നെടുമങ്ങാട് പനവൂരിൽ ഒന്നരവയസ്സുകാരൻ അർഷിതിന്റെ മരണം രണ്ടാനച്ഛന്റെയും അമ്മയുടെയും അതിക്രൂരമായ പീഡനങ്ങളെത്തുടർന്നാണെന്ന് പോലീസ് റിപ്പോർട്ട്. രണ്ടാനച്ഛൻ അഷ്കറും അമ്മ അഖിലയും ചേർന്ന് കഴിഞ്ഞ ഒരു മാസമായി കുഞ്ഞിനെ നിരന്തരമായി ഉപദ്രവിച്ചിരുന്നതായി ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യംചെയ്യലിൽ വ്യക്തമായി. അഖിലയുടെ ആദ്യവിവാഹത്തിലെ കുഞ്ഞ് തനിക്ക് ഭാവിയിൽ ബാധ്യതയാകുമെന്ന് കരുതിയാണ് കുഞ്ഞിനെ വകവരുത്തിയതെന്ന് അഷ്കർ പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൂരമർദനത്തിന് ഇരയായ കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ ശരീരത്തിൽ നിരവധി മുറിവുകളും വാരിയെല്ലുകൾക്ക് പൊട്ടലുമുള്ളതായി കണ്ടെത്തിയിരുന്നു. ഒരു മാസത്തിനിടെ നാൽപ്പതിലധികം തവണയാണ് പ്രതികൾ കുഞ്ഞിനെ ക്രൂരമായി മർദിച്ചതും ആഹാരം നൽകാതെ പട്ടിണിക്കിട്ടതും. രണ്ടാഴ്ച മുൻപ് അർഷിതിന്റെ രണ്ടു കൈകളും അഷ്കർ അടിച്ചൊടിച്ചിരുന്നു. കുഞ്ഞ് നിർത്താതെ കരഞ്ഞതിനെ തുടർന്ന് എട്ടു ദിവസത്തിന് ശേഷമാണ് ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ച് കൈകളിൽ പ്ലാസ്റ്ററിട്ടത്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തിലടക്കം പൊള്ളലേൽപ്പിച്ചതായും പ്രതികൾ ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. അടിയേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടും ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിച്ചില്ലെന്ന ഗുരുതരമായ വീഴ്ചയും ഇതിനിടയിലുണ്ടായി.
ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തിൽ താൻ നൃത്തപരിപാടികളുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നുമാണ് അമ്മ അഖില വാദിച്ചത്. എന്നാൽ ഇരുവരെയും പ്രത്യേകം ഇരുത്തി വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതകത്തിലുള്ള തന്റെ പങ്കും അഖില സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ ആദ്യഭർത്താവിന്റെ കുടുംബത്തിന് കൈമാറാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ദാരുണ കൊലപാതകം നടന്നത്. കേസിൽ വാടകവീട്ടിൽ ഇവർക്കൊപ്പം താമസിച്ചിരുന്ന അഷ്കറിന്റെ അമ്മയ്ക്കും സഹോദരിക്കുമുള്ള പങ്കിനെക്കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. നെടുമങ്ങാട് ഡിവൈ.എസ്.പി. ബൈജുകുമാറിന്റെ നേതൃത്വത്തിലാണ് നിലവിൽ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
