ബ്രിട്ടനിൽ അതിശക്തമായ ഉഷ്ണതരംഗം തുടരുന്ന പശ്ചാത്തലത്തിൽ, പൊതുജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും ധാരാളം വെള്ളം കുടിച്ച് നിർജലീകരണം ഒഴിവാക്കണമെന്നും ആരോഗ്യ അധികൃതർ കർശന നിർദേശം നൽകി. കുട്ടികൾ, പ്രായമായവർ, രോഗികൾ എന്നിവർക്ക് പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇതിനിടെ, ജൂൺ മാസത്തിലെ ഏറ്റവും ചൂടേറിയ രാത്രിയാണ് രാജ്യത്ത് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പായ മെറ്റ് ഓഫീസ് അറിയിച്ചു. കാർഡിഫിൽ രാത്രി താപനില 23.5 ഡിഗ്രി സെൽഷ്യസിന് താഴെ എത്തിയില്ല. വ്യാഴാഴ്ച താപനില 37 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജൂൺ മാസത്തിലെ താപനില റെക്കോർഡ് വീണ്ടും തകരുമെന്നാണ് മുന്നറിയിപ്പ്. തെക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും റെഡ് എക്സ്ട്രീം ഹീറ്റ് മുന്നറിയിപ്പും മറ്റ് പ്രദേശങ്ങളിൽ ആംബർ മുന്നറിയിപ്പും നിലവിലുണ്ട്.
അതിശക്തമായ ചൂട് ആരോഗ്യപ്രശ്നങ്ങൾക്കും ഗതാഗത തടസ്സങ്ങൾക്കും ഇടയാക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. വെയിൽസിൽ 840-ലധികം സ്കൂളുകൾ പൂർണമായോ ഭാഗികമായോ അടച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിലും നൂറുകണക്കിന് സ്കൂളുകൾ നേരത്തെ അടച്ചിരുന്നു. സുരക്ഷ ഉറപ്പാക്കി കഴിയുന്നിടത്തോളം സ്കൂളുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ ആവശ്യപ്പെട്ടു. ചൂട് മൂലം റെയിൽ പാളങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും സിഗ്നൽ സംവിധാനങ്ങൾ തകരാറിലാകാനും സാധ്യതയുള്ളതിനാൽ നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്. അത്യാവശ്യ യാത്രകൾ മാത്രം നടത്തണമെന്ന് റെയിൽവേ അധികൃതർ അഭ്യർത്ഥച്ചു.ബ്രിട്ടന് പുറമേ ഫ്രാൻസ്, സ്പെയിൻ, ജർമ്മനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളും കടുത്ത ചൂടിൽ വലയുകയാണ്. പാരീസിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലെ താപനില രേഖപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. എല്ലാവരും ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്നാണ് സർക്കാരുകളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും അഭ്യർത്ഥന.
