കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ മണലൂർ മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ കരിമണൽ കമ്പനിയായ സി.എം.ആർ.എൽ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്.എൻ. ശശിധരൻ കർത്ത ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ്. ശശിധരൻ കർത്തയ്‌ക്കെതിരെ വിശദമായ ഇഡി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി സി.സി. ശ്രീകുമാർ കൊച്ചിയിലെ ഇഡി അഡീഷണൽ ഡയറക്ടർക്ക് ഔദ്യോഗികമായി പരാതി നൽകി.
എക്‌സാലോജിക് സൊല്യൂഷൻസുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ നിലവിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന ശശിധരൻ കർത്ത, കോടിക്കണക്കിന് രൂപ ഒഴുക്കി മണലൂരിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം. മണലൂർ മണ്ഡലത്തിൽ വെറും 126 വോട്ടുകളുടെ അത്യന്തം ചെറിയ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചു കയറിയത്. ഈ വിജയി ശശിധരൻ കർത്തയുടെ ഭാര്യയുടെ സഹോദരനാണെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു
തെരഞ്ഞെടുപ്പ് കാലയളവിൽ ശശിധരൻ കർത്ത വിവിധ സാമുദായിക സംഘടനാ കേന്ദ്രങ്ങളിൽ വഴിവിട്ട രീതിയിൽ സ്വാധീനം ചെലുത്താൻ ശ്രമിച്ചു. ചില സാമൂഹിക സംഘടനകളെ പണം നൽകി സ്വാധീനിക്കുന്നതിനും, ആർ.എസ്.എസ് അടക്കമുള്ള സംഘടനകളുടെ പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകളിൽ മാറ്റം വരുത്തുന്നതിനും സാമ്പത്തിക ഇടപെടലുകൾ നടത്തിയെന്ന് പരക്കെ ആരോപണമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ശശിധരൻ കർത്തയും ഇദ്ദേഹവുമായി ബന്ധപ്പെട്ടവരും നടത്തിയ മുഴുവൻ സാമ്പത്തിക ഇടപാടുകളും ഇഡി അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് സി.സി. ശ്രീകുമാർ ആവശ്യപ്പെട്ടു. സി.എം.ആർ.എൽ കേസുമായി ബന്ധപ്പെട്ട് നിലവിൽ ഉയർന്നുവരുന്ന കള്ളപ്പണ ഇടപാടുകളുടെ പശ്ചാത്തലത്തിൽ, മണലൂർ തെരഞ്ഞെടുപ്പിൽ നടന്നതായി ആരോപിക്കപ്പെടുന്ന വൻ ധനവിനിയോഗങ്ങളും കർത്തയുടെയും കൂട്ടരുടെയും ഫോൺ കോൾ വിവരങ്ങളും അടിയന്തരമായി പരിശോധിക്കണമെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
