മുംബൈയിൽ കലിതുള്ളി മൺസൂൺ; 

മുംബൈയിലും പരിസരപ്രദേശങ്ങളിലും രാത്രി മുഴുവൻ തുടർന്ന കനത്ത മഴയെത്തുടർന്ന് കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മുംബൈ നഗരം, പ്രാന്തപ്രദേശങ്ങൾ, പാൽഘർ ജില്ല എന്നിവിടങ്ങളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. താനെ ജില്ലയിൽ ഓറഞ്ച് അലേർട്ടും റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ് ജില്ലകളിൽ യെല്ലോ അലേർട്ടും തുടരുന്നു. അതേസമയം, അടുത്ത മൂന്ന് മണിക്കൂറിലേക്ക് മുംബൈ, താനെ, റായ്ഗഡ്, പാൽഘർ, സിന്ധുദുർഗ് എന്നിവിടങ്ങളിലെ റെഡ് അലേർട്ട് ഓറഞ്ച് അലേർട്ടായി പുതുക്കിയിട്ടുണ്ട്.

കഴിഞ്ഞ രാത്രി മുതൽ മുംബൈയിൽ മഴ അതിശക്തമായി തുടരുകയാണെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു. ജൂൺ 23 രാത്രി 8 മണി മുതൽ ജൂൺ 24 രാവിലെ 6 മണി വരെയുള്ള കണക്കുകൾ പ്രകാരം ദ്വീപ് നഗരത്തിൽ 184 മില്ലിമീറ്ററും, പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ 190 മില്ലിമീറ്ററും, കിഴക്കൻ പ്രാന്തപ്രദേശങ്ങളിൽ 154 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്. സാധാരണയായി എത്തേണ്ട സമയത്തേക്കാൾ 13 ദിവസം വൈകി, ചൊവ്വാഴ്ചയാണ് മുംബൈയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ഔദ്യോഗികമായി എത്തിയത്. കടുത്ത ചൂടിന് ശമനം നൽകിയാണ് മൺസൂൺ ശക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *