ഇറാനിൽ 87 ദിവസത്തെ ബ്ലാക്ക്ഔട്ടിന് വിരാമം;

റാനിൽ മാസങ്ങളായി നിലനിന്നിരുന്ന സമ്പൂർണ്ണ ഇന്റർനെറ്റ് വിലക്ക് നീങ്ങുന്നു. രാജ്യത്ത് ആഗോള ഇന്റർനെറ്റ് സേവനങ്ങൾ അടിയന്തരമായി പുനഃസ്ഥാപിക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ വാർത്താവിനിമയ മന്ത്രാലയത്തിന് നിർദ്ദേശം നൽകി. അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക ആക്രമണങ്ങളെത്തുടർന്ന് രാജ്യം കടുത്ത ഡിജിറ്റൽ ഉപരോധത്തിലായി കൃത്യം 87-ാം ദിവസമാണ് വിലക്ക് പിൻവലിക്കാനുള്ള നിർണായക തീരുമാനം പുറത്തുവരുന്നത്. ഇറാനിയൻ മാധ്യമങ്ങളാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വാർത്ത പുറത്തുവിട്ടത്.

വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫിന്റെ അധ്യക്ഷതയിൽ ചേർന്ന സുപ്രീം കൗൺസിൽ ഓഫ് സൈബർ സ്പേസ് യോഗത്തിലാണ് ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നീക്കാനുള്ള ശുപാർശ ഉയർന്നത്. തുടർന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയൻ ഇതിന് അന്തിമ അംഗീകാരം നൽകുകയായിരുന്നു. കൗൺസിലിലെ ഭൂരിഭാഗം അംഗങ്ങളും അനുകൂലമായി വോട്ട് ചെയ്തതോടെയാണ് മൂന്ന് മാസത്തോളമായി തുടരുന്ന കടുത്ത ഡിജിറ്റൽ ബ്ലാക്ക്ഔട്ടിന് അയവ് വരുന്നത്. എന്നാൽ, ആഗോള വെബ് ശൃംഖലയുമായി രാജ്യം എന്നിൽ നിന്നും എങ്ങനെ പൂർണ്ണമായി ബന്ധിപ്പിക്കപ്പെടും എന്നതിനെക്കുറിച്ചുള്ള വ്യക്തമായ സമയക്രമം സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.കഴിഞ്ഞ ജനുവരി 8-ന് രാജ്യത്തുണ്ടായ ശക്തമായ സർക്കാർ വിരുദ്ധ ജനകീയ പ്രക്ഷോഭങ്ങളെത്തുടർന്നാണ് ഇറാൻ ഭരണകൂടം ആദ്യമായി ഇന്റർനെറ്റിന് പൂട്ടിട്ടത്. ഫെബ്രുവരിയിൽ സ്ഥിതിഗതികൾ സാധാരണ നിലയിലായെങ്കിലും, ഫെബ്രുവരി 28-ന് ഇറാന് നേരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി വ്യോമാക്രമണം ആരംഭിച്ചതോടെ രാജ്യം വീണ്ടും സമ്പൂർണ്ണ ബ്ലാക്ക്ഔട്ടിലേക്ക് നീങ്ങി. ഇന്റർനെറ്റ് നിരീക്ഷണ ഏജൻസിയായ ‘നെറ്റ്ബ്ലോക്സ്’ നൽകുന്ന വിവരമനുസരിച്ച്, ആധുനിക ഇന്റർനെറ്റ് ചരിത്രത്തിൽ ഒരു രാജ്യം നേരിട്ട ഏറ്റവും ദൈർഘ്യമേറിയതും കഠിനവുമായ ഇന്റർനെറ്റ് വിച്ഛേദനമായിരുന്നു ഇത്. കനത്ത തുക നൽകി വാങ്ങുന്ന വിപിഎൻ സംവിധാനങ്ങൾ വഴി മാത്രമാണ് ചുരുക്കം ചില പൗരന്മാർക്ക് ഇത്രയും നാൾ പുറംലോകവുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നത്.

ദീർഘകാലം നീണ്ടുനിന്ന ഈ ഡിജിറ്റൽ വിലക്ക് സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ഒരുപോലെ തകിടം മറിച്ചു. വിദേശത്ത് കഴിയുന്ന കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനോ, സൈനിക ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ അടിയന്തര സുരക്ഷാ വിവരങ്ങൾ അറിയാനോ ജനങ്ങൾക്ക് സാധിച്ചിരുന്നില്ല. കൂടാതെ, ഇന്റർനെറ്റിനെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ചെറുകിട ബിസിനസ്സ് സ്ഥാപനങ്ങളും ഇ-കൊമേഴ്‌സ് മേഖലയും പൂർണ്ണമായി തകർന്നു. വിദ്യാലയങ്ങൾക്കായി ഇറാൻ സ്വന്തമായി വികസിപ്പിച്ചെടുത്ത ആഭ്യന്തര ഇൻട്രാനെറ്റ് സംവിധാനം വഴിയാണ് നിലവിൽ ഓൺലൈൻ ക്ലാസുകൾ നടന്നുപോരുന്നത്. ഇന്റർനെറ്റ് പുനഃസ്ഥാപിക്കാനുള്ള പ്രസിഡന്റിന്റെ ഉത്തരവിനെ ജനങ്ങൾ വലിയ ആശ്വാസത്തോടെയാണ് കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *