ഓൺലൈൻ ഷോപ്പിംഗ് കൂടുതൽ ലളിതവും വ്യക്തിഗതവുമാക്കാൻ ലക്ഷ്യമിട്ട് പുത്തൻ കൃത്രിമ ബുദ്ധി ഫീച്ചറായ ‘അലക്‌സ ഫോർ ഷോപ്പിംഗ്’ അവതരിപ്പിച്ച് ആമസോൺ. നിലവിലുണ്ടായിരുന്ന ‘റൂഫസ്’, ‘അലക്‌സ പ്ലസ്’ എന്നീ സംവിധാനങ്ങളുടെ ശേഷികൾ സമന്വയിപ്പിച്ചാണ് ഈ സ്മാർട്ട് അസിസ്റ്റന്റിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ അമേരിക്കയിലെ ഉപയോക്താക്കൾക്കാണ് ഈ സേവനം ലഭ്യമായിട്ടുള്ളത്.
ഉപഭോക്താക്കൾക്ക് സ്വാഭാവികമായി സംസാരിക്കുന്ന രീതിയിൽ തന്നെ സംശയങ്ങൾ ചോദിക്കാം. ലാപ്ടോപ്പുകളുടെ താരതമ്യം മുതൽ പഴയ ഓർഡറുകളുടെ വിവരങ്ങൾ വരെ അലക്‌സ വേഗത്തിൽ നൽകും. ഉപയോക്താക്കളുടെ മുൻഗണനകളും ഷോപ്പിംഗ് ഹിസ്റ്ററിയും വിശകലനം ചെയ്ത് അവർക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾ ശുപാർശ ചെയ്യാൻ ഈ എഐയ്ക്ക് സാധിക്കും. ആവർത്തിച്ച് വാങ്ങുന്ന സാധനങ്ങൾ സ്വയം കാർട്ടിൽ ചേർക്കാനും, വില കുറയുമ്പോൾ അറിയിപ്പുകൾ നൽകാനും, ‘ബൈ ഫോർ മി’ ഫീച്ചർ വഴി പേയ്മെന്റ് പൂർത്തിയാക്കി ഓർഡർ ചെയ്യാനും ഈ സംവിധാനം സഹായിക്കുന്നു.
