ഒന്നര വർഷം മുൻപ് കേരളത്തെ നടുക്കിയ പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ ഇന്ന് വിധി. പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്തമാരയുടെ വിധി പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് പ്രസ്താവിക്കുന്നത്. 2025 ജനുവരി 27-ന് നടന്ന കൊലപാതകം, നാട്ടുകാരുടെയും പോലീസിന്റെയും ഉറക്കം കെടുത്തിയ വലിയൊരു കുറ്റകൃത്യമായിരുന്നു.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ, വനമേഖലയിൽ രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ പോലീസും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്നാണ് ചെന്തമാര പിടിയിലായത്. 2019-ൽ മറ്റൊരു കൊലപാതക കേസിലെ പ്രതിയായ ചെന്തമാര, 2022-ൽ ജാമ്യത്തിലിറങ്ങിയ ശേഷം ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചിരുന്നത്. സുധാകരനെയും ലക്ഷ്മിയെയും കൊല്ലാൻ ഉപയോഗിച്ച കത്തി എലവഞ്ചേരിയിൽ നിന്ന് വാങ്ങിയതായി തെളിവെടുപ്പിൽ കണ്ടെത്തിയിരുന്നു.
480 പേജുള്ള കുറ്റപത്രമാണ് ഈ കേസിൽ പോലീസ് സമർപ്പിച്ചത്. 132 സാക്ഷികളിൽ 4 പേർ വിചാരണവേളയിൽ കൂറുമാറിയെങ്കിലും, ശാസ്ത്രീയ തെളിവുകൾ കേസിൽ നിർണ്ണായകമായി. ഫൊറൻസിക് പരിശോധനാ ഫലങ്ങൾ ഉൾപ്പെടെ 30-ലധികം രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഫെബ്രുവരി 23 മുതൽ മെയ് 6 വരെ നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് ഇന്ന് വിധി പ്രസ്താവിക്കുന്നത്.
