്തായാലും കുറ്റം പറയാൻ പറ്റില്ലല്ലോ ?

വെള്ളാപ്പള്ളിയും ഇടതുപക്ഷത്തിൻ്റെ ഈ തോൽവിയിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വിദ്വേഷ പ്രസംഗം നടത്തുന്ന വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറിൽ കയറ്റി കൊണ്ടു പോയപ്പോൾ, ന്യൂനപക്ഷ വോട്ടികളാണ് ഇടതുപക്ഷത്ത് നിന്നും ഒലിച്ച് പോയിരിക്കുന്നത്. വെള്ളാപ്പള്ളിയെയും ജി സുകുമാരൻ നായരെയും ഒപ്പം കൂട്ടിയാൽ, ഈഴവ- നായർ വോട്ടുകൾ ലഭിക്കുമെന്ന കണക്ക് കൂട്ടലും തെറ്റിയിട്ടുണ്ട്. ഈ സമുദായ സംഘടനാ നേതാക്കൾക്ക് ഒന്നും തന്നെ അവരുടെ സ്വന്തം സമുദായത്തിൽ പോലും സ്വാധീനമില്ലെന്നത് സി.പി.എമ്മും , മുഖ്യമന്ത്രിയും തിരിച്ചറിയണമായിരുന്നു.

രണ്ടാം പിണറായി സർക്കാറിൻ്റെ ആരംഭം തന്നെ പിഴച്ചു എന്ന് പറയുന്നതാകും കൂടുതൽ ശരി. മന്ത്രിമാരെ തിരഞ്ഞെടുത്തതിൽ മാത്രമല്ല, സ്വന്തം പൊളിറ്റിക്കൽ സെക്രട്ടറിയെ തിരഞ്ഞെടുത്തതിൽ പോലും വലിയ വീഴ്ച പിണറായി വിജയന് പറ്റിയിട്ടുണ്ട്. സ്ത്രീ വിഷയത്തിൽപ്പെട്ട് മുൻപ് പാർട്ടിയിൽ നിന്നും പുറത്താക്കിയ പി ശശിയെ തന്നെ തിരഞ്ഞ് പിടിച്ച് പൊളിറ്റിക്കൽ സെക്രട്ടറി ആക്കിയത് വലിയ പരാജയം മാത്രമല്ല, വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്വന്തം അഭിഭാഷക ഓഫീസ് നിലനിർത്തി കൊണ്ടാണ് പി ശശി മുഖ്യമന്ത്രി പിണറായി വിജയൻ്റെ പൊളിറ്റിക്കൽ സെക്രട്ടറി ആയി എത്തിയിരുന്നത്. കൊച്ചി പനമ്പള്ളി നഗറിലെ അദ്ദേഹത്തിൻ്റെ ഓഫീസിൽ വച്ച് നടന്ന ഇടപെടലുകളും സെറ്റിൽമെൻ്റുകളും എല്ലാം ഇനി എന്തായാലും പുറത്ത് വരാതിരിക്കില്ല. സിപിഎം നേതാക്കൾക്ക് പോലും ആക്സസ് ഇല്ലാത്ത രൂപത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ മാറ്റിയതിൽ പൊളിറ്റിക്കൽ സെക്രട്ടറിക്ക് എന്തായാലും വലിയ പങ്കാണ് ഉണ്ടായിരുന്നത്. സ്വന്തം താല്പര്യപ്രകാരം പി ശശി നടത്തിയ പൊലീസ് ഭരണമാണ് യഥാർത്ഥത്തിൽ ഈ സർക്കാറിന് എതിരെ ജനരോഷവും സിപിഎം പ്രവർത്തകരുടെ രോഷവും വിളിച്ചു വരുത്താൻ കാരണമായിരുന്നത്.

മുഖ്യമന്ത്രി പിണറായിയുടെ മാത്രമല്ല, മന്ത്രിസഭയിലെ മറ്റ് നിരവധി സിപിഎം മന്ത്രിമാരുടെയും പെരുമാറ്റവും ദാർഷ്ട്യവും, ഈ വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട് എന്നതാണ് സത്യം. അവരൊക്കെ തോറ്റതിനാൽ, അവരുടെ പേരുകൾ എന്തായാലും തൽക്കാലം ഇപ്പോൾ പറയുന്നില്ല. എന്തിനേറെ വീണ ജോർജ് വരെ ഇടതുപക്ഷത്തിന് വലിയ ദോഷം ചെയ്തിട്ടുണ്ട്.
മറ്റൊരു കാര്യം, ഒന്നാം പിണറായി സർക്കാരിൽ മന്ത്രി ആയിരിക്കെ സ്ത്രീ വിഷയത്തിൽപ്പെട്ട് മാറ്റി നിർത്തപ്പെട്ടിരുന്ന എകെ ശശീന്ദ്രനെ വീണ്ടും രണ്ടാം പിണറായി സർക്കാരിൽ മന്ത്രി ആക്കിയതും തെറ്റായ ഒരു നടപടി ആയിരുന്നു. ഇടതുപക്ഷ സർക്കാറിൽ നിന്നും ജനങ്ങളും പാർട്ടി പ്രവർത്തകരും ഒരിക്കലും ആഗ്രഹിക്കാത്ത നടപടികളാണ് ഇതെല്ലാം. സിപിഎം കോട്ടയായ എലത്തൂരിൽ നിന്നും, എൻസിപി നേതാവായ എ കെ ശശീന്ദ്രനെ ഇപ്പോൾ തോൽപ്പിച്ചതും സിപി എം പ്രവർത്തകർ തന്നെയാണ്. ഒരു യുഡിഎഫ് തരംഗത്തിലും ജയിക്കാൻ പറ്റുന്ന മണ്ഡലമല്ല എലത്തൂർ. 38,000-ൽ അധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ എകെ ശശീന്ദ്രൻ ഇവിടെ നിന്നും വിജയിച്ചിരുന്നത്. സിപിഎം സ്ഥാനാർത്ഥി ആണ് മത്സരിച്ചതെങ്കിൽ ഈ ഭൂരിപക്ഷം അരലക്ഷം കവിയുമായിരുന്നു. അതു കൊണ്ടാണ് തോൽപ്പിച്ചതാണ് എന്ന കാര്യം ഉറപ്പാകുന്നത്.

കൂറ്റൻ ഭൂരിപക്ഷത്തിന് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച സിപിഎമ്മിൻ്റെ ചെങ്കോട്ടകൾ പപ്പടം പൊടിയും പോലെ പൊടിഞ്ഞത്, സി.പി.എം വോട്ടർമാർ മാറി ചിന്തിച്ചത് കൊണ്ടല്ല, അവരെ കൊണ്ട് മാറി ചിന്തിക്കാൻ നിർബന്ധിതമാക്കിയത് കൊണ്ടാണ്. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ ഇടതുപക്ഷത്തിൻ്റെ പരാജയം അതിൻ്റെ ഒന്നാന്തരം ഉദാഹരണമാണ്. വിജയിച്ച സിപിഎം സ്ഥാനാർത്ഥികൾ പോലും വളരെ ചെറിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചത് എന്നത് തിരിച്ചറിയുമ്പോഴാണ്, സി.പി.എമ്മും ഇടതുപക്ഷവും ഏറ്റുവാങ്ങിയ തിരിച്ചടിയുടെ ആഴം നമുക്ക് മനസ്സിലാകുക. ചുവപ്പ് കോട്ടയായ കണ്ണൂരിനെ ഇനി അങ്ങനെ വിശേഷിപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് ഉള്ളത്.

സി.പി.എം നേതാക്കൾ ജനങ്ങളോട് പറഞ്ഞ രാഷ്ട്രീയം വിലപ്പോവാതിരുന്നത്, സർക്കാർ വിരുദ്ധ വികാരം വലിയ രൂപത്തിൽ ആളിക്കത്തിയതു കൊണ്ടാണ്. ജനങ്ങളിൽ നല്ലൊരു വിഭാഗം വില്ലനായി കാണുന്ന പിണറായി വിജയൻ്റെ ഫ്ലക്സുകൾ, സംസ്ഥാനത്ത് വ്യാപകമായി സ്ഥാപിച്ചതും, പിണറായിയെ മുൻ നിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടതും സി.പി.എം അനുഭാവികൾക്ക് പോലും രസിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

സി.പി.എം വിട്ട പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണനും, തളിപറമ്പിലെ ടി കെ ഗോവിന്ദനും, അമ്പലപ്പുഴയിലെ ജി സുധാകരനും ഉയർത്തിയ വാദങ്ങൾ, ആ മണ്ഡലങ്ങളിലെ സിപിഎം വോട്ടർമാരെ മാത്രമല്ല, സംസ്ഥാനത്തെ ഇടതുപക്ഷ വോട്ട് ബാങ്കിനെ തന്നെ ആകെ ബാധിച്ചു എന്നതിൻ്റെ നേർചിത്രമാണ് ഈ തിരഞ്ഞെടുപ്പ് ഫലം.

Leave a Reply

Your email address will not be published. Required fields are marked *