നടി ലക്ഷ്മി പ്രിയയും അൻസിബ ഹസനും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ ലക്ഷ്മി പ്രിയ, അൻസിബക്കെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് പ്രഖ്യാപിച്ചു. തന്നെയും കുടുംബത്തെയും അധിക്ഷേപിച്ചതിന് നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
താൻ ഫാമിലെ പണികളിലും സിനിമാ തിരക്കുകളിലുമായിരുന്നെന്നും, അടിസ്ഥാനമില്ലാത്ത വിഷയത്തിൽ മനഃസമാധാനം കളയാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. രണ്ട് മിനിറ്റ് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമാണ് അൻസിബ വഷളാക്കിയത്. സ്റ്റേഷനിൽ വെച്ച് 25 മിനിറ്റ് മാത്രമാണ് താൻ ഉണ്ടായിരുന്നത്. ഇത് ഡിജിറ്റൽ രേഖകൾ പ്രകാരം തെളിയിക്കാവുന്നതാണ്. ആരോപിക്കപ്പെടുന്നത് പോലെ മൂന്ന് മണിക്കൂർ നീണ്ട ഹരാസ്‌മെന്റ് അവിടെ നടന്നിട്ടില്ലെന്നും അവർ ആവർത്തിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ വ്യക്തിഹത്യ ചെയ്യാനും, അവരുടെ സർവീസ് റെക്കോർഡിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനും അൻസിബ ശ്രമിച്ചു. മുഖ്യമന്ത്രി, ഡിജിപി, മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് താൻ ക്ഷമ ചോദിക്കുന്നതായും ലക്ഷ്മി പ്രിയ പറഞ്ഞു. തന്റെ അന്തസ്സിനെയും ആത്മാഭിമാനത്തെയും, ഒടുവിൽ പത്തു വയസ്സുള്ള മകളെപ്പോലും അധിക്ഷേപിച്ചാണ് അൻസിബ വ്യാജ പ്രചാരണങ്ങൾ നടത്തിയത്.
“സത്യം അറിയാതെ എനിക്കെതിരെ വ്യാജ തലക്കെട്ടുകൾ നൽകി യൂട്യൂബ് വീഡിയോസും റിയാക്ഷൻ വീഡിയോസും ചെയ്ത് അരി വാങ്ങിയവരും കരുതി ഇരുന്നോളൂ,” എന്നാണ് ലക്ഷ്മി പ്രിയയുടെ മുന്നറിയിപ്പ്. തനിക്കെതിരെയുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിച്ച ചാനലുകൾക്കെതിരെയും നിയമനടപടി സ്വീകരിക്കും.
