നിയമസഭാകക്ഷിയോഗത്തിൽ ഒറ്റവരി പ്രമേയം പാസാക്കി കോൺഗ്രസ്

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂർണ്ണ ചുമതല കോൺഗ്രസ് ഹൈക്കമാൻഡിന് വിട്ടു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാനുള്ള ഒറ്റവരി പ്രമേയം കോൺഗ്രസ് നിയമസഭാകക്ഷിയോഗം ഐക്യകണ്ഠേന പാസാക്കി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് പ്രമേയം അവതരിപ്പിച്ചത്. നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രമേയത്തെ പിന്താങ്ങി. എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്‌നിക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ഇതോടെ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാനുള്ള ഔദ്യോഗിക അധികാരം ഹൈക്കമാൻഡിൽ നിക്ഷിപ്തമായി.

യോഗത്തിന് ശേഷം നിരീക്ഷകർ ഓരോ എംഎൽഎമാരെയും വ്യക്തിപരമായി കണ്ട് അഭിപ്രായം തേടുകയാണ്. മണ്ഡലത്തിലെ തിരക്കുകൾ കാരണം പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനാണ് നിരീക്ഷകരുമായി ആദ്യം കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകുമെന്ന് വട്ടിയൂർക്കാവ് എംഎൽഎ കെ. മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിരീക്ഷകർക്കൊപ്പം എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ദീപാ ദാസ് മുൻഷിയെ ഒഴിവാക്കണമെന്ന് വി.ഡി. സതീശൻ ക്യാമ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാതെ, ദീപയെ കൂടി ഉൾപ്പെടുത്തിയാണ് ഹൈക്കമാൻഡ് മുന്നോട്ട് പോകുന്നത്. നിരീക്ഷകർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനമായിരിക്കും കേരളത്തിന്റെ അടുത്ത ഭരണത്തലവനെ നിശ്ചയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *