വർഷങ്ങളായി നിലനിന്നിരുന്ന സ്വത്തുതർക്കത്തിൽ കോടതിവിധി അനുകൂലമായതിന് തൊട്ടുപിന്നാലെ, 82-കാരനായ പിതാവിനെ മകൻ നടുറോഡിലിട്ട് ക്രൂരമായി കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. ജലവിഭവ വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ ജാഫർ ഖമറുദ്ദീൻ സയ്യിദ് പട്ടേലാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ മകൻ അബ്ദുൾ റഹ്മാൻ അബ്ദുൾ ജാഫറിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ജാഫർ പട്ടേലിന്റെ മകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തങ്ങളുടെ വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി കഴിഞ്ഞ രണ്ടര വർഷത്തിലേറെയായി പിതാവും മകനും തമ്മിൽ നിയമപോരാട്ടം നടന്നു വരികയായിരുന്നു. മെഡിക്കൽ റെപ്രസെന്റേറ്റീവ് ആയി ജോലി ചെയ്യുന്ന അബ്ദുൾ റഹ്മാൻ സ്ഥിരമായി വീട്ടിൽ വഴക്കുണ്ടാക്കുകയും കുടുംബാംഗങ്ങളെ ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. മകന്റെ ശല്യം സഹിക്കവയ്യാതെയാണ് ജാഫർ പട്ടേൽ വീടിന്റെ അവകാശം തിരികെ ലഭിക്കുന്നതിനായി കോടതിയെ സമീപിച്ചത്. മകന്റെ ഉപദ്രവം അസഹനീയമായതിനെത്തുടർന്ന് സ്വന്തം വീടുവിട്ട് പൂണെയിലുള്ള മകളുടെ വീട്ടിലായിരുന്നു ഇദ്ദേഹം ഒടുവിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് കേസിൽ കോടതി ജാഫർ പട്ടേലിന് അനുകൂലമായി വിധി പ്രസ്താവിച്ചത്. വീടിന്റെ ഉടമസ്ഥാവകാശം വൃദ്ധനായ പിതാവിന് തിരികെ നൽകാനും, മകനെ വീട്ടിൽ നിന്ന് ഉടൻ പുറത്താക്കാനും കോടതി ഉത്തരവിട്ടു. തുടർന്ന് ഈ കോടതി ഉത്തരവിന്റെ പകർപ്പും വാങ്ങി മകൾക്കൊപ്പം ഓട്ടോറിക്ഷയിൽ മടങ്ങുകയായിരുന്ന ജാഫർ പട്ടേലിനെ പ്രകോപിതനായ മകൻ വഴിയിൽ വെച്ച് ആക്രമിക്കുകയായിരുന്നു.
സിനിമകളെപ്പോലും വെല്ലുന്ന രീതിയിൽ നടുറോഡിൽ ഓട്ടോറിക്ഷ തടഞ്ഞുനിർത്തിയ പ്രതി, യാത്രക്കാർക്കും നാട്ടുകാർക്കും മുന്നിൽ വെച്ച് വൃദ്ധനായ പിതാവിനെ ബലമായി പുറത്തേക്ക് വലിച്ചിറക്കി. കൈയ്യിൽ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് നെഞ്ചിലും വയറിലും തുരുതുരാ കുത്തുകയായിരുന്നു. പിതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കൂടെയുണ്ടായിരുന്ന സഹോദരിക്കും കുത്തേറ്റത്. ചോര വാർന്ന് റോഡിൽ വീണ ജാഫർ പട്ടേൽ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ആളുകൾ നോക്കിനിൽക്കെയായിരുന്നു ഈ ക്രൂരകൃത്യം. വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
