ഭീകരതയ്‌ക്കെതിരായ പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരുമെന്ന ഉറച്ച പ്രഖ്യാപനവുമായി ഇന്ത്യൻ പ്രതിരോധ സേനകൾ. ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കര, വ്യോമ, നാവിക സേനകൾ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജ്യത്തിന്റെ സുരക്ഷാ കരുത്ത് സേനാ മേധാവികൾ വ്യക്തമാക്കിയത്. പഹൽഗാമിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരമർപ്പിച്ചാണ് വാർത്താസമ്മേളനം ആരംഭിച്ചത്. മുൻ ഡിജിഎംഒ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായി, മുൻ ഡിഡിഎഒ എയർ മാർഷൽ അവധേഷ് കുമാർ ഭാരതി, ഡിജിഎൻഒ വൈസ് അഡ്മിറൽ എഎൻ പ്രമോദ്, ലെഫ്റ്റനന്റ് ജനറൽ സുബിൻ മിനിവാൾ എന്നിവരാണ് സംയുക്ത പ്രസ്താവന നടത്തിയത്.
വിവിധ സേനാ വിഭാഗങ്ങളെ ഏകോപിപ്പിച്ചു നടത്തിയ ഓപ്പറേഷൻ സിന്ദൂർ സംയോജനത്തിന്റെ മികച്ച ഉദാഹരണമാണെന്ന് സേന വിലയിരുത്തി. അതിർത്തി കടന്നുള്ള ഭീകരകേന്ദ്രങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ വരുത്താൻ ഈ ഓപ്പറേഷനിലൂടെ സാധിച്ചു. പാക് അധിനിവേശ കശ്മീരിലും പാകിസ്ഥാനിലുമായി കരസേന ഏഴ് ഭീകര കേന്ദ്രങ്ങളും വ്യോമസേന രണ്ട് പ്രധാന കേന്ദ്രങ്ങളും തകർത്തു. ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകാൻ സാധിച്ചതിനൊപ്പം കേന്ദ്ര സർക്കാരിൽ നിന്ന് ഇതിനായി പൂർണ്ണമായ പിന്തുണ ലഭിച്ചതായും അവർ ചൂണ്ടിക്കാട്ടി.ആത്മനിർഭർ ഭാരത്’ എന്ന നയം പ്രതിരോധ മേഖലയെ സ്വയം നവീകരിക്കാൻ സഹായിച്ചുവെന്നും ലക്ഷ്യങ്ങൾ പൂർണ്ണമായും കൈവരിച്ചാണ് ഈ ദൗത്യം പൂർത്തിയാക്കിയതെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭീകരതയ്ക്കെതിരായ പോരാട്ടം ഇനിയും തുടരുമെന്ന് സൈന്യം ആവർത്തിച്ചു. സൈന്യത്തിന്റെ ധീരതയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഭിനന്ദിച്ചിരുന്നു. വാർഷികത്തോടനുബന്ധിച്ച് അതിർത്തി പ്രദേശങ്ങളിൽ സൈന്യം കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.
