പ്രധാനമന്ത്രിക്ക് പ്രശംസാപ്രവാഹവുമായി ലോകനേതാക്കൾ

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽഏറ്റവും കൂടുതൽ കാലം തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന ചരിത്രനേട്ടം സ്വന്തമാക്കി നരേന്ദ്ര മോദി . രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെയാണ് അദ്ദേഹം മറികടന്നത്. ട്രംപ് മുതൽ ബെഞ്ചമിൻ നെതന്യാഹു വരെയുള്ള ആഗോള നേതാക്കളുടെ വലിയൊരു അഭിനന്ദന പ്രവാഹമാണ് രാജ്യത്തേക്ക് ഒഴുകിയെത്തുന്നത്.

2014 മെയ് 26-ന് സത്യപ്രതിജ്ഞ ചെയ്ത മോദി, ജൂൺ 10ബുധനാഴ്ച 4,399 ദിവസങ്ങൾ പൂർത്തിയാക്കിയാണ് ഈ നാഴികക്കല്ല് പിന്നിട്ടത് (1952-1964 കാലത്ത് നെഹ്‌റു അധികാരത്തിലിരുന്നത് 4,398 ദിവസം). ‘ശക്തനും ആരോഗ്യവാനും ജ്ഞാനിയുമായ മികച്ച വ്യക്തി’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ട്രംപ്, ട്രൂത്ത് സോഷ്യലിലൂടെ തന്റെ സുഹൃത്തിന് നിരവധി വർഷത്തെ വിജയങ്ങൾ ആശംസിച്ചു. ഇന്ത്യ-അമേരിക്ക തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ദൃഢമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി എക്‌സിലൂടെ മറുപടിയും നൽകി. ഇന്ത്യയെ മോദി മാറ്റിമറിച്ചുവെന്നും, ഇസ്രയേലുമായുള്ള ബന്ധം ശക്തമാക്കിയെന്നും അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ‘ഇന്ത്യൻ പ്രധാനമന്ത്രിമാരിലെ വിശിഷ്ട വ്യക്തി’ എന്നാണ് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് ഈ നേട്ടത്തെ വിശേഷിപ്പിച്ചത്. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, ജോർജിയ മെലോണി, ഫ്രെഡറിക് മെർസ്, ഋഷി സുനക്, മാർക്ക് കാർണി എന്നിവർക്കും പുറമെ മാലദ്വീപ്, ദക്ഷിണ കൊറിയ, മലേഷ്യ, ഭൂട്ടാൻ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളും ആശംസകളറിയിച്ചു. ഇന്ത്യൻ വോട്ടർമാരുടെ വിശ്വാസത്തിന്റെ പ്രതിഫലനമാണിതെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ കുറിച്ചപ്പോൾ, സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച രാഷ്ട്രതന്ത്രജ്ഞൻ എന്നാണ് സ്കോട്ട് മോറിസൺ മോദിയെ വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *