നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിലും രാജ്യത്തുടനീളവും വിദ്യാർത്ഥികൾ നടത്തിവരുന്ന പ്രതിഷേധങ്ങൾ പുതിയ വഴിതിരിവിലേക്ക്. സമരം ശക്തമായി തുടരുന്നതിനിടയിൽ, സമരത്തിൽ നിന്ന് പിന്മാറി വിദ്യാർത്ഥികൾ വീട്ടിലേക്ക് മടങ്ങണമെന്ന് അഭ്യർത്ഥിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ രംഗത്തെത്തി. പേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സർക്കാർ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയ താരം, നീരാഹാര സമരം നടത്തുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനോട് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും, വേണമെങ്കിൽ വീട്ടിൽ നിന്ന് ഭക്ഷണം അയച്ചുനൽകാം എന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
നേരത്തെ ജന്തർമന്തറിൽ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളെ ശക്തമായി അപലപിച്ച സൽമാൻ ഖാൻ, വിദ്യാർത്ഥികളുടെ ഈ സമാധാനപരമായ പ്രക്ഷോഭത്തെയും മാറ്റത്തിനായുള്ള അവരുടെ ഇച്ഛാശക്തിയെയും പ്രശംസിച്ചിരുന്നു. എന്നാൽ ഈ വിഷയം രാഷ്ട്രീയവൽക്കരിക്കപ്പെടരുതെന്നും, വിദ്യാർത്ഥികളും വിദ്യാഭ്യാസ വ്യവസ്ഥയും തമ്മിലുള്ള പ്രശ്നമായി മാത്രമെ ഇത് കാണാവൂ എന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഇടപെടലിൽ വിശ്വാസമർപ്പിച്ച് വിദ്യാർത്ഥികൾ തങ്ങളുടെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങണമെന്നാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്.മറുഭാഗത്ത്, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും, പരീക്ഷാ തിരിമറികൾക്കെതിരെയും കോക്രോച്ച് ജനത പാർട്ടി നേതൃത്വത്തിൽ ഡൽഹിയിലും മുംബൈ ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങളിലും പ്രതിഷേധങ്ങൾ വലിയ രീതിയിൽ കത്തിപ്പടരുകയാണ്. സെലിബ്രിറ്റികളുടെ ഇടപെടലുകൾ കൂടിയാകുമ്പോൾ ദേശീയതലത്തിൽ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞ ഈ വിദ്യാർത്ഥി പ്രക്ഷോഭം വരും ദിവസങ്ങളിൽ എങ്ങനെയൊക്കെ വഴിമാറുമെന്നാണ് രാഷ്ട്രീയ കേരളവും രാജ്യവും ഉറ്റുനോക്കുന്നത്.
