പിണറായി വിജയനെ മഹാബലിയോട് ഉപമിച്ച് ജി.എസ്. പ്രദീപ്. കേരളത്തിന് അറിവും അന്നവും വികസനവും സമ്മാനിച്ച ഭരണാധികാരിയായിരുന്നു പിണറായി വിജയനെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പിണറായി വിജയനെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ മഹാബലിയോടാണ് പ്രദീപ് ഉപമിച്ചത്.
വികസനത്തിന്റെ പുതിയ പാതകൾ തുറന്ന ഭരണാധികാരിക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. പാലം, പാത, വീട്, വിദ്യാഭ്യാസം തുടങ്ങി സമഗ്രമായ വികസനം കേരളത്തിന് സമ്മാനിച്ച പത്തു വർഷങ്ങളാണ് പിണറായി വിജയൻ ഭരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളി എന്ന അഭിമാനത്തോടെ ശിരസ്സ് ഉയർത്തിപ്പിടിക്കാൻ ഈ ദശകം സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതാവിന് നന്ദിപൂർവ്വം അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
