റെഡ് ബറ്റാലിയൻ’ ചാറ്റുകൾ ലീക്കായി!

നമ്മൾ സാധാരണ പറയാറില്ലേ, "സർക്കാർ ജോലി കിട്ടിയാൽ പിന്നെ ലൈഫ് സെറ്റാണ്, വേറെ ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ട" എന്നൊക്കെ. കൃത്യസമയത്ത് ശമ്പളം അക്കൗണ്ടിൽ വരും, പെൻഷൻ ഉണ്ട്, സമൂഹത്തിൽ മാന്യതയുണ്ട്. അതുകൊണ്ട് തന്നെയാണല്ലോ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ രാത്രിയും പകലും ഇരുന്ന് പി.എസ്.സി പരീക്ഷയ്ക്ക് വേണ്ടി പഠിക്കുന്നത്. എന്നാൽ, നമ്മൾ സാധാരണക്കാർ കൊടുക്കുന്ന നികുതിപ്പണം കൊണ്ട് ലക്ഷങ്ങൾ ശമ്പളം വാങ്ങിയിട്ട്, ആ ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികളെയും പ്രതിപക്ഷ നേതാക്കളെയും ഒക്കെ ഇരുട്ടിന്റെ മറവിൽ ഇരുന്ന് സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കാനും തെറിവിളിക്കാനും ക്വട്ടേഷൻ എടുക്കാനും കുറച്ചുപേർ ഇറങ്ങിയാൽ എന്താകും അവസ്ഥ?

​കേൾക്കുമ്പോൾ തന്നെ ഒരു അന്തംവിട്ട അവസ്ഥ തോന്നുന്നില്ലേ? സംഭവം സത്യമാണ്. കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ഭരണസിരാകേന്ദ്രങ്ങളെ മുഴുവൻ പിടിച്ചുകുലുക്കുന്ന വലിയൊരു വിവാദമാണ് പുകഞ്ഞുകൊണ്ടിരിക്കുന്നത്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ഈ പുതിയ ഗവൺമെന്റിന്റെ കാലത്ത്, കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവും എം.എൽ.എയുമായ സന്ദീപ് വാര്യർ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി ഒരു രഹസ്യ കത്ത് കൈമാറിയിരിക്കുകയാണ്. ആ കത്തിന്റെ ഉള്ളടക്കവും അതിനൊപ്പം നൽകിയ ഡിജിറ്റൽ തെളിവുകളും പുറത്തുവന്നതോടെ നമ്മുടെ സെക്രട്ടേറിയറ്റിലും പി.ആർ.ഡി (PRD) വകുപ്പിലും ഒക്കെ വലിയൊരു ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നത്.
ശരിക്കും എന്താണ് ഈ കത്തിലുള്ളത് , കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലം ഒന്ന് ഓർത്തുനോക്കൂ. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള, ആസൂത്രിതമായ സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. ‘നുണേശൻ’ എന്നൊക്കെ വിളിച്ച് ട്രോളുകളും പോസ്റ്റുകളും ഉണ്ടാക്കി, അദ്ദേഹത്തെ വലിയ തോതിൽ വ്യക്തിഹത്യ ചെയ്യാനും അപകീർത്തിപ്പെടുത്താനും ഒക്കെ ചില പ്രത്യേക ഗ്രൂപ്പുകൾ ഫേസ്ബുക്കിലും വാട്സാപ്പിലും ഒക്കെ സജീവമായിരുന്നു. അന്ന് നമ്മളൊക്കെ വിചാരിച്ചത് ഇതെന്തോ രാഷ്ട്രീയ പാർട്ടികളുടെ സാധാരണ സൈബർ വിംഗുകൾ ചെയ്യുന്ന പണിയാണെന്നാണ്. എന്നാൽ ഇപ്പോഴാണ് ഇതിന്റെ പിന്നിലെ യഥാർത്ഥ ‘ബിഗ് പിക്ചർ’ പുറത്തുവരുന്നത്.
​മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസും ഭരണകേന്ദ്രങ്ങളും ഒക്കെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന, സി.പി.എം അനുഭാവമുള്ള ചില ഉന്നത സർക്കാർ ഉദ്യോഗസ്ഥരാണ് ഈ നീക്കങ്ങൾക്ക് പിന്നിൽ, എന്നാണ് സന്ദീപ് വാര്യർ തെളിവ് സഹിതം പുറത്തുവിട്ടിരിക്കുന്നത്. അതായത്, നമ്മൾ സാധാരണക്കാർ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം നികുതിയായി കൊടുക്കുന്നു, ആ പണം വാങ്ങി എ.കെ.ജി സെന്ററിലെ പാർട്ടി ജീവനക്കാരെപ്പോലെ ചില സർക്കാർ ഉദ്യോഗസ്ഥർ ഓഫീസിൽ ഇരുന്ന് പണിയെടുക്കുന്നു!
​നമുക്കറിയാം, ഒരു സർക്കാർ ജീവനക്കാരനായാൽ പാലിക്കേണ്ട ചില കൃത്യമായ പെരുമാറ്റച്ചട്ടങ്ങൾ ഉണ്ട്. നമ്മൾ അതിനെ ‘ഗവൺമെന്റ് സെർവന്റ്സ് കണ്ടക്ട് റൂൾസ്’ ) എന്ന് പറയും. സജീവ രാഷ്ട്രീയ പ്രചാരണങ്ങളിൽ ഭാഗമാകാനോ, രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി പി.ആർ വർക്ക് ചെയ്യാനോ, ജനപ്രതിനിധികൾക്കെതിരെ സൈബർ ആക്രമണം നടത്താനോ ഒന്നും ഇവർക്ക് നിയമപരമായി ഒട്ടും അനുമതിയില്ല.
നിയമം കാത്തുസൂക്ഷിക്കേണ്ടവരാണ് ഇവർ. പക്ഷേ, ഇതൊക്കെ കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഇത്രയും കാലം ഈകൂട്ടർ സോഷ്യൽ മീഡിയയിൽ അഴിഞ്ഞാടിയത്. എ.കെ.ജി സെന്ററിലെ സി.പി.എം സോഷ്യൽ മീഡിയ വിങ്ങുമായി ഈ ഉദ്യോഗസ്ഥർ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നതിന്റെ വ്യക്തമായ സൂചനകളും ലിങ്കുകളും ഇപ്പോൾ അന്വേഷണ സംഘത്തിന് കിട്ടിക്കഴിഞ്ഞു എന്നാണ് അറിയുന്നത്.

ഇനി ഇതിലെ ഏറ്റവും കൗതുകകരവും രസകരവുമായ ഒരു വശം പറയാം. ഈ അധിക്ഷേപങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കും മുന്നണിയിൽ നിന്ന് നേതൃത്വം നൽകി എന്ന് ശക്തമായി സംശയിക്കുന്ന ഒരു വ്യക്തിയുണ്ട് – ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലെ ഒരു അസിസ്റ്റന്റ് എഡിറ്റർ. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം വരുന്നുണ്ടെന്ന് മുൻകൂട്ടി മനസ്സിലാക്കിക്കൊണ്ട് സി.പി.എം കേന്ദ്രങ്ങൾ ഒരു രാഷ്ട്രീയ കളി കളിച്ചു. ഇയാളെ സസ്പെൻഷനിൽ നിന്നൊക്കെ താൽക്കാലികമായി രക്ഷിച്ചെടുക്കാൻ വേണ്ടി, അടുത്തിടെ ഒരു സി.പി.എം ,MLA യുടെ പേഴ്സണൽ അസിസ്റ്റന്റ് ആയി ഭരണസ്വാധീനം ഉപയോഗിച്ച് സ്ഥലം മാറ്റുക വരെ ചെയ്തു!
മുൻ ഇടത് ഗവൺമെന്റിന്റെ കാലത്ത് പി.ആർ.ഡിയിൽ നിന്നും വർക്ക് അറേഞ്ച്മെന്റ് വ്യവസ്ഥയിലാണ് ഈ ജീവനക്കാരൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ സജീവമായി പ്രവർത്തിച്ചിരുന്നത്. അതായത്, പാർട്ടി തണലിൽ ഇങ്ങനെയുള്ളവർക്ക് എവിടെയും സംരക്ഷണം കിട്ടുമെന്ന ഒരു അഹങ്കാരം ഉണ്ടായിരുന്നു.
​ഇപ്പോൾ സന്ദീപ് വാര്യർ ,മുഖ്യമന്ത്രി വി.ഡി. സതീശന് നേരിട്ട് നൽകിയ ഔദ്യോഗിക പരാതിയിൽ കൃത്യമായി ഒരു പേര് എടുത്ത് പറയുന്നുണ്ട്. മുൻപ് ഒരു ഇടത് അനുകൂല ചാനലിലെ റിപ്പോർട്ടർ കൂടിയായിരുന്ന എസ്. ജീവൻ കുമാർ എന്ന സർക്കാർ ജീവനക്കാരനെതിരെ കടുത്ത മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
​വെറുതെ ഒരു ആരോപണം ഉന്നയിക്കുക മാത്രമല്ല സന്ദീപ് വാര്യർ ചെയ്തത്. പ്രമുഖ സി.പി.എം നേതാക്കളും സൈബർ പോരാളികളും ഒക്കെ ഉൾപ്പെട്ട ‘റെഡ് ബറ്റാലിയൻ’ എന്നൊരു വിവാദ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ട്. ആ ഗ്രൂപ്പിൽ വി.ഡി. സതീശനെ വ്യക്തിഹത്യ നടത്താൻ ലക്ഷ്യമിട്ട് ഈ പറയുന്ന ഉദ്യോഗസ്ഥൻ പോസ്റ്റ് ചെയ്ത സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും ഡിജിറ്റൽ തെളിവുകളും എല്ലാം പരാതിയോടൊപ്പം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഈ ഗ്രൂപ്പിൽ നടന്ന ചർച്ചകളും കൈമാറിയ സന്ദേശങ്ങളും ഒക്കെ കണ്ടാൽ ഏതൊരു ജനാധിപത്യ വിശ്വാസിയും ശരിക്കും ഞെട്ടിപ്പോകും. നിയമം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥർ തന്നെ നിയമം കയ്യിലെടുത്ത് രാഷ്ട്രീയ യജമാനന്മാർക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്.

ഈ തെളിവുകൾ പുറത്തുവന്നതോടെ കാര്യങ്ങൾ കൈവിട്ടുപോയി എന്ന് സി.പി.എം കേന്ദ്രങ്ങൾക്കും മനസ്സിലായിട്ടുണ്ട്. കാരണം, ഇത് വെറുമൊരു രാഷ്ട്രീയ ചെളിവാരിയേറല്ല, കൃത്യമായ തെളിവുകളോടെയുള്ള സർവീസ് ചട്ട ലംഘനമാണ്. എന്തായാലും മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് ഇപ്പോൾ വളരെ കർശനമായ നിലപാടിലാണ്. ജനങ്ങളുടെ ചെലവിൽ സുഖമായി ജീവിച്ചിട്ട്, ഭരണഘടന അനുശാസിക്കുന്ന പദവികളിൽ ഇരിക്കുന്ന ജനപ്രതിനിധികളെ തെരുവിൽ അപമാനിക്കുന്ന ഇത്തരം ക്രിമിനൽ മനോഭാവമുള്ള ഉദ്യോഗസ്ഥരെ ഇനി വെച്ചുപൊറുപ്പിക്കില്ല എന്ന് തന്നെയാണ് ഗവൺമെന്റിന്റെ തീരുമാനം. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അടിയന്തരവും ശക്തവുമായ അന്വേഷണത്തിന് ഇപ്പോൾ ഉത്തരവിട്ടിരിക്കുകയാണ്.
​വരും ദിവസങ്ങളിൽ കൂടുതൽ ഇടത് അനുകൂല ജീവനക്കാരിലേക്ക് ഈ അന്വേഷണം നീളുമെന്നാണ് സെക്രട്ടേറിയറ്റ് വൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്ന സൂചനകൾ. സർവീസ് ചട്ടങ്ങൾ കാറ്റിൽ പറത്തി സോഷ്യൽ മീഡിയയിൽ ഒളിച്ചിരുന്ന് രാഷ്ട്രീയ ക്വട്ടേഷൻ നടത്തുന്ന എല്ലാവരെയും വരും ദിവസങ്ങളിൽ പൊക്കാൻ തന്നെയാണ് തീരുമാനം.ഇനി എന്തായാലും വരും, ദിവസങ്ങളിൽ ഈ അന്വേഷണം കേരള രാഷ്ട്രീയത്തിലും ഭരണസിരാകേന്ദ്രങ്ങളിലും വലിയൊരു കൊടുങ്കാറ്റ് തന്നെ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

      ഒന്നാലോചിച്ചു നോക്കൂ... ഇതിന്റെ ഗൗരവം നമ്മൾ കാണാതെ പോകരുത്. നമുക്കറിയാം, നമ്മുടെ നാട്ടിൽ ഓരോ പൗരനും രാഷ്ട്രീയ സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രീയം കളിക്കാനും തങ്ങളുടെ പാർട്ടിക്ക് വേണ്ടി വാദിക്കാനും ഒക്കെ എല്ലാവർക്കും അവകാശമുണ്ട്. അതിൽ ആരും എതിരല്ല. നിങ്ങൾക്ക് അത്രയ്ക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താൻ ആഗ്രഹമുണ്ടെങ്കിൽ, ആ സർക്കാർ ജോലി അങ്ങ് രാജിവെച്ച് പച്ചയ്ക്ക് രാഷ്ട്രീയത്തിൽ ഇറങ്ങണം. ജനങ്ങൾ അതിനെ ബഹുമാനിക്കും. പക്ഷേ, ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് ലക്ഷങ്ങൾ ശമ്പളവും വാങ്ങി, എയർകണ്ടീഷണർ മുറിയിലിരുന്ന്, ഭരണഘടന അനുശാസിക്കുന്ന പദവികളിൽ ഇരിക്കുന്ന വ്യക്തികളെ വ്യക്തിഹത്യ ചെയ്യാൻ ഒരു പ്രത്യേക പാർട്ടിക്ക് വേണ്ടി സൈബർ ക്വട്ടേഷൻ എടുക്കുന്നത് ജനാധിപത്യ സംവിധാനത്തെ തന്നെ മലിനമാക്കുന്ന കാര്യമാണ്.

​ഇങ്ങനെയുള്ള ആളുകൾ സർവീസിൽ തുടരുന്നത് സിസ്റ്റത്തോടുള്ള വെല്ലുവിളിയാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി സതീശൻ ഇതിനെതിരെ എടുത്തിരിക്കുന്ന കർശനമായ നിലപാട് സ്വാഗതാർഹമാണ്. ഈ അന്വേഷണം വെറുമൊരു പേരിന് മാത്രമുള്ളതാകരുത്. ഇതിന് പിന്നിൽ പ്രവർത്തിച്ച, ഇനിയും വെളിച്ചത്തു വരാത്ത അണിയറ ശില്പികളെക്കൂടി പുറത്തുകൊണ്ടുവരേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *