ഒടുവിൽ സതീശന് അർഹതയ്ക്കുള്ള അംഗീകാരം ;സുധീരൻ

വീറും വാശിയും നാടകീയ നീക്കങ്ങളും നിറഞ്ഞ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കേരളത്തിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിരഞ്ഞെടുക്കപ്പെട്ടു. ഗ്രൂപ്പ് സമവാക്യങ്ങളും ഹൈക്കമാൻഡ് തലപ്പത്തെ ചർച്ചകളും വഴിമാറിയപ്പോൾ, അർഹതയ്ക്കുള്ള അംഗീകാരമെന്നോണം സതീശൻ ഭരണത്തലപ്പത്തേക്ക് എത്തുകയാണ്. കെ.എസ്.യു കാലഘട്ടം മുതൽ സജീവ രാഷ്ട്രീയത്തിലുള്ള അദ്ദേഹത്തിന് പലപ്പോഴും അർഹിച്ച പദവികൾ കപ്പിനും ചുണ്ടിനുമിടയിൽ വഴുതിപ്പോയ ചരിത്രമാണുള്ളത്. 2011-ൽ ഉറപ്പിച്ച മന്ത്രിസ്ഥാനം ഉൾപ്പെടെ നഷ്ടമായപ്പോഴും തളരാതെ പോരാടിയ സതീശന്, ഗോഡ്ഫാദർമാരില്ലാത്ത രാഷ്ട്രീയക്കാരൻ എന്ന ലേബലിൽ നിന്നുള്ള ഉജ്ജ്വലമായ തിരിച്ചുവരവ് കൂടിയായി ഈ പദവി.

യു.ഡി.എഫിനെ അധികാരത്തിൽ തിരിച്ചെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രഖ്യാപിച്ചാണ് ഇത്തവണ സതീശൻ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഗ്രൗണ്ട് ലെവലിലെ കൃത്യമായ കണക്കുകൂട്ടലുകളും ആത്മവിശ്വാസവും കൈമുതലാക്കിയ അദ്ദേഹം നടത്തിയ പ്രവചനങ്ങൾ അക്ഷരംപ്രതി ശരിവെക്കുന്നതായിരുന്നു മെയ് നാലിന് പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലം. നൂറിലധികം സീറ്റുകൾ നേടി മുന്നണി വൻ വിജയം കൈവരിച്ചതോടെ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമെന്ന് ഏകദേശം ഉറപ്പിച്ചെങ്കിലും പിന്നീട് ഡൽഹി കേന്ദ്രീകരിച്ചു നടന്ന നീക്കങ്ങൾ രാഷ്ട്രീയ കേരളത്തെ മുൾമുനയിൽ നിർത്തി.രമേശ് ചെന്നിത്തലയുടെയും ദേശീയ രാഷ്ട്രീയത്തിലെ കരുത്തനായ കെ.സി. വേണുഗോപാലിന്റെയും പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുവന്നതോടെ കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമായിരുന്നു. എ.ഐ.സി.സി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും കേരളത്തിലെത്തി എം.എൽ.എമാരുടെ അഭിപ്രായം തേടിയെങ്കിലും ആദ്യഘട്ടത്തിൽ കെ.സി. വേണുഗോപാലിനായിരുന്നു മുൻതൂക്കം. ഇതോടെ സതീശൻ പക്ഷം നിരാശയിലായെങ്കിലും മുസ്ലിം ലീഗിന്റെയും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെയും നിലപാടുകൾ നിർണായകമായി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ഘടകകക്ഷികളുടെ കർക്കശമായ ആവശ്യം ഹൈക്കമാൻഡിന് അവഗണിക്കാനായില്ല.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ ഏറ്റവും നിർണായകമായത് മുതിർന്ന നേതാവ് വി.എം. സുധീരന്റെ നിലപാടാണ്. ജനവികാരം സതീശന് അനുകൂലമാണെന്നും അത് അവഗണിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സുധീരൻ രാഹുൽ ഗാന്ധിയെ നേരിട്ട് ധരിപ്പിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ തുടങ്ങിയ നേതാക്കളും സതീശനായി നിലകൊണ്ടതോടെ ഹൈക്കമാൻഡ് തീരുമാനം മാറ്റുകയായിരുന്നു. തടസ്സങ്ങൾ ഓരോന്നായി നീങ്ങിയപ്പോൾ, കേരളത്തെ നയിക്കാനുള്ള നിയോഗം ഒടുവിൽ വി.ഡി. സതീശനിൽ വന്നുചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *