ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

രീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ‘ഭീകരവാദികൾ’ എന്ന് വിശേഷിപ്പിച്ചതിനെതിരെ അതിരൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. അധികാരത്തിന്റെ ധാർഷ്ട്യത്തിൽ മോദി സർക്കാർ മുങ്ങിത്താഴ്ന്നിരിക്കുകയാണെന്നും, നീതിയും സുരക്ഷിതമായ ഭാവിയും ആവശ്യപ്പെടുന്ന വിദ്യാർത്ഥികളെപ്പോലും ഭീകരവാദികളായി ചിത്രീകരിക്കുന്ന സർക്കാർ നിലപാട് അപലപനീയമാണെന്നും രാഹുൽ എക്സിലൂടെ പ്രതികരിച്ചു.

ചോദ്യപേപ്പർ ചോർച്ചയ്ക്കും ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി ഇരുളിലാക്കിയതിനും ഉത്തരവാദിയായ മന്ത്രി, ദുരിതം അനുഭവിക്കുന്ന വിദ്യാർത്ഥികളെ പരിഹസിക്കുന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യമായ പരീക്ഷാ നടത്തിപ്പിനായി ശബ്ദമുയർത്തുന്നവരെ ഭീകരവാദികളെന്ന് വിളിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ യഥാർത്ഥത്തിൽ വിദ്യാർത്ഥികളെയാണ് അവഹേളിക്കുന്നത്. സ്വന്തം വീഴ്ചകൾ മറച്ചുവെക്കാൻ മന്ത്രി ഇത്തരം പരാമർശങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും രാഹുൽ വ്യക്തമാക്കി.സർക്കാരിനെ ചോദ്യം ചെയ്യുന്നവരെ മോശമായി ചിത്രീകരിക്കുന്നതാണ് ബിജെപിയുടെ പതിവ് രീതിയെന്നും രാഹുൽ ആരോപിച്ചു. നേരത്തെ കർഷകരെയും ചോദ്യങ്ങൾ ഉന്നയിക്കുന്നവരെയും ദേശവിരുദ്ധരെന്ന് മുദ്രകുത്തിയ അതേ പാതയിലാണ് ഇപ്പോൾ യുവാക്കളെയും അവർ കൈകാര്യം ചെയ്യുന്നത്. വിമർശിക്കുന്നവരെ മുഴുവൻ ദേശദ്രോഹികളെന്ന് മുദ്രകുത്തുന്നതാണ് ബിജെപിയുടെ രാഷ്ട്രീയ ശൈലിയെന്നും, ഇവർക്ക് സത്യത്തെ നേരിടാൻ ഭയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തിൽ രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കളോട് മാപ്പുപറയാൻ ധർമേന്ദ്ര പ്രധാൻ തയ്യാറാകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പരീക്ഷാ നടത്തിപ്പിലുണ്ടായ ഗുരുതരമായ പരാജയങ്ങളുടെയും അനാസ്ഥയുടെയും മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ട് മന്ത്രി ഉടൻ രാജിവെക്കണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *