തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിനായി 118 എം.എൽ.എമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് ഹാജരാക്കാൻ ടി.വി.കെ നേതാവ് വിജയിനോട് ഗവർണർ രാജേന്ദ്ര അർലേക്കർ നിർദ്ദേശിച്ചു. സർക്കാർ രൂപീകരണത്തിന് അനുമതി തേടി രണ്ടാം വട്ടവും ഗവർണറെ കണ്ട വിജയിനോട്, പിന്തുണയ്ക്കുന്ന അംഗങ്ങൾ ഒപ്പിട്ട രേഖകൾ നിർബന്ധമായും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാഴാഴ്ച നടന്ന ആദ്യ കൂടിക്കാഴ്ചയിലും പിന്തുണ വ്യക്തമാക്കുന്ന രേഖാമൂലമുള്ള കത്ത് ഹാജരാക്കാൻ വിജയിന് സാധിച്ചിരുന്നില്ല. തുടർന്ന് ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തിയെങ്കിലും കൃത്യമായ പട്ടിക നൽകാൻ കഴിയാത്തതോടെയാണ് ഗവർണർ നിലപാട് കടുപ്പിച്ചത്. രണ്ട് ഇടതുപക്ഷ പാർട്ടികളുടേയും രണ്ട് പ്രാദേശിക പാർട്ടികളുടേയും പിന്തുണ തങ്ങൾക്കുണ്ടെന്നും നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നേരിടാൻ തയ്യാറാണെന്നും വിജയ് ഗവർണറെ അറിയിച്ചിട്ടുണ്ട്.സർക്കാർ രൂപീകരണത്തിന് ക്ഷണിക്കുന്നതിന് മുൻപുതന്നെ ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ട ഗവർണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാൻ ടി.വി.കെ ഒരുങ്ങുന്നതായാണ് സൂചന. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‌വിയുമായി വിജയ് ഇതുസംബന്ധിച്ച് നിയമോപദേശം തേടിയതായി റിപ്പോർട്ടുകളുണ്ട്.
കേവല ഭൂരിപക്ഷത്തിന് ആവശ്യമായ അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ കഴിയാത്തത് വിജയിന്റെ സത്യപ്രതിജ്ഞ വൈകിപ്പിക്കുകയാണ്. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ് എന്നീ പാർട്ടികൾ ഇതുവരെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങൾ തമിഴ്‌നാട്ടിൽ ഏറെ നിർണ്ണായകമാകും.
