വിവാദങ്ങളെ തുടർന്ന് നടപടി നേരിട്ട ഐഎഎസ് ഉദ്യോഗസ്ഥരായ എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. പ്രശാന്ത് രണ്ട് വർഷമായി സസ്പെൻഷനിലാണ്. ബി അശോക് സസ്പെൻഷനിലായിട്ട് ഒന്നരമാസമായി. സസ്പെൻഷൻ കാലാവധി നീങ്ങിയതോടെ ഇരുവരും ഉടൻ തന്നെ സർവീസിലേക്ക് തിരിച്ചെത്തും. ഇരുവരുടെയും പുതിയ തസ്തികകൾ സംബന്ധിച്ച് സർക്കാർ ഉടൻ തന്നെ തീരുമാനമെടുക്കും.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി വിമർശിച്ചതിന്റെ പേരിലാണ് 2024 നവംബർ 11-ന് പ്രശാന്ത് സസ്പെൻഷനിലാകുന്നത്. തുടർന്ന് പ്രശാന്തിന്റെ സസ്പെൻഷൻ കാലാവധി പല ഘട്ടങ്ങളിലായി സർക്കാർ നീട്ടിക്കൊണ്ടുപോയി. മേയ് 4-ന് അവസാനിക്കേണ്ടിയിരുന്ന സസ്പെൻഷൻ കാലാവധി, പിണറായി വിജയൻ രാജിവയ്ക്കുന്നതിന് തൊട്ടുമുൻപ് ഒൻപതാം തവണയും നീട്ടുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ ലോട്ടറി വിൽപനയെക്കുറിച്ച് അനുമതിയില്ലാതെ ഒരു ഇംഗ്ലീഷ് പത്രത്തിൽ ലേഖനമെഴുതി എന്നതായിരുന്നു ഏറ്റവും ഒടുവിലെ നടപടിക്ക് ആധാരം.സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെയാണ് ഏപ്രിലിൽ ബി. അശോക് സസ്പെൻഷനിലാകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളിൽ പിണറായി വിജയനെയും സർക്കാരിന്റെ പ്രവർത്തനങ്ങളെയും നയങ്ങളെയും വിമർശിച്ച് സംസാരിച്ചതിനായിരുന്നു നടപടി. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സർവീസ് ചട്ടങ്ങൾ (ചട്ടം 7(2)) ലംഘിച്ച് മാധ്യമങ്ങളോടും സമൂഹമാധ്യമങ്ങളിലും പ്രതികരിക്കുകയും സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കുകയും ചെയ്തു എന്ന കുറ്റമാണ് ഇദ്ദേഹത്തിന് മേൽ ചുമത്തിയത്.
ചീഫ് സെക്രട്ടറിക്കെതിരെ രംഗത്തുവന്ന എൻ. പ്രശാന്തിനെയും മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ കെ. ഗോപാലകൃഷ്ണനെയും ഒരേ ദിവസമാണ് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നത്. കേരളത്തിന്റെ സിവിൽ സർവീസ് ചരിത്രത്തിൽ ഒരേ ദിവസം രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലാവുന്നത് ആദ്യ സംഭവമായിരുന്നു. പിന്നീട് ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ സർക്കാർ പിൻവലിച്ചെങ്കിലും പ്രശാന്തിനെതിരെയുള്ള നടപടി തുടരുകയായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇപ്പോൾ ഇരുവർക്കുമെതിരെയുള്ള നടപടി പിൻവലിച്ചിരിക്കുന്നത്.
