മെട്രോ രണ്ടാംഘട്ടം 2027 ഓഗസ്റ്റിൽ ഓടിത്തുടങ്ങും? 

കൊച്ചി നഗരത്തിന്റെ യാത്രാചരിത്രത്തിൽ പുതിയ അധ്യായമെഴുതാൻ പോകുന്ന കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ നിർമാണം അതിവേഗ ഘട്ടത്തിലേക്ക്. 2027 ജൂണോടെ പാതയുടെ നിർമാണപ്രവർത്തനങ്ങൾ പൂർണ്ണമായും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് കമ്മീഷനിങ് നടപടികൾ വേഗത്തിലാക്കി 2027 ഓഗസ്റ്റിൽ തന്നെ പൊതുജനങ്ങൾക്കായി സർവീസ് ആരംഭിക്കാൻ സാധിക്കുമെന്ന് കെ.എം.ആർ.എൽ. ഔദ്യോഗികമായി അറിയിച്ചു. നിലവിൽ പ്രതിദിനം 25 മുതൽ 30 മീറ്റർ വരെ പാത നിർമാണം പൂർത്തിയാക്കുന്നുണ്ട്. വരാനിരിക്കുന്ന കാലവർഷം കഴിഞ്ഞ് കാലാവസ്ഥ അനുകൂലമാകുന്നതോടെ നിർമാണവേഗത പ്രതിദിനം 55 മീറ്ററായി വർദ്ധിപ്പിക്കാനാണ് അധികൃതരുടെ പ്ലാൻ.

ചുരുങ്ങിയ കാലയളവിനുള്ളിൽ സമാനതകളില്ലാത്ത പുരോഗതിയാണ് പദ്ധതി കൈവരിച്ചിരിക്കുന്നത്. മെട്രോ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പൈലിങ്, പൈൽ ക്യാപ് നിർമ്മാണം ഉൾപ്പെടെയുള്ള എല്ലാ ഫൗണ്ടേഷൻ ജോലികളും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. പാതയ്ക്കായുള്ള പൈലിങ് ജോലികളുടെ 85 ശതമാനവും പൂർത്തിയായപ്പോൾ, യു-ഗർഡറുകളും ഐ-ഗർഡറുകളും ഉൾപ്പെടുന്ന ഏകദേശം 3.5 കിലോമീറ്റർ സൂപ്പർസ്ട്രക്ചർ സ്ഥാപിച്ച് ട്രാക്ക് ഒരുക്കാനുള്ള തയ്യാറെടുപ്പുകളും സജ്ജമായിട്ടുണ്ട്. വിദേശ ധനസഹായത്തിനുള്ള അനുമതികൾ ലഭിക്കാൻ ഒന്നര വർഷത്തോളം വൈകിയെങ്കിലും, ആ സമയമത്രയും ഡിസൈൻ പ്രവർത്തനങ്ങളുമായി കെ.എം.ആർ.എൽ. മുന്നോട്ടുപോയതാണ് ഇപ്പോൾ നിർമാണം വേഗത്തിലാക്കാൻ തുണയായത്.

നിരവധി എൻജിനീയറിങ് വെല്ലുവിളികളും പ്രതിബന്ധങ്ങളും മറികടന്നാണ് മെട്രോ പാത യാഥാർത്ഥ്യമാകുന്നത്. പൈപ്പ് ലൈൻ ജങ്ഷൻ മുതൽ പടമുകൾ വരെയുള്ള ഭാഗത്ത് ഉണ്ടായിരുന്ന ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസ് പൈപ്പ് ലൈൻ വൻ പ്രതിസന്ധിയായിരുന്നു. എന്നാൽ കഴിഞ്ഞ ജനുവരി ഒന്നോടെ ഇത് വിജയകരമായി മാറ്റിസ്ഥാപിച്ച ശേഷമാണ് ഈ ഭാഗത്തെ തൂൺ നിർമാണം വേഗത്തിലാക്കിയത്. ഇതുകൂടാതെ വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പുകളും കെ.എസ്.ഇ.ബി.യുടെ ഉയർന്ന ശേഷിയുള്ള പവർ ലൈനുകളും മാറ്റിസ്ഥാപിക്കുന്ന ജോലികളും അവസാന ഘട്ടത്തിലാണ്. ജെ.എൽ.എൻ സ്റ്റേഡിയം മുതൽ പാലാരിവട്ടം വരെയുള്ള ഭാഗത്തെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കോടതി കേസുകളും തർക്കങ്ങളും പരിഹരിച്ച് ഇപ്പോൾ പൈലിങ് ജോലികൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *